Latest NewsNewsIndia

ശ്രീരാമന്‍ സ്വപ്നത്തില്‍ വന്നു : രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം ദാനം നല്‍കി മുസ്ലിം യുവാവ്

അലഹബാദ്‌•രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം ദാനമായി നല്‍കി മുസ്ലിം യുവാവ് മാതൃകയാകുന്നു. ഉത്തര്‍പ്രദേശില്‍ പ്രതാപ്‌ഗഡ് ജില്ലയിലെ കുന്ദ താലൂക്കിലെ സഹുമയീ ഗ്രാമവാസിയായ മൊഹമ്മദ്‌ അമീര്‍ എന്ന യുവാവാണ് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിശ്വഹിന്ദു പരിഷത്തിന് സ്ഥലം സൗജന്യമായി നല്‍കിയത്. 5,500 ചതുരശ്ര അടി സ്ഥലാമാണ് മൊഹമ്മദ്‌ അമീര്‍ ദാനമായി നല്‍കിയത്.

സംഘടനയുടെ പ്രാന്ത് ഓര്‍ഗനൈസേഷണല്‍ സെക്രട്ടറിയുമായി ആലോചിച്ച് ക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപന തീയതി നിശ്ചയിക്കുമെന്ന് വി.എച്ച്.പി കുന്ദ യൂണിറ്റ് സെക്രട്ടറി ഉമാകാന്ത് പറഞ്ഞു. സ്ഥലം ദാനം ചെയ്യാനുള്ള അമീറിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സ്ഥലം വി.ച്ച്.പിയ്ക്ക് കൈമാറാനുള്ള തീരുമാനത്തെക്കുറിച്ച് നല്ലതുപോലെ ആലോചിക്കാന്‍ താന്‍ അമീറിനോട്‌ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം തന്‍റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സെപ്റ്റംബര്‍ 1 ന് അദ്ദേഹം സ്ഥലം വിശ്വഹിന്ദു പരിശത്തിന് കൈമാറിയതായും ഉമാകാന്ത് പറഞ്ഞു.

തനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്തിന്റെ ഒരു ഭാഗം രാമക്ഷേത്ര നിര്‍മാണത്തിന് ദാനം ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് അമീര്‍ പറയുന്നതിങ്ങനെ. ” എന്റെ മാതാപിതാക്കളുടെ മരണത്തിന് ശേഷം ഞാന്‍ വളരെയധികം അസ്വസ്ഥനായിരുന്നു. ജീവിതത്തില്‍ ഒരു തീരുമാനവും എടുക്കാന്‍ കഴിയാതെയായിരുന്നു. നാല് മാസം മുന്‍പ് സ്വപ്നത്തില്‍ ആരോ വന്ന് എന്റെ വീടിന് സമീപം രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം ചോദിച്ചു. ഇക്കാര്യം ഞാന്‍ എന്റെ സുഹൃത്ത് സതീഷ്‌ മിശ്രയുമായി പങ്കുവച്ചു. പോയി വിശ്രമിക്കാന്‍ ആയിരുന്നു അവന്‍ ഉപദേശിച്ചത്. ആരോ വന്ന് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം ചോദിക്കുന്ന സ്വപ്നം ഞാന്‍ വീണ്ടും കാണുന്നത് പതിവായി. ഇക്കാര്യം ഞാന്‍ ഭാര്യ അബിദയുമായും പങ്കുവച്ചു. എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാനാണ് അവള്‍ ഉപദേശിച്ചത്”.

“നാല് ദിവസം മുന്‍പ്, ഞാന്‍ ഭഗവാന്‍ ശ്രീ രാമനെ സ്വപ്നത്തില്‍ കണ്ടു. ഇതോടെ വിശ്വഹിന്ദു പരിഷത്തിന് ക്ഷേത്രം നിര്‍മ്മിക്കാന്‍ എന്റെ സ്ഥലം ദാനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു”- അമീര്‍ പറഞ്ഞു.

ഒരു മന്തോപ്പും പാരമ്പര്യമായി ലഭിച്ച കൃഷിയിടവുമാണ് അമീറിനുള്ളത്. ആളുകള്‍ തന്നെക്കുറിച്ച് എന്ത് പറയുന്നുവെന്നത് താന്‍ കാര്യമാക്കുന്നില്ല. ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് എത്രയും വേഗം നടത്താന്‍ വി.എച്ച്.പി അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്ന ദിവസം ദുഖങ്ങളില്‍ നിന്ന് തനിക്ക് ആശ്വാസം ലഭിച്ചേക്കുമെന്നും അമീര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button