പ്രവീണ്‍. പി നായര്‍
മോഹന്‍ലാല്‍- ലാല്‍ജോസ് ചിത്രമെന്ന നിലയിലാണ് വെളിപാടിന്റെ പുസ്തകം പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ചര്‍ച്ചയായത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത മുഖ്യധാര മലയാള സിനിമയിലെ മികച്ച ഫിലിം മേക്കര്‍ ആണ് ലാല്‍ജോസ്. ഇരുപതിലേറെ വര്‍ഷങ്ങളായി മലയാള സിനിമയില്‍ സ്വതന്ത്ര സംവിധായകനായി ജോലി നോക്കുന്ന ലാല്‍ജോസിനു ഇപ്പോഴാണ് ഒരു മോഹന്‍ലാല്‍ ചിത്രമെടുക്കാന്‍ അവസരം ലഭിച്ചത്. തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറവുമായി ചേര്‍ന്ന് ‘കസിന്‍സ്’ എന്ന പേരില്‍ മോഹന്‍ലിനെയും, പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മുന്‍പൊരിക്കല്‍ ഒരു സിനിമ ലാല്‍ ജോസ് പ്ലാന്‍ ചെയ്തിരുന്നു പിന്നീടു ചില പ്രതിസന്ധികള്‍ ചിത്രത്തിന് തടസമായപ്പോള്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു.
ഓണം റിലീസായി എത്തിയ വെളിപാടിന്റെ പുസ്തകം ബോക്സോഫീസ് വിജയത്തെയാണ് കൂടുതലായും മുന്നില്‍ നിര്‍ത്തുന്നത്. മാക്സിമം കൊമെഴ്സിയല്‍ ചേരുവ നിറച്ചു സ്ക്രീനിലേക്ക് പകര്‍ത്തപ്പെടുന്ന ചിത്രത്തിന് ഒരു കച്ചവട സിനിമയ്ക്ക് ഉണ്ടാകേണ്ട പ്രാമുഖ്യത്തിനാണ് ലാല്‍ ജോസും കൂട്ടരും പ്രാമുഖ്യം നല്‍കുന്നതെന്ന് ചിത്രത്തിന്‍റെ ട്രെയിലറും ടീസറുമെല്ലാം നമുക്ക് വ്യക്തമാക്കി തന്നതാണ്. ലാല്‍ജോസിനു ഒരു സിനിമ മോഹന്‍ലാലുമായി ചെയ്യണമേന്നിരിക്കെ വെളിപാട് പോലെയുള്ള ചിത്രം ചെയ്യാമെന്ന് ആദ്യം വെളിപാട് ഉണ്ടായതിനുള്ള കാരണക്കാര്‍ ആശിര്‍വാദ് എന്ന ബാനര്‍ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മോഹന്‍ലാലിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്നതാണ് പലപ്പോഴും ആശിര്‍വാദിന്റെ ഉദ്ദേശം. നല്ലൊരു ചിത്രത്തിലേക്ക് മോഹന്‍ലാലിനെ കൊണ്ടെത്തിക്കാനുള്ള ശ്രമം അവരില്‍ നിന്നു അങ്ങനെ കാണാറില്ല. മോഹന്‍ലാലും അത്തരം ശ്രമങ്ങളെ കാര്യമായി പരിഗണിക്കാറില്ലെന്ന് തോന്നുന്നു. മോഹന്‍ലാലിന്‍റെ സമീപകാല കരിയറില്‍ പുതിയവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ടു വര്‍ക്കുകള്‍ മോഹന്‍ലാലിന് ഏറെ ഗുണം ചെയ്തതിരുന്നു. അതിനു ശേഷമാണ് മേജര്‍ രവിയുടെ ബോംബ് കഥയ്ക്ക് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയതും, പിന്നീട് അതില്‍ നായകനായി എത്തിയതും, ബിയോണ്ട് ബോര്‍ഡേഴ്സ് ദുരന്തമായി മാറിയതൊന്നും മോഹന്‍ലാലിന്‍റെ കരിയറിനെ അധികം പിടിച്ചുലച്ചില്ല കാരണം ഒപ്പവും, മുരുകനും, മുന്തിരിയും തന്ന വിജയത്തെ ആസ്വാദകര്‍ അപ്പോഴും മറന്നിരുന്നില്ല. തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു പ്രോജക്റ്റില്‍ ആയിരിക്കും മോഹന്‍ലാല്‍ അടുത്തതായിയി സൈന്‍ ചെയ്യുക എന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസം തെറ്റിയതുമില്ല. ബിയോണ്ട് ബോര്‍ഡേഴ്സിന് ശേഷം മോഹന്‍ലാല്‍ വെളിപാടിന്റെ പുസ്തകത്തിന് വേണ്ടിയാണു ഡേറ്റ് നല്‍കിയത്. വില്ലന്‍ എന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലും തദവസരത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടായിരുന്നു.
