ന്യൂഡല്‍ഹി: കുട്ടികള്‍ സ്കൂളിലേക്ക് മൂന്നു കിലോമീറ്റര്‍ നടക്കേണ്ടിവരുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താന്‍ ഏറെദൂരം പോകേണ്ടിവന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന് അര്‍ഥമില്ലാതാകുമെന്നും കോടതി പറഞ്ഞു. മലപ്പുറം പരപ്പനങ്ങാടിയിലെ പാലത്തിങ്കല്‍ എം.എല്‍.പി. സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഹൈക്കോടതി നാലാം ക്ലാസ് വരെയുണ്ടായിരുന്ന പാലത്തിങ്കല്‍ സ്കൂള്‍ എട്ടു വരെയാക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സ്കൂളധികൃതര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി.
സ്കൂള്‍ എട്ടുവരെയാക്കാന്‍ 2015-ലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.രെ സമീപത്തെ മറ്റൊരു സ്കൂളിന്റെ മാനേജര്‍ ഇതിനെതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സമീപത്തെ സ്കൂളുകള്‍ക്ക് കേരള വിദ്യാഭ്യാസ ചട്ടത്തിലെ (കെ.ഇ.ആര്‍.) നടപടിക്രമങ്ങള്‍ പ്രകാരം നോട്ടീസ് നല്‍കി എതിര്‍പ്പറിയിക്കാന്‍ അവസരം നല്‍കിയില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. ഇക്കാര്യം ശരിവെച്ച് ഹൈക്കോടതി സിംഗിള്‍ബെഞ്ച് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി.
അതേസമയം, ആ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയനവര്‍ഷം വരെ പഠിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. പിന്നീട് ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനെതിരെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.
സര്‍ക്കാര്‍ കെ.ഇ.ആര്‍. ഒന്നാം ചാപ്റ്ററിലെ മൂന്നാം ചട്ടപ്രകാരമുള്ള ഇളവാണ് നല്‍കിയിരിക്കുന്നതെന്ന് പാലത്തിങ്കല്‍ സ്കൂളിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹ്മദി ചൂണ്ടിക്കാട്ടി. നാലാം ക്ലാസ് കഴിഞ്ഞാല്‍ ഈ കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് രണ്ടര മുതല്‍ ആറു കിലോമീറ്റര്‍ വരെ പോകേണ്ട അവസ്ഥയാണ്. 268 കുട്ടികളാണ് ഒന്നു മുതല്‍ നാല് വരെ ഇവിടെ പഠിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളിലെ പി.ടി.എ.യ്ക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണും ഇതിനോട് യോജിച്ചു.
Post Your Comments