ബംഗളൂരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കാന്‍ ഐജി (ഇന്റലിജന്‍സ്) ബി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു കര്‍ണാടക സര്‍ക്കാര്‍ രൂപംനല്കി. കേസ് സിബിഐയോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സിയോ അന്വേഷിക്കണമെന്നു ബിജെപി കര്‍ണാടക അധ്യക്ഷന്‍ ബി.എസ്. യെഡിയൂരപ്പ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രത്യേക സംഘത്തിനു വിടാനാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, കുടുംബാംഗങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി, സിബിഐ അന്വേഷണത്തോടുപോലും തുറന്ന മനസ്സാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
പുരോഗമനാശയങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രമുഖര്‍ക്കു പ്രത്യേക പൊലീസ് സുരക്ഷ നല്കാന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോടു റിപ്പോര്‍ട്ട് തേടി. നെഞ്ചത്തും വയറ്റിലുമേറ്റ വെടിയാണു മരണകാരണമെന്നാണു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട് ചിക്കമഗളൂരു സ്വദേശി സന്ദീപ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൗരി ലങ്കേഷിന്റെ ഫെയ്സ്ബുക് പോസ്റ്റുകളോടു രൂക്ഷ ഭാഷയില്‍ പ്രതികരിച്ചിരുന്ന ഇയാള്‍ ഈയിടെ ബെംഗളൂരുവില്‍ എത്തിയതാണു സംശയത്തിനിടയാക്കിയത്. രണ്ടു മാസം മുന്‍പു നഷ്ടപ്പെട്ട ഫോണ്‍ ബെംഗളൂരുവിലാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് എത്തിയതായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.
Post Your Comments