“മോഹന്‍ലാല്‍- ലാല്‍ജോസ് ടീം, അഹാ എന്ത് മനോഹരമായ കൂട്ട്കെട്ട് . മലയാള സിനിമയിലെ മികച്ച സൂത്രധാരന്മാരില്‍ ഒരാളായ ലാല്‍ജോസും അഭിനയ വിസ്മയമായ മോഹന്‍ലാലും ഒന്നിക്കുന്നു” പ്രേക്ഷകര്‍ ഓരോരുത്തരും ചിത്രം പ്രഖ്യാപിച്ച ദിവസം മുതല്‍ തന്നെ ഇങ്ങനെയൊരു ആത്മഗതം പറഞ്ഞിട്ടുണ്ടാകണം. നല്ല ഒരു സിനിമ ഉണ്ടാകുമെന്ന
പ്രതീക്ഷയോടെയാണ് അവര്‍ വെളിപാടിന്റെ പുസ്തകത്തെ ഹൃദയത്തിലേറ്റി തുടങ്ങിയത്. പക്ഷെ ലാല്‍ജോസ് ആ മുന്‍വിധികളെ പൊളിച്ചെഴുതി. നിങ്ങള്‍ അമിതമായി പ്രതീക്ഷക്കരുന്നുതെന്നും, ഒരു വിനോദ സിനിമയെന്ന നിലയില്‍ മാത്രമാകും നിങ്ങള്‍ക്കിടയില്‍ വെളിപാടിന്റെ പുസ്തകം അടയാളപ്പെടുകയെന്നും, ലാല്‍ജോസ് ചിത്രത്തെക്കുറിച്ച് വിശദീകരിച്ചു. ആരുടെയോ പ്രേരണയാല്‍ ഈ ചിത്രം ഏറ്റെടുത്തെന്ന ഫീല്‍ ആണ് ലാല്‍ജോസിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നത്. ദുല്‍ഖര്‍ നായകനാകുന്ന ‘ഒരു ഭയങ്കര കാമുകന്‍’ എന്ന ചിത്രം മാറ്റി നിര്‍ത്തിയിട്ടായിരുന്നു ലാല്‍ജോസ് വെളിപാടിന്റെ പുസ്തകം തുറക്കാന്‍ തയ്യാറെടുത്തത്. ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥ ലാല്‍ജോസ് എന്ന സംവിധായകന് നേരത്തെ പരിചയവുമാണ്. സൂപ്പര്‍ഹിറ്റ് ചിത്രം ചാന്ദ്പൊട്ടില്‍ ഈ ടീം ഒന്നിച്ചിരുന്നു. പരാജ ചിത്രമായ സ്പാനിഷ് മസാലയിലും ഇതേ ടീം തന്നെയായിരുന്നു എന്നതും ഓര്‍ക്കേണ്ട വസ്തുതയാണ്. ലാല്‍ജോസ്- ബെന്നി പി നായരമ്പലം ടീമിന്‍റെ മൂന്നാം ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ഇവര്‍ക്കിടയിലേക്ക് മോഹന്‍ലാല്‍ എത്തുന്ന ആദ്യ ചിത്രവും.
