KeralaLatest NewsNews

സങ്കടകരമായ മുഹൂര്‍ത്തം : ദിലീപ് അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ നിര്‍വഹിക്കുന്നു

 

കൊച്ചി: കര്‍ശന സുരക്ഷയില്‍ നടന്‍ ദിലീപ് അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ ആലുവയിലെ വീടായ പദ്മസരോവരത്തില്‍ നിര്‍വഹിക്കുന്നു. രാവിലെ 7.55ന് കനത്ത സുരക്ഷയില്‍ ജയിലില്‍ നിന്ന് പുറത്തിറക്കിയ ദിലീപിനെ എട്ടു മണിയോടെ ഒന്നര കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ എത്തിച്ചു. വീടിന് മുന്നിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരന്നത്.

ദിലീപിനേയും വഹിച്ചു കൊണ്ടുള്ള വാഹനം വീടിന്റെ മുറ്റത്തേക്ക് പൊലീസ് കയറ്റി. തുടര്‍ന്ന്, നീല ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ച ദിലീപ് ജീപ്പില്‍ നിന്ന് ഇറങ്ങി. താടി വളര്‍ന്ന് ക്ഷീണിതനായി കാണപ്പെട്ട ദിലീപ് ഉടന്‍ തന്നെ വീടിന്റെ ഉമ്മറത്തേക്ക് കയറിപ്പോയി. അവിടെയാണ് ശ്രാദ്ധചടങ്ങിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരുന്നത്. വീട്ടിലേക്ക് കയറിയ ദിലീപ് പാന്റ്‌സ് അഴിച്ച ശേഷം മുണ്ട് ധരിച്ചു. ഷര്‍ട്ട് ഊരി തോര്‍ത്ത് തോളിലൂടെയിട്ട ശേഷം പൂജാരിയുടെ നിര്‍ദ്ദേശപ്രകാരം കര്‍മങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചു. ചടങ്ങുകള്‍ നടക്കുന്നിടത്തേക്ക് അടുത്ത ചില ബന്ധുക്കളെ മാത്രമാണ് പൊലീസ് കടത്തിവിട്ടത്. മാദ്ധ്യമ പ്രവര്‍ത്തകരെ വീടിന് മുന്നില്‍ വച്ച് തടഞ്ഞു.

ആലുവ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തില്‍ സി.ഐയും എസ്.ഐമാരും അടങ്ങുന്ന സംഘം ദിലീപിനെ അതീവസുരക്ഷയോടെയാണ് ജയിലില്‍ നിന്ന് പുറത്തിറക്കിയത്. ജനങ്ങള്‍ തടിച്ചു കൂടിയിരുന്നതിനാല്‍ തന്നെ ജയില്‍ പരിസരത്ത് നിന്ന് 50 മീറ്റര്‍ ദൂരം പൊലീസ് വലയം തീര്‍ത്തിരുന്നു. പത്തുമണിവരെയാണ് ദിലീപിന് സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയം പൂര്‍ത്തിയാകുന്നതോടെ കോടതി ഉത്തരവ് പ്രകാരം വീണ്ടും ജയിലിലേക്ക് കൊണ്ടുപോകും.

അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ദിലീപ് ചടങ്ങുകള്‍ക്ക് എത്തുന്നത്. മാദ്ധ്യമങ്ങളോട് സംസാരിക്കാനും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനും അനുമതിയില്ല. ജയിലിലായി 58-ാം ദിവസമാണ് ദിലീപ് വീട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button