ഇന്ന് നമ്മുടെ സമൂഹത്തില്‍ ബാല പീഡനം വര്‍ദ്ധിച്ചുവരുന്നു. കുഞ്ഞുങ്ങളെ ലൈംഗികമായും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ ദിനംപ്രതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തുകൊണ്ടാണിങ്ങനെ? നമ്മുടെ കുട്ടികളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്? കുട്ടികളെ തല്ലിപഠിപ്പിക്കുന്ന പാഠപദ്ധതികള്‍ മാറിക്കഴിഞ്ഞു. എന്നിട്ടോ? സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ഥി മരണം. ഉത്തരക്കടലാസില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുവെന്നു കാട്ടി അധ്യാപിക തല്ലിയ ഒരു വിദ്യാര്‍ത്ഥി ദാരുണമായി മരണപ്പെട്ടു. വിദ്യ അഭ്യസിക്കാന്‍ പോകുന്നവനെ തല്ലിപഠിപ്പിച്ചത്തിലൂടെ അവന് നേടുന്നത് എന്താണ്? ഒരു ഡിഗ്രിക്ക് മാത്രമാണോ വിദ്യാഭ്യാസം? സ്കൂള്‍ വിദ്യാഭ്യാസകാലത്തെ ഇത്തരം രീതികള്‍ മാറേണ്ടിയിരിക്കുന്നു. ഇത് അധ്യാപകരുടെ ചില പ്രശ്നങ്ങള്‍ ആകുമ്പോള്‍ മറ്റുചില പ്രശ്നങ്ങള്‍ ലൈംഗിക അതിക്രമമാണ്.
ഇന്ത്യന്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച മറ്റൊരു സംഭവമാണ് യൂണിഫോമും ബാഗുമായി സ്കൂളിലേയ്ക്കു പുറപ്പെട്ട പിഞ്ചു കുഞ്ഞിനെ സ്വന്തം സ്കൂളിലെ ബസ് ജീവനക്കാര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതും പിന്നീടു കഴുത്തറുത്ത് കൊലപ്പെടുത്തി സ്കൂളിലെ ശുചിമുറിയില്‍ തള്ളിയതും. റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമാന്‍ താക്കുര്‍ എന്ന ഏഴു വയസുകാരന്റെ ദാരുണ കൊലപാതകക്കേസ് പരിഗണിക്കവെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര “ഇതു കേവലം ഒരു സ്കൂളിന്റെയോ കുട്ടിയുടെയോ വിഷയമല്ല. രാജ്യത്തെ മുഴുവന്‍ സ്കൂളുകളുടെയും കുട്ടികളുടെയും അതീവ ഗുരുതരമായ കാര്യമാണ്. അതുകൊണ്ട് ഈ കേസില്‍ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ ഈ കോടതിക്കു വിശദമായ റിപ്പോര്‍ട്ട് തരണം.’’ എന്ന് ആവശ്യപ്പെട്ടു
സ്വന്തം സ്കൂളിലെ ബസ് ജീവനക്കാര്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പിന്നീടു കഴുത്തറുത്ത് കൊലപ്പെടുത്തി സ്കൂളിലെ ശുചിമുറിയില്‍ തള്ളിയെന്നുമാണ് കേസ്. സ്കൂള്‍ ബസിന്റെ ഡ്രൈവറും കണ്ടക്റ്ററും കസ്റ്റഡിയിലാണ്. ഈ കേസ് എത്രയും വേഗം സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് വരുണ്‍ താക്കുര്‍ നല്കിയ പരാതി പരിഗണിക്കുകയായിരുന്നു, ജസ്റ്റിസ്മാരായ ദീപക് മിശ്ര, എ. എം. കമില്ക്കര്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച്.
പ്രദ്യുമാന്റെ കൊലപാതകവാര്ത്തയ്ക്കു തൊട്ടുപിന്നാലെ, മറ്റൊരു പിഞ്ചു കുഞ്ഞിനെ സ്കൂളില്‍ പീഡിപ്പിച്ച വാര്‍ത്തയും പുറത്തു വന്നു. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറിൽ കൃത്യ സമയത്തു ഫീസ് നല്‍കാതിരുന്നതിന് നാലു വയസുള്ള നഴ്സറി വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ ബന്ദിയാക്കി. ഫീസ് നല്കിയിട്ടു വീട്ടില്‍ പോയാല്‍ മതിയെന്നാണ് എട്ടും പൊട്ടും തിരിയാത്ത ഈ നാലു വയസുകാരനോടു സ്കൂള്‍ പ്രിന്‍സിപ്പലും മാനെജരും കല്പിച്ചത്. ക്ലാസ് മുറിയില്‍ കുട്ടി ഭീതിയോടെ കഴിയുമ്പോള്‍, അവന്റെ മാതാപിതാക്കള്‍ മകനെ തിരക്കി അലയുകയായിരുന്നു. ഒടുവില്‍ കുട്ടിയെ തടവിലാക്കിയെന്ന വാര്‍ത്തയറിഞ്ഞ് സ്കൂളിലെത്തിയ കര്‍ഷകനായ പിതാവിനെയും സ്കൂള്‍ അധികൃതര്‍ ആട്ടിയോടിച്ചു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ സ്കൂള്‍ അധികൃതര്‍ വഴങ്ങി. അവര്‍ക്കെതിരേ പൊലീസ് നടപടിയും ആരംഭിച്ചിട്ടുണ്ട്.