മലയാള സിനിമ പലകുറിയായി കണ്ടിട്ടിള്ള ക്യാമ്പസ് ചുറ്റുവട്ടങ്ങളിലേക്കാണ് തുടക്കത്തില്‍ ക്യാമറ ചെല്ലുന്നത്. ക്ലീഷേകള്‍ സമ്മേളിക്കുന്ന ചിത്രീകരണ കാഴ്ചകള്‍ പ്രേക്ഷകനെ ഉപദ്രവിച്ചു കടന്നു നീങ്ങുന്ന വേളയിലാണ് മോഹന്‍ലാലിന്‍റെ രംഗപ്രവേശം. താനൊരു വൈദികനാണെന്ന കാര്യം പ്രേക്ഷകരില്‍നിന്നു മറച്ചുവെച്ചു കൊണ്ടു സൈക്കിള്‍ ഹീറോയിസം കാട്ടിയാണ് പ്രൊഫസര്‍ ഇടിക്കുളയുടെ വരവ്. ആ സമയം പതിവ് നടപടി ക്രമം പോലെ ആരാധകര്‍ക്ക് വേണ്ടിയുള്ള സംഭാഷണമെഴുതാന്‍ ബെന്നി പി നായരമ്പലം മറന്നിട്ടില്ല. വീണല്ല ശീലം വീഴ്ത്തിയാണെന്ന ഡയലോഗുമായി ലാലേട്ടന്‍ കടന്നു നീങ്ങുമ്പോള്‍ പ്രതീക്ഷയുടെ കനം പ്രേക്ഷകരില്‍ വര്‍ദ്ധിച്ചിരുന്നു. ലാല്‍ജോസ് എന്ന സംവിധായകനാണ് ആ കനത്തിനു കാരണമെന്നതാണ് വാസ്തവം. പിന്നീടു പല രംഗങ്ങളും മുന്നോട്ടോടിയപ്പോള്‍ ഈ വെളിപാട് പ്രേക്ഷക മനസ്സില്‍ നിന്നു ഒരു വിളിപ്പാട് അകലെയാണെന്ന് ക്ഷിപ്രവേഗം നമ്മള്‍ തിരിച്ചറിഞ്ഞു.
ഇടിക്കുള ക്ലാസെടുക്കാന്‍ കയറുമ്പോള്‍ നഴ്സറി കുട്ടികളെ പോലെ “പിച്ചി മാന്തി” എന്ന ലൈനില്‍ വിദ്യര്‍ത്ഥികള്‍ ഇരട്ടപ്പേര് പരസ്പരം വിളിച്ചു പറയുന്നത് ഒരു ലാല്‍ജോസ് ചിത്രത്തിലാണ് നടക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തെക്കുറിച്ചൊക്കെ വ്യക്തമായ ധാരണ നല്‍കുന്ന പ്രൊഫസര്‍ ഇടിക്കുള വളരെ മാന്യതയോടെയാണ് അഭിനയിച്ചു പെരുമാറിയതെങ്കിലും ലാല്‍ജോസ് ചതിച്ചെന്ന സത്യം പ്രേക്ഷകര്‍ ഈ വേളയിലൊക്കെ മനസിലാക്കി കഴിഞ്ഞിരുന്നു.
