ദോഹ: ഉപരോധമുണ്ടാക്കിയ ചെറിയ ആശങ്കകള്‍ക്ക് നടുവിലും ഓണാഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ മലയാളികള്‍. പഴവും പച്ചക്കറികളുമെല്ലാം വിപണിയില്‍ സുലഭമാണെങ്കിലും പൂക്കള്‍ പേരിനു മാത്രമേ ഇത്തവണ വിപണിയിലെത്തിയുള്ളൂ.
മൂന്നു മാസം പൂര്‍ത്തിയാകുമ്പോഴും ഉപരോധം സാധാരണ ജീവിതത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെങ്കിലും ഇത്തവണത്തെ ഓണം എങ്ങിനെയായിരിക്കുമെന്ന ആശങ്കയിലായിരുന്നു മലയാളികള്‍.
അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കം മുടങ്ങിയതിനാല്‍ പല പച്ചക്കറി ഇനങ്ങള്‍ക്കും വിപണിയില്‍ നേരിയ തോതില്‍ ക്ഷാമം നേരിട്ടത് തന്നെ കാരണം. എന്നാല്‍ ഓണമെത്തിയപ്പോഴേക്കും ഇന്ത്യയില്‍ നിന്നുള്ള പഴവും പച്ചക്കറികളും ആവശ്യത്തിന് വിമാനം കയറിയെത്തി.അതേസമയം പൂക്കള്‍ പത്ത് ശതമാനം മാത്രമാണ് വിപണിയിലെത്തിയത്.
ഉപരോധം തുടങ്ങിയത് മുതല്‍ പച്ചക്കറികള്‍ക്ക് അല്പം വില കൂടുതലാണെങ്കിലും ഓണസദ്യക്കുള്ള മുഴുവന്‍ പച്ചക്കറി ഇനങ്ങളും വില കുറച്ചാണ് മിക്ക ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും വില്പന നടത്തുന്നത്. ഈ മാസം പത്തു വരെ പൊതു അവധിയായതിനാല്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് തന്നെ കുടുംബത്തോടൊപ്പം ഓണ സദ്യ ഉണ്ണാനാവും. എന്നാല്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ അടുത്ത വെള്ളിയാഴ്ചയാണ് ഓണം ആഘോഷിക്കുക.
Post Your Comments