Latest NewsNewsBusiness

ജി.എസ്.ടിയുടെ മറവില്‍ തിയറ്ററുകളില്‍ വന്‍ കൊള്ള : റിസര്‍വേഷന്റെ പേരിലും വന്‍ തട്ടിപ്പ്

 

തൃശ്ശൂര്‍: ജി.എസ്.ടി. നടപ്പാക്കിയതോടെ സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് വില കുറയേണ്ടതിന് പകരം കൂടി. കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ മാത്രമാണ് ആനുപാതികമായ കുറവുണ്ടായത്.

കൈരളി, ശ്രീ, നിള, ചിത്രാഞ്ജലി തുടങ്ങിയ തിയേറ്ററുകളില്‍ മുന്തിയ ടിക്കറ്റിന് അഞ്ച് രൂപയും താഴ്ന്ന ടിക്കറ്റിന് മൂന്ന് രൂപയും കുറച്ചു. എന്നാല്‍, സ്വകാര്യ തിയേറ്ററുകളില്‍ നിരക്ക് വര്‍ധിച്ചു.

ജി.എസ്.ടി. വന്നതോടെ തിയേറ്ററുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കിയിരുന്ന നികുതി ഇല്ലാതായി. കോര്‍പ്പറേഷന്‍ പരിധിയില്‍ 25, മുനിസിപ്പാലിറ്റിയില്‍ 20, പഞ്ചായത്തില്‍ 15 എന്നിങ്ങനെയായിരുന്നു വിനോദ നികുതി ശതമാനത്തില്‍ ഈടാക്കിയിരുന്നത്. ഇതിന് പകരമായി 18 ശതമാനം ജി.എസ്.ടി. നടപ്പാക്കി. നൂറു രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റിന് 28 ശതമാനമാണ് ജി.എസ്.ടി.

100 രൂപയുള്ള ടിക്കറ്റിന് ജി.എസ്.ടി. നിയമപ്രകാരം 25 രൂപ വിനോദനികുതി കുറച്ച് 18 രൂപ കൂട്ടുകയാണ് വേണ്ടത്. ഇതോടെ നിരക്കില്‍ ഏഴ് രൂപ കുറയും. എന്നാല്‍, മിക്ക തിയേറ്റര്‍ ഉടമകളും നിലവിലുണ്ടായിരുന്ന ചാര്‍ജിന്മേല്‍ ജി.എസ്.ടി. കൂടി കൂട്ടുകയാണുണ്ടായത്. ഇതിനോടൊപ്പം മെയ്ന്റനന്‍സ് ചാര്‍ജ് കൂടി ഉള്‍പ്പെടുത്തും.

ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ ടിക്കറ്റ് വില നൂറിന് താഴെ പിടിച്ചു നിര്‍ത്താന്‍ താഴ്ന്ന ടിക്കറ്റിന് പ്രവേശന ചാര്‍ജ് 94 രൂപയില്‍ നിലനിര്‍ത്തി. ഇതിനാല്‍ 18 ശതമാനം നികുതി നല്കിയാല്‍ മതി.

റിസര്‍വേഷന്റെ പേരിലും തട്ടിപ്പ് നടത്തുന്നുണ്ട്. റിസര്‍വ് ചെയ്യുന്ന ടിക്കറ്റിന് ജി.എസ്.ടി. ഉള്‍പ്പെടുന്ന ടിക്കറ്റ് വിലയും റിസര്‍വേഷന്‍ ചാര്‍ജും റിസര്‍വേഷന്‍ ചാര്‍ജിന്റെ 18 ശതമാനം ഇന്റഗ്രേറ്റഡ് ജി.എസ്.ടി.യുമാണ് നല്‌കേണ്ടത്. എന്നാല്‍, ടിക്കറ്റില്‍ വില റിസര്‍വേഷന്‍ ചാര്‍ജ് ജി.എസ്.ടി. എന്ന് കാണിച്ച് ജി.എസ്.ടി. ഉള്‍പ്പെടുന്ന ടിക്കറ്റ് വിലയോടൊപ്പം റിസര്‍വേഷന്‍ ചാര്‍ജ് ചേര്‍ത്ത് മൊത്തം തുകയ്ക്ക് വീണ്ടും ജി.എസ്.ടി ഈടാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button