ചിത്രത്തിലെ മോഹന്‍ലാലിന്‍റെ രണ്ടാം ഗെറ്റപ്പിനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിവുള്ളതിനാല്‍ ആ ഭാഗം വേഗമെത്താനുള്ള കാത്തിരിപ്പിലായിരുന്നു കാണികള്‍. ക്യാമ്പസ് കഥ പര്യവസാനിപ്പിച്ചു കൊണ്ട് മാസ് ലുക്കിലെ ലാലേട്ടന്‍ കഥാപാത്രത്തെ വേഗം സ്ക്രീനില്‍ സൃഷ്ടിക്കൂ എന്ന ആത്മഗതം എല്ലാ പ്രേക്ഷകരും പറയുന്നുണ്ടായിരുന്നു. ഒരു പള്ളിവികാരിയില്‍ നിന്നു അത്തരം ഒരു കഥാപാത്രത്തിലേക്കുള്ള മോഹന്‍ലാലിന്റെ കൂട്മാറ്റമാണ് വെളിപാടിന്റെ പുസ്തകം തുറക്കാന്‍ പിന്നെയും പ്രേക്ഷകരെ പ്രേരിപ്പിച്ചത്. ക്യാമ്പസിലെ വിദ്യാര്‍ഥികളും, ടീച്ചേഴ്സുമൊക്കെ ചേര്‍ന്ന് ഒരു സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതാണ് വെളിപാട് പങ്കുവയ്ക്കുന്ന പ്രമേയം.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട വിശ്വനാഥന്‍ എന്ന വ്യക്തിയുടെ ജീവിതത്തെക്കുറിച്ചുള്ള കഥയാണ് ചിത്രത്തിനായി ഇടിക്കുളയും കൂട്ടരും കണ്ടെത്തുന്നത്. വിശ്വനാഥനായി മോഹന്‍ലാല്‍ തന്നെയാണ് അഭിനയിക്കുന്നതെന്ന് പ്രേക്ഷകന് ഉറപ്പെങ്കിലും, സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അത് അറിയില്ലല്ലോ അതിനാല്‍തന്നെ ആ കാഴ്ചയിലേക്ക് സിനിമ എത്തും മുന്‍പേ വിശ്വനാഥനാകാന്‍ പലരും പരിശ്രമിക്കുന്നുണ്ട്, ഒടുവില്‍ വിശ്വനാഥന്റെ കഥാപാത്രം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല എന്ന ഘട്ടം വരുമ്പോള്‍ സിനിമ നിര്‍മ്മിക്കാമെന്നേറ്റ വിജയ് ബാബു പ്രോജകറ്റ് ഉപേക്ഷിക്കാമെന്ന് ഇടിക്കുളയോട് പറയുന്നു . അവിടെ നിന്നു നിരാശനായി യാത്ര തിരിക്കുന്ന വിജയ്‌ബാബു പകുതി വഴിയിലെത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ തിരികെ വിളിക്കുകയും വിശ്വനാഥനാകാന്‍ പറ്റിയാളെ കണ്ടെത്തിയെന്നും പറയുന്നു. പിന്നീടു മോഹന്‍ലാല്‍ വിശ്വനാഥനായി അവതരിക്കുകയും ഉശിരന്‍ സംഭാഷണം എടുത്തണിഞ്ഞ് കൊണ്ട് നിരാശരായി ഇരുന്ന പ്രേക്ഷകരെ ചിത്രത്തിലേക്ക് മടക്കി കൊണ്ട് വരികയും ചെയ്യുന്നു. ഇടവേളയ്ക്ക് തൊട്ടു മുന്‍പുള്ള ആ രംഗ ചിത്രീകരണം ഒരു കൊമേഴ്സിയല്‍ സിനിമയ്ക്ക് വേണ്ടുന്ന രീതിയില്‍ ലാല്‍ജോസും കൂട്ടരും വളരെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. രണ്ടാം കഥയിലേക്ക് സിനിമ പ്രവേശിക്കുന്നതോടെ ചിത്രം ബോക്സോഫീസ് ചരിത്രമാകും എന്ന തോന്നലോടെയാണ് പ്രേക്ഷകര്‍ ആദ്യ പകുതിക്ക് സലാം പറയുന്നത്.
