ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിൽ അക്രമിയുടെ രേഖാചിത്രം തയാറാക്കിയതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖ ചിത്രം തയ്യാറാക്കിയത്.
എന്നാൽ ചിത്രം പുറത്തു വിട്ടിട്ടില്ല. അക്രമി ഹെൽമെറ്റ് ധരിച്ചിരുന്നു. അതിനാൽ വൈസർ ഭാഗത്തു കൂടി പുറത്തു കാണാവുന്ന മുഖഭാഗങ്ങൾ മാത്രം ഉപയോഗിച്ച് ഏകദേശ രൂപമാണ് വരച്ചിരിക്കുന്നത്. അഞ്ചരയടി പൊക്കമുള്ള, 20-25 വയസ്സ് പ്രായമുള്ളയാളുടെ ദൃശ്യമാണ് വീടിനു പുറത്തെ നാലു സിസിടിവി ക്യാമറകളിൽ പതിഞ്ഞത്.
ഉദ്യോഗസ്ഥർക്കു കൊലപാതക ലക്ഷ്യം സംബന്ധിച്ച പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ടാകുമെങ്കിലും വിവരങ്ങൾ ഉടൻ പുറത്തുവിടാനാകില്ലെന്നു കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
ഐജി ബി.കെ. സിങ്ങിന്റെ മേൽനോട്ടത്തിലുള്ള 21 അംഗ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തെളിവെടുപ്പ് ആരംഭിച്ചു. ബെംഗളൂരു വെസ്റ്റ് ഡിസിപി എം.എൻ. അനുചേതിന്റെ നേതൃത്വത്തിൽ സംഘം രാജരാജേശ്വരി നഗറിലെ ഗൗരിയുടെ വീട്ടിലെത്തി വിശദ പരിശോധന നടത്തി.
Post Your Comments