ന്യൂഡൽഹി: പ്രതിരോധത്തിൽ മുന്നേറാനുറച്ച് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. നിർമല സീതാരാമൻ കര, നാവിക, വ്യോമസേനാ മേധാവികളുമായി പ്രതിരോധ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ കൂടിക്കാഴ്ച നടത്തും. ഈ നടപടി തന്ത്രപ്രധാനമായ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് വൈകുന്നില്ല എന്നുറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
മാത്രമല്ല രണ്ട് ആഴ്ചയിലൊരിക്കൽ പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ആയുധ സംഭരണ കൗൺസിൽ (ഡിഎസി) സമ്മേളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആയുധങ്ങൾ വാങ്ങുന്ന കാര്യത്തിൽ തീരുമാനം വൈകരുതെന്ന പ്രത്യേക നിർദ്ദേശത്തോടെയാണ് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മന്ത്രിയുടെ ഉടച്ചുവാർക്കൽ. സൈനിക മേധാവികളുമായുള്ള യോഗത്തിനു പുറമെ, പ്രതിരോധ സെക്രട്ടറിയുമായി മന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തും.
ദിവസേന രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ സുസജ്ജമാണെന്ന് ഉറപ്പാക്കും. തന്ത്രപ്രധാന മേഖലകളിൽ രാജ്യത്തിന്റെ അനുദിന വളർച്ചയും സുസ്ഥിരതയും മന്ത്രിയുടെ പ്രഥമ പരിഗണനയിലുണ്ട്. യാതൊരുവിധ കാലതാമസവും ആയുധങ്ങൾ വാങ്ങുന്ന കാര്യത്തിലോ കരാറുകൾ യാഥാർഥ്യമാക്കുന്ന കാര്യത്തിലോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
എന്നാൽ അടിയന്തിര യുദ്ധസാഹചര്യമുണ്ടായാൽ ഇന്ത്യയുടെ കൈവശം ശത്രുരാജ്യത്തെ 20 ദിവസം നേരിടാൻ വേണ്ട വെടിക്കോപ്പുകളേ ഉള്ളു എന്ന സിഎജി റിപ്പോർട്ടിനെ മന്ത്രി തള്ളികളഞ്ഞു. യുദ്ധം നേരിടുന്നതിനു 40 ദിവസത്തേക്ക് വേണ്ട വെടിക്കോപ്പുകൾ സംഭരിച്ചു വയ്ക്കണമെന്നാണു നിയമം. എന്നാൽ 20 ദിവസത്തേക്കുള്ള വെടിക്കോപ്പുകളേ ഇന്ത്യയുടെ കൈവശമുള്ളു എന്നായിരുന്നു കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്.
Post Your Comments