പ്രേം നസീറിനെ ഓർമ്മിക്കാൻ ഒരിടിവുമില്ല : ലൈലാ നസീർ
കോഴിക്കോട് : മലയാള ചലച്ചിത്ര ലോകത്തെ മഹാനടൻ പ്രേം നസീറിനെ ഓർക്കാൻ ഇന്നും സ്മാരകങ്ങളൊന്നുമില്ലെന്നും സ്മാരകനിര്‍മാണത്തിന് പദ്ധതികളിടുന്നതല്ലാതെ മരിച്ച് 28 വര്‍ഷം തികഞ്ഞിട്ടും ഒന്നും നടക്കുന്നില്ലെന്ന് മകള്‍ ലൈലാ നസീര്‍ പരിഭവം പറയുന്നു.
അദ്ദേഹം നവീകരിച്ചുനല്‍കിയ ചിറയന്‍കീഴ് പ്രേംനസീര്‍ മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാത്രമാണ് നസീർ സ്മരണക്കായി നിലവിലുള്ളത്. മാറിവന്ന സർക്കാരുകളൊക്കെ പല ഉറപ്പുകളും നൽകി. പ്രേം നസീർ ഫൗണ്ടേഷൻ എന്ന പേരിൽ സ്ഥലം കണ്ടെത്താൻ ശ്രമവും നടന്നിരുന്നു ഒന്നും ഫലം കണ്ടില്ല.
സിനിമയിൽ വന്ന കാലം മുതൽ മരിക്കുന്നതുവരെ മലയാള സിനിമയിൽ നിറ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. 725 ചിത്രങ്ങളില്‍ നായകനായി. ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായതിന്റെയും ഒരൊറ്റ നായികയ്‌ക്കൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചതിന്റെയും രണ്ടു ലോക റെക്കോർഡുകൾ സ്വന്തമാക്കി. ഷീലയ്‌ക്കൊപ്പം 130 സിനിമകളിൽ അഭിനയിച്ചു. 80 നായികമാർക്കൊപ്പം നായകനായെന്നത് ദേശീയ റെക്കോഡാണ്. ഇത്രയൊക്കെ ആയിട്ടും അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി സാംസ്ക്കാരിക കേരളം ഒന്നും ചെയ്തിട്ടില്ലെന്ന് മകൾ പറയുന്നു.
പത്മഭൂഷണും പത്മശ്രീയും ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ ഏറ്റു വാങ്ങിയ അദ്ദേഹത്തിന്റെ ഓർമ്മ ചിത്രങ്ങളും പുരസ്‌കാരങ്ങളും പ്രദർശിപ്പിക്കുവാൻ പോലും ഒരിടമില്ല. മകൻ ഷാനവാസാണിപ്പോൾ ഇവയെല്ലാം സംരക്ഷിക്കുന്നത്. പൊതു ജനങ്ങൾക്ക് കാണാനാകും വിധം ഇവയൊക്കെ പ്രദർശിപ്പിക്കാനാണ് കുടുംബത്തിന്റെ ആഗ്രഹം.
യു.ഡി.എഫ്. സർക്കാർ ഒരിക്കൽ തിരുവനന്തപുരത്ത് 5 സെന്റ് സ്ഥലം നസീർ സ്മാരകത്തിനായി അനുവദിച്ചിരുന്നു. പിന്നീട് അത് മറ്റേതോ പദ്ധതിക്കായി മാറ്റിയതായി ബന്ധുവും ഫൗണ്ടേഷൻ രക്ഷാധികാരിയുമായ തലേക്കുന്നിൽ ബഷീർ പറഞ്ഞു. ചിറയൻക്കീഴ് സ്കൂളിനോട് ചേർന്ന് കിടക്കുന്ന സ്ഥലം ഏറ്റെടുക്കാനുള്ള ആലോചന നിലവിലുള്ളതായും അദ്ദേഹം അറിയിച്ചിരുന്നു.
Post Your Comments