ജീവനാംശത്തിനായി ഭര്ത്താക്കന്മാരുടെ വീട്ടുപടിക്കല്‍ സമരം ചെയ്യുന്ന സ്ത്രീകളെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെയായി നാം ഒരുപാടു കേള്‍ക്കുന്നുണ്ട്. ഇതിലാവസാനംകേട്ടത് കോഴിക്കോടുകാരി അഫ്സാനയെക്കുറിച്ചും അലിഗഡ് സ്വദേശി രഹ്നയെക്കുറിച്ചുമാണ്. മതത്തില്‍ മുസ്ലീം സ്ത്രീകളെക്കാള്‍ പുരുഷന്മാര്ക്ക് മുന്‍തൂക്കം വന്നതിനാലാണ് അഫ്സാനയ്ക്കും രഹ്നയ്കും അവരവരുടെ ഭര്ത്താക്കന്മാരുടെ വീട്ടുപടിക്കല്‍ സമരം ചെയ്യേണ്ടിവന്നത്. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധി ഇസ്ലാമില്‍ സ്ത്രീയ്ക്ക് തുല്ല്യ പദവിയെന്ന ശക്തമായ കാഴ്ച്പാടാണ് രാജ്യത്തിന് സമ്മാനിച്ചത്. സൈറാ ബാനു, അഫ്രീന് റഹ്മാന്, ഇസ്രത് ജഹാന്, ഗുല്‍ഷന്‍ പര്‍വീണ്‍, ഫര്‍ഹി ഫായിസ്. മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള വിധിയില്‍ ഈ അഞ്ച് സ്ത്രീകളുടെ പോരാട്ടവീര്യം നാം ഓര്‍ക്കേണ്ടതാണ്. എന്നാല്‍ അതിനും മുന്‍പേ ഇതിനെതിരെ പോരാടിയ വ്യക്തിയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ ഷാ ബാനു.
32 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 1978 ല്‍ ഭര്‍ത്താവു മൊഴി ചൊല്ലുമ്പോള്‍ ഷാ ബാനുവിന് പ്രായം 62 .തന്റെ 5 മക്കളെയുംകൊണ്ട് പ്രതിമാസ സഹായമായി 200 രൂപ നൽകാമെന്ന ഭർത്താവിന്റെ ഉറപ്പിൽ ബാനുവിന് ഇറങ്ങിക്കൊടുക്കേണ്ടിവന്നു. എന്നാൽ പിന്നീട് ബാനുവിന് വരുമാനമുണ്ടെന്നു പറഞ്ഞ ഭർത്താവ് സഹായധനം നിർത്തലാക്കി. അവിടെത്തുടങ്ങി ഷാ ബാനുവിന്റെ നിയമയുദ്ധം. തനിക്കും കുട്ടികള്‍ക്കും പ്രതിമാസം 500 രൂപ ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷാ ബാനു ഭര്‍ത്താവിനെതിരെ ഇന്‍ഡോര്‍ പ്രാദേശിക കോടതിയില്‍ കേസ് കൊടുക്കുകയും ഇതൊഴിവാക്കാൻ തന്ത്രപരമായി ഭർത്താവ് ഷാ ബാനുവിനെ തലാഖ് ചൊല്ലി ഔദ്യോഗികമായി ഒഴിവാക്കുകയും ചെയ്തു.പ്രതിമാസം 25 രൂപ വെച്ച് സഹായം നല്കാന് ഇന്‍ഡോര്‍ പ്രാദേശിക കോടതി നിർദ്ദേശിച്ചു.
ഷാബാനു വിധിക്കെതിരെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്കിയപ്പോൾ ഹൈക്കോടതി ജീവനാംശ തുക 179 രൂപ 20 പൈസ ആയി വര്‍ധിപ്പിച്ച് ഉത്തരവിട്ടു. ശരീഅത്ത് നിയമപ്രകാരം മൊഴിചൊല്ലപ്പെട്ട ഭാര്യക്ക് മൂന്ന് മാസത്തിനപ്പുറം ജീവനാംശം കൊടുക്കേണ്ട ബാധ്യത തനിക്കില്ലെന്ന് കാണിച്ച് ഖാന് സുപ്രീംകോടതിയെ സമീപിച്ചു.ഏഴു വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം 1985ല്‍ സുപ്രീംകോടതി സി.ആര്.പി.സി 125 പ്രകാരം വിധി പ്രസ്താവിച്ചു.വിവാഹമോചിതയായ, പരാശ്രയമില്ലാതെ ജീവിക്കാനാവാത്ത, രാജ്യത്തെ ഏതൊരു സ്ത്രീക്കും ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അര്‍ഹത ഉണ്ടെന്നായിരുന്നു സുപ്രീം കോടതി വിധി.
മുസ്ലിം യാഥാസ്ഥികരുടെ പ്രതിഷേധത്തില്‍ വീണുപോയ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാര്‍ലമന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് സുപ്രിംകോടതി വിധി ദുര്‍ബലപ്പെടുത്തിക്കൊണ്ട് മുസ്ലിം യാഥാസ്ഥിതിക നേതൃത്വത്തിന് ഹിതകരമായ മുസ്ലിം വിവാഹമോചന നിയമം പാസ്സാക്കി.അനുകൂലമായ വിധി സമ്പാദിച്ചിട്ടും ഷാ ബാനു അപമാനിതയായി. സുപ്രീം കോടതി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന ഈ വിധി ഷാ ബാനുവിന്റെയും വിജയമായി വേണം കണക്കാക്കാൻ.
Post Your Comments