ഇത്തരം വാര്‍ത്തകള്‍ക്കു നടുവില്‍ ഞെട്ടിയിരിക്കുന്ന അമ്മമാര്‍ക്ക് മുന്നിലേക്ക് യൂനിഫോം ധരിക്കാതെ സ്കൂളിലെത്തിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ കയറ്റി നിര്‍ത്തി ശിക്ഷിച്ച വാര്‍ത്ത ഹൈദരാബാദില്‍ നിന്നും വന്നത്. ഈ പെണ്‍കുഞ്ഞിനോട് കൊടുംക്രൂരത ചെയ്തത് അവളുടെ ക്ലാസ് ടീച്ചറടക്കമുള്ള സ്ത്രീകളായിരുന്നു എന്നതാണ് ഏറെ ദുഃഖകരം. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുപ്പത്തൊന്നിന് തമിഴ്നാട്ടിലെ പാളയംകോട്ടൈയില്‍ പന്ത്രണ്ടു വയസുള്ള പെണ്‍കുഞ്ഞിനോട് അവളുടെ 26 വയസുള്ള അധ്യാപിക ചെയ്ത പാതകം പരിഗണിക്കുമ്പോള്‍ ഇതെല്ലാം എത്രയോ നിസാരം എന്ന് കരുതാം. ക്ലാസ് മുറിയില്‍ വച്ച് ആര്‍ത്തവ രക്തം വസ്ത്രങ്ങളിലും ബഞ്ചിലും ആയതിന്റെ പേരില്‍ സ്ത്രീകൂടിയായ ഒരു അധ്യാപിക അവളോട് ചെയ്തത് എന്താണ്? നല്ല സുഹൃത്തുക്കള്‍ ആകേണ്ട അധ്യാപകര്‍ ഇങ്ങനെ ആകുന്നതിന്റെ ഫലമാണ് കൂട്ടുകാരുടെ മുന്നില്‍ വച്ച് അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തതില്‍ മനം നൊന്ത പെണ്‍കുട്ടി ടെറസില്‍ നിന്നു താഴേക്കു ചാടി ആത്മഹത്യയില്‍ അഭയം തേടിയത്.
കഴിഞ്ഞ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഭവങ്ങളാണിത്. സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന കേരളത്തിലെ അവസ്ഥ ഇതില്‍ വിഭിന്നമല്ല. അനുസരണ പഠിപ്പിക്കാന്‍ നഴ്സറി കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം മുതല്‍ ദിനംപ്രതി പുറത്തുവരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കൂ. എല്ലായിടത്തും പ്രതികള്‍ സ്കൂള്‍ അധികൃതരോ അധ്യാപകരടക്കമുള്ള ജീവനക്കാരോ ആണ്. ഈ പീഡനങ്ങള്‍ക്ക് ഇരയാകുന്നവരുടെ പ്രായത്തിലുള്ള മക്കള്‍ അടങ്ങുന്ന കുടുംബം ഉള്ളവരാണ് പ്രതികൂട്ടില്‍. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?. നമ്മുടെ വീട്ടില്‍ നമ്മുടെ കുഞ്ഞുങ്ങളോട് ഇങ്ങനെ കാണിക്കുമോ?. ഇവരുടെ വീട്ടില്‍ എങ്ങനെ സ്വന്തം കുഞ്ഞുങ്ങളെ വിശ്വസിപ്പിച്ച് ഏല്‍പ്പിച്ചിട്ട് പുറത്തേയ്ക്ക് പോകും? എങ്ങനെയാണ് ഇവര്‍ക്ക് പിശാചുക്കള്‍ പോലും നാണിക്കുന്നവിധത്തില് ഇത്രയും പൈശാചികര്‍ ആകാന്‍ കഴിയുന്നത്.
കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷ ഒരുക്കുമെന്ന് ഐക്യരാഷ്ട്ര സഭാ സംഘടനയായ യുനിസെഫുമായി കരാര്‍ ഒപ്പിട്ടിട്ടുള്ള രാജ്യമാണ് ഇന്ത്യ. അവിടെയാണ് ഇത്തരം ദുരന്തം ആവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പിന്നിരരാജ്യമാണ് നമ്മുടേത്. ഓരോ വര്‍ഷവും ശരാശരി ഒരു ലക്ഷത്തിലധികം കുട്ടികളെ ഇവിടെ കാണാതാകുന്നു. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം മുതല്‍ കള്ളക്കടത്തിനു വരെ കുട്ടികളെ ഉപയോഗിക്കുന്നു. ഇവരില്‍ നല്ല പങ്കും കൊല്ലപ്പെടുകയോ, ഒരിക്കല്‍പ്പോലും തിരികെ വരാത്ത തരത്തില്‍ തിരോധാനം ചെയ്യപ്പെടുകയോ ആണു പതിവ്. സ്വന്തം വീട്ടിലും സ്കൂളിലുമൊന്നും സുരക്ഷിതരല്ലാത്ത കുഞ്ഞുങ്ങള്‍ക്ക് തെരുവില്‍ എന്തു സംരക്ഷണമാണു ലഭിക്കുക. നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കു പരമപ്രധാന ഊന്നല്‍ നല്കുന്ന അതിശക്തമായ നിയമനിര്‍മാണമാണ് ഇത്തരം വര്‍ത്തമാനകാല സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്. അത് സംഭവിക്കുമെന്ന ശുഭപ്രതീക്ഷയോടെ ഓരോ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവന് കഴുകന്മാര് കൊത്തിപ്പറിക്കാതെ കാക്കണമെന്ന പ്രാത്ഥനയോടെ ഓരോ ദിനവും കഴിയുന്നു.
Post Your Comments