ബെര്‍ക്ലി (യു.എസ്.) പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ വിഭാഗീയരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയും കശ്മീരില്‍ ഭീകരര്‍ക്ക് ഇടമൊരുക്കുകയും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുകയുമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവേയാണ് രാഹുല്‍ മോദിക്കുനേരേ ശബ്ദിച്ചത്.
‘വിദ്വേഷം, രോഷം, കലാപം, ധ്രുവീകരണത്തിന്റെ രാഷ്ട്രീയം എന്നിവ ഇന്ന് ഇന്ത്യയില്‍ തലപൊക്കിക്കൊണ്ടിരിക്കുകയാണ്. പുരോഗമനവാദികളായ മാധ്യമപ്രവര്‍ത്തകര്‍ വെടിവെച്ചുകൊല്ലപ്പെടുന്നു, ദളിതുകളായതിനാല്‍ ആളുകളെ മര്‍ദിക്കുന്നു, ബീഫ് കഴിക്കുന്നെന്ന സംശയത്തില്‍ മുസ്ലിങ്ങളെ കൊല്ലുന്നു. വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യയെ വിഭജിക്കുകയും ധ്രുവീകരിക്കുകയും സ്വന്തം രാജ്യത്തില്‍ ഭാവിയില്ലെന്ന് കരുതാന്‍ ലക്ഷങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് അങ്ങേയറ്റം അപകടമാണ്’ – രാഹുല്‍ പറഞ്ഞു.
നോട്ട് അസാധുവാക്കലും തിടുക്കത്തില്‍ നടപ്പാക്കിയ ചരക്ക്-സേവന നികുതിയും പോലെ വെളിവില്ലാത്തതും അപകടകരവുമായ തീരുമാനങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മോദി വലിയ പരിക്കേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. നോട്ട് അസാധുവാക്കല്‍ സ്വയം ഏല്‍പ്പിച്ച മുറിവാണെന്നും മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ രണ്ടുശതമാനത്തോളം നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
പി.ഡി.പി.യുമായിച്ചേര്‍ന്ന് ജമ്മുകശ്മീരില്‍ സര്‍ക്കാറുണ്ടാക്കിയത് മോദിയുടെ തന്ത്രപരമായ തെറ്റാണെന്ന് രാഹുല്‍ പറഞ്ഞു. കശ്മീരിലെ ചെറുപ്പക്കാരെ രാഷ്ട്രീയപ്രക്രിയയുടെ ഭാഗമാക്കിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിയാണ് പി.ഡി.പി. ബി.ജെ.പി. സഖ്യമുണ്ടാക്കി പി.ഡി.പി.യുടെ പ്രാധാന്യം ഇല്ലാതാക്കി. അന്നുമുതല്‍ കശ്മീരില്‍ ഭീകരര്‍ക്ക് വലിയ ഇടം തുറന്നുകിട്ടിയെന്നും അതിന്റെ ഫലമാണ് അക്രമങ്ങളിലെ വര്‍ധനയെന്നും അദ്ദേഹം പറഞ്ഞു. 30,000 ചെറുപ്പക്കാന്‍ ഓരോ ദിവസവും തൊഴില്‍വിപണിയിലേക്കെത്തുകയാണ്. ഒരു ദിവസം 500 തൊഴിലേ സര്‍ക്കാര്‍ ഉണ്ടാക്കുന്നുള്ളൂവെന്ന് രാഹുല്‍ ആരോപിച്ചു. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് രാഹുല്‍ യു.എസിലെത്തിയത്.
Post Your Comments