ഹൈദരാബാദ്: സ്കൂളില്‍ യൂണിഫോം ധരിയ്ക്കാതെ എത്തിയതിന് ശിക്ഷയായി പതിനൊന്നുകാരിയെ ആണ്‍കുട്ടികളുടെ ശൗചാലയത്തില്‍ അയച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലാണ് അധ്യാപകര്‍ വിദ്യാര്‍ഥിനിയ്ക്ക് ക്രൂരമായ ശിക്ഷ നല്‍കിയത്.
യൂണിഫോം ധരിയ്ക്കാതെ സ്കൂളിലെത്തിയതിന്റെ പേരില്‍ തന്നെ അധ്യാപകര്‍ ചേര്‍ന്ന് ശിക്ഷിക്കുകയായിരുന്നെന്ന് വിശദീകരിച്ചുകൊണ്ടുള്ള വിദ്യാര്‍ഥിനിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. യൂണിഫോം ധരിയ്ക്കാത്തതിന് മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് ഏറെനേരം വഴക്കുപറയുകയും അടിക്കുകയും ചെയ്തതായും തുടര്‍ന്ന് ആണ്‍കുട്ടികളുടെ ശൗചാലയത്തില്‍ നിര്‍ബന്ധിച്ച് പറഞ്ഞയയ്ക്കുകയായിരുന്നെന്നും വിദ്യാര്‍ഥിനി പറയുന്നു.
അലക്കിയിട്ട യൂണിഫോം ഉണങ്ങാത്തതുകൊണ്ടാണ് സാധാരണ വസ്ത്രം ധരിച്ചത്. ഇക്കാര്യം സ്കൂള്‍ ഡയറിയില്‍ മാതാവ് എഴുതി നല്‍കിയിരുന്നതായും വിദ്യാര്‍ഥിനി പറയുന്നു. അധ്യാപകരോട് ഇക്കാര്യം പറഞ്ഞെങ്കിലും അധ്യാപകര്‍ ആരും ഡയറി പരിശോധിക്കാന്‍ തയ്യാറായില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് അധ്യാപകര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments