വണ്ടന്മേട്: മരിച്ചെന്നു കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വീട്ടമ്മ കണ്ണുതുറന്നു. മൊബൈല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹത്തിനാണ് ജീവന്‍വെച്ചത്. ഇടുക്കി വണ്ടന്മേട്ടിലാണ് സംഭവം. വണ്ടന്മേട് പുതുവല്ക്കോളനി രത്നവിലാസത്തില്‍ മുനിസ്വാമിയുടെ ഭാര്യ രത്നമാണ് മരിച്ച് ജീവിച്ചത്.
മഞ്ഞപ്പിത്തം ബാധിച്ച് രത്നം കഴിഞ്ഞ മൂന്നുമാസമായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ തേനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു രത്നത്തെ. കുറച്ചുദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമേ ജീവന്നിലനിര്ത്താനാകൂവെന്നും രത്നത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മരണം സംഭവിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.
രോഗം കുറയാതിരുന്നതിനെ തുടര്‍ന്ന് രത്നത്തെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ വീട്ടമ്മയെ വണ്ടന്മേട്ടിലെ വീട്ടിലേക്ക് ബന്ധുക്കള്‍ കൊണ്ടുപോരുകയായിരുന്നു. വീട്ടില്‍ രത്നത്തെ ഇറക്കിയശേഷം ആംബുലന്‍സ് തിരികെ പോയി. വെന്റിലേറ്ററില്‍ നിന്ന് മാറ്റപ്പെട്ടതിനാല്‍ രത്നം മരിച്ചുവെന്ന് വീട്ടുകാര്‍ സ്വയം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ മോര്‍ച്ചറി വരുത്തി ഇവരെ അതിലേക്ക് മാറ്റുകയായിരുന്നു.
രത്നമയ്ക്ക് അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കവും വീട്ടുകാര്‍ ആരംഭിച്ചു. അന്ത്യകര്മ്മചടങ്ങുകളും പ്രാര്‍ത്ഥനകളും പുരോഗമിക്കുന്നതിനിടെയില്‍ മൊബൈല്‍ മോര്‍ച്ചറിക്കുള്ളില്‍ കിടന്ന വീട്ടമ്മ കണ്ണുതുറക്കുകയായിരുന്നു.
മൊബൈല്‍ മോര്‍ച്ചറി ഫ്രീസറിലെ തണുപ്പ് അസഹ്യമായതിനെതുടര്‍ന്ന് വീട്ടമ്മ കണ്ണുതുറക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടമ്മ കണ്ണുതുറക്കുന്നത് കണ്ട് ഭയന്ന വീട്ടുകാര്‍ വിവരം വണ്ടന്മേട് പൊലീസില്‍ അറിയിച്ചു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് രത്നമ്മ മരിച്ചിട്ടില്ലെന്ന് മനസിലായത്.
Post Your Comments