1.തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ മാറ്റം. ശശികലയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി.
ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വി.കെ ശശികലയെ പുറത്താക്കിയ പ്രമേയം പാസാക്കിയത്. സര്‍ക്കാരിനെ മറിച്ചിടുമെന്ന് വെല്ലുവിളി ഉയര്‍ത്തിയ ടി.ടി.വി ദിനകരനെയും അനുയായികളെയും പുറത്താക്കിയിട്ടുണ്ട്. അണ്ണാ ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ അന്തരിച്ച ജയലളിതയോടുളള ആദരസൂചകമായി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനാണ് ജനറല്‍ കൗണ്‍സില്‍ തീരുമാനം. അതേസമയം മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതിയ്ക്ക് പാര്‍ട്ടിയുടെ ചുമതലകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.
2.ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് പുതിയ നിബന്ധന ഏര്‍പ്പെടുത്തുന്നു.
നേരത്തെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലായിരുന്നു ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ പുതിയ നിയമനത്തിന് ചെയ്യുന്നതുപോലെ, സ്‌കൂള്‍ മാനേജരും പ്രിന്‍സിപ്പലും സര്‍ക്കാര്‍ പ്രതിനിധിയുമടങ്ങുന്ന കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനക്കയറ്റം നല്‍കുക. സീനിയര്‍ അധ്യാപക തസ്തികയില്‍ സ്‌കൂളില്‍ കൂടുതല്‍ ബാച്ച് അനുവദിക്കുക, സീനിയര്‍ അധ്യാപകര്‍ വിരമിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഒഴിവുവരിക. ഇത്തരം അവസരങ്ങളില്‍ അധ്യാപകരില്‍നിന്ന് ഏറ്റവും മുതിര്‍ന്ന ജൂനിയര്‍ അധ്യാപകന് സീനിയര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കും. ഒഴിവുവരുന്ന ജൂനിയര്‍ തസ്തികയിലേക്ക് പുതിയ ആളെ നിയമിക്കും. സീനിയോറിറ്റി പ്രകാരം ലഭിക്കേണ്ട സ്ഥാനക്കയറ്റം സ്ഥാനക്കയറ്റത്തിന് അഭിമുഖപരീക്ഷ നിര്‍ബന്ധമാക്കുന്നതോടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
3.സ്ഥിരം യാത്രക്കാർക്ക് വൻ ഇളവുമായി കൊച്ചി മെട്രോ. വൺ കാർഡ് ഉടമകൾക്കും സീസൺ ടിക്കറ്റുകാർക്കും നിരക്കിൽ 40 ശതമാനം ഇളവുനൽകാനാണ് കൊച്ചി മെട്രോയുടെ തീരുമാനം.
മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നതോടെയാണ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് മെട്രോ എത്തിയത്.നിലവിലെ യാത്രക്കാരെ നഷ്ടപ്പെടുത്താതെ പുതിയ യാത്രക്കാരെ ആകർഷിക്കാനുമാണ് ഇത്തരത്തിലൊരു തീരുമാനം.നിലവിൽ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിൽ 40 രൂപയാണ് നിരക്ക്. 40 ശതമാനം കുറവുവരുന്നതോടേ 24 രൂപയായി ഇത് കുറയും. വൺ കാർഡ് ഉടമകൾക്ക് 20 ശതമാനം ഇളവ് നിലവിൽ നൽകുന്നുണ്ട്.അത് 40 ശതമാനമാക്കും കൂടാതെ, കൂട്ടത്തോടെ യാത്രചെയ്യുന്നവർക്ക് ഗ്രൂപ്പ് പാസ് നൽകാനുള്ള പദ്ധതിയും കെ.എം.ആർ.എൽ. ആവിഷ്ക്കരിക്കുന്നുണ്ട്.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിയ്ക്കൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി സംയുക്ത റോഡ് ഷോ നടത്തുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കൊപ്പമാണ് നരേന്ദ്ര മോദിയുടെ റോഡ് ഷോ.
2.കോണ്‍ഗ്രസിന്റെ ട്രോള്‍ ആക്രമണത്തെ നേരിടാന്‍ പരിശീലന കളരിയുമായി ബി.ജെ.പി നേതാക്കള്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയ നീക്കം
3.ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ 165 കോടി രൂപ വില വരുന്ന സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ഡല്‍ഹിയിലും ബീഹാറിലുമുള്ള ഭൂമിയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.
4.മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷപ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കുടുംബ പാരമ്പര്യം കൊണ്ട് രാഹുല്‍ ഗാന്ധിക്ക് മോദിയെ നേരിടാനാവില്ലെന്നും പരാജയപ്പെട്ട രാഷ്ട്രീയ നേതാവാണ് രാഹുലെന്നും സ്മൃതി ഇറാനി പറഞ്ഞു.
5.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷായ്‌ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് സംവിധായകന്‍ നാദിര്‍ഷാ 25,000 രൂപ നല്‍കിയെന്നും ദിലീപ് പറഞ്ഞിട്ടാണ് നാദിര്‍ഷാ പണം നല്‍കിയതെന്നും പള്‍സര്‍ സുനി.
6.നടി കാവ്യാ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതായി സെക്യൂരിറ്റി ജീവനക്കാരുടെ മൊഴി. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയത്. നടിയെ ആക്രമിച്ചതിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് കാണാതായത്.
7.പ്രതിപക്ഷ നേതാവ് മാറണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.മുരളീധരൻ . എന്നാൽ ഉമ്മന്‍ ചാണ്ടി എല്ലാ സ്ഥാനത്തിനും യോഗ്യനെന്ന മുന്‍ നിലപാടിൽ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
8.ഡല്‍ഹിയിലെ ചുവന്ന തെരുവിന് താഴ് വീഴുന്നു. ഡല്‍ഹി വനിതാ കമ്മീഷന്‍ മുന്‍കൈയെടുത്താണ് ജി ബി റോഡിലെ അയ്യായിരത്തോളം ലൈംഗിക തൊഴിലാളികളെ പുനരധിവസിപ്പിച്ച് കൊണ്ട് ചുവന്ന തെരുവ് ഒഴിപ്പിക്കുന്നത്.
9.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) എന്ന സംഘടന നിരോധിയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഭീകരപ്രവര്‍ത്തനങ്ങളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന എന്‍.ഐ.എയുടെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി
10.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഉടന്‍ തന്നെ വിമാനം വാങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ്. തിരക്കേറിയ ഷെഡ്യൂള്‍ ഉള്ളപ്പോള്‍ വേഗം യാത്ര ചെയ്യുന്നതിനായാണ് വിമാനം വാങ്ങണമെന്ന ആവശ്യം കപില്‍ ദേവ് ഉന്നയിച്ചത്.
Post Your Comments