KeralaLatest NewsNews

‘ചങ്ങാതി’ ഇനി മറ്റു ജില്ലകളിലേക്കും

തിരുവനന്തപുരം: ‘ചങ്ങാതി’ ഇനി മറ്റു ജില്ലകളിലേക്കും. ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ തയ്യാറാക്കിയ ‘ചങ്ങാതി’ പാഠ്യപദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാന്‍ സാക്ഷരത മിഷന്‍ ഒരുങ്ങുന്നു. എറണാകുളം ജില്ലയിലാണ് ‘ചങ്ങാതി’ പദ്ധതി ആദ്യം ആരംഭിച്ചത്.എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ ആരംഭിച്ച പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് വ്യാപിപ്പിക്കുന്നത്.

പദ്ധതി തെരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് നടപ്പാക്കുക. ഉടൻ തന്നെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ സര്‍വേ തുടങ്ങും. തൊഴിലാളികളെ നാലുമാസംകൊണ്ട് മലയാളത്തില്‍ സാക്ഷരരാക്കും. ആഴ്ചയില്‍ അഞ്ചുമണിക്കൂറാണ് ക്ളാസ്. വിദ്യാകേന്ദ്രങ്ങള്‍, ലൈബ്രറികള്‍, സ്കൂളുകള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍, തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവ പഠനകേന്ദ്രങ്ങളാകും. ഓരോ വിദ്യാകേന്ദ്രത്തിന്റെയും കീഴില്‍ 15 മുതല്‍ 20 വരെ പഠിതാക്കള്‍ ഉള്‍ക്കൊള്ളുന്ന സാക്ഷരത പഠനകേന്ദ്രങ്ങള്‍ ആരംഭിക്കും. ഒരു വിദ്യാകേന്ദ്രത്തിനുകീഴില്‍ കുറഞ്ഞത് അഞ്ചിനും പത്തിനും ഇടയില്‍ പഠനകേന്ദ്രങ്ങളുണ്ടാകും.

ഹിന്ദിയിലും മലയാളത്തിലും യോഗ്യതയുള്ളവരാകും പഠനകേന്ദ്രത്തില്‍ ഇന്‍സ്ട്രക്ടര്‍മാര്‍. മാത്രമല്ല ഇതരസംസ്ഥാന തൊഴിലാളികളിലെ യോഗ്യതയുള്ളവര്‍, സാക്ഷരത മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാപഠിതാക്കള്‍ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും. വിഭവസമാഹരണത്തിലൂടെ പഠനസാമഗ്രികള്‍ കണ്ടെത്തും. ഇന്‍സ്ട്രക്ടര്‍മാരെ കണ്ടെത്തല്‍, അവര്‍ക്കുള്ള പരിശീലനം, പഠനകേന്ദ്രം നടത്താന്‍ പ്രാദേശികതലത്തില്‍ ജനപങ്കാളിത്തമുള്ള പിന്തുണാസമിതികള്‍ എന്നിവയുടെ രൂപീകരണവും ഉടന്‍ നടക്കും.

കൂടാതെ പാഠപുസ്തകങ്ങളില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. പ്രവേശനോത്സവം, ബോധവല്‍ക്കരണപരിപാടികള്‍, പഠിതാക്കളുടെ കലോത്സവം, മാതൃകാ പരീക്ഷ, പൊതുപരീക്ഷ, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയും സംഘടിപ്പിക്കും. തിരുവനന്തപുരത്ത് കഴക്കൂട്ടം വാര്‍ഡ്, കൊല്ലം- പെരിനാട്, പത്തനംതിട്ട- കോയിപ്പുറം, ആലപ്പുഴ- മണ്ണഞ്ചേരി, കോട്ടയം- പായിപ്പാട്, ഇടുക്കി- കരിങ്കുന്നം, തൃശൂര്‍- ചാവക്കാട്, പാലക്കാട്- പുതുശേരി, കോഴിക്കോട്- നരിക്കുനി, വയനാട്- ചിറക്കല്‍, കാസര്‍കോട്- മഞ്ചേശ്വരം പഞ്ചായത്തുകളിലും മലപ്പുറത്ത് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലും പദ്ധതി നടപ്പാക്കും.

shortlink

Post Your Comments


Back to top button