ക്യാമ്പസ് ചിത്രീകരണത്തില്‍നിന്നു കഥ കടലോരത്തിലേക്ക് ചെല്ലുമ്പോള്‍ ലാല്‍ ജോസിനു പിഴച്ചത് എവിടെയാണ്? വിശ്വനാഥന്റെ കഥ ഒരു സിനിമ പോലെ വളരെ ഫാസ്റ്റ് ആയി ചിത്രീകരിപ്പിച്ചു കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്നതായിരുന്നു ഉചിതം. ഇവിടെ ഒരു സിനിമയിലെ ലൊക്കേഷന്‍ കാഴ്ച പോലെയാണ് വിശ്വനാഥന്റെ കഥ ലാല്‍ജോസ് പകര്‍ത്തിയത്,അവിടെയാണ് വെളിപാടിന്റെ പുസ്തകം ദുര്‍ബലപ്പെട്ട് പോയത്. സംഭവം ചിന്തിക്കുമ്പോള്‍ ലോജിക് ഇല്ലങ്കിലും സിനിമയിലെ മറ്റു ലോജിക് ഇല്ലായ്മയെക്കാള്‍ എത്രയോ ഭേദമായിരുന്നു ഇത്. ഷൂട്ടിംഗ് ചിത്രീകരണം പോലെ ഇടയ്ക്ക് കട്ട് പറഞ്ഞും, ലൊക്കേഷന്‍കാഴ്ച പോലെ വിശ്വനാഥന്റെ കഥ പ്രേക്ഷകരോട് പറയുമ്പോള്‍ അതില്‍ ഒരു ബലക്കുറവുണ്ട്.ഒരു കൊമെഴ്സിയല്‍ സിനിമാ സംഗതിക്ക് ചേരുന്നതായിരുന്നില്ല പിന്നെയുള്ള മേക്കിംഗ് രീതിയും എഴുത്തിന്റെ സ്വഭാവവും. അല്ലങ്കില്‍ ബെന്നി പി നായരമ്പലത്തിന് ഈ കഥയെ മറ്റൊരു രീതിയില്‍ കണക്ട് ചെയ്യാമായിരുന്നു. ഇടിക്കുളയും ടീമും സിനിമ ചിത്രീകരിച്ച ശേഷം ഇത് തിയേറ്ററില്‍ റിലീസ് ചെയ്യുന്ന പോലെ അനുഭവപ്പെടുത്തിയെങ്കില്‍ ഇതിലും എത്രയോ ഭേദമാകുമായിരുന്നു ചിത്രം. അങ്ങനെ ചെയ്യുമ്പോള്‍ നല്ല കൊമേഴ്സിയല്‍ എലമെന്റ്സിന്‍റെ സാധ്യതയും വര്‍ദ്ധിക്കുമായിരുന്നു. ഇതിപ്പോള്‍ തിയേറ്ററില്‍ കയറി ഇരുന്ന പ്രേക്ഷകന്‍ ഏതോ കടപ്പുറത്ത് പോയിരിന്നു ഒരു മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണം കണ്ടപോലുണ്ട്. ചിത്രത്തിലെ ഇടിക്കുളയുടെ വെളിപാടിനെക്കുറിച്ച് പറയാന്‍ കരുതിവെച്ച വിശ്വനാഥന്റെ കഥയും പ്രേക്ഷകരോട് അടുക്കാതെ അകന്നു നിന്നു. എല്ലാം വേഗത്തില്‍ എഴുതി തയ്യാറാക്കിയ ശേഷം ആരുടെയോ പ്രേരണയ്ക്ക് വേണ്ടി ഒരു കച്ചവട സിനിമ ചെയ്യാന്‍ ശ്രമിച്ച ഫീല്‍ മാത്രമാണ് വെളിപാട് ആകെത്തുകയില്‍ ബാക്കി നിര്‍ത്തുന്നത്.
സംവിധായകനെന്ന നിലയില്‍ ലാല്‍ജോസിനു എന്ത് സംഭവിച്ചു? എന്ന ചോദ്യം ബാക്കിയാക്കിയാണ് വെളിപാടിന്റെ പുസ്തകം അവസാനിക്കുന്നത്. ഇത്രയും മോശപ്പെട്ട മേക്കിംഗ് രീതിയോടെ ലാല്‍ജോസ് ഒരു സിനിമയും സംവിധാനം ചെയ്തിട്ടില്ല. പ്രമേയപരമായി ഏറെ പഴികേട്ട ലാല്‍ജോസിന്റെ ‘പട്ടാളം’ എന്ന ചിത്രത്തില്‍പ്പോലും ലാല്‍ജോസിന്റെ സംവിധാന തനിമ അദ്ദേഹം നിലനിര്‍ത്തിയെന്നുവേണം പറയാന്‍. ഒരുകാലത്ത് മികച്ച സിനിമകള്‍ എഴുതിയിരുന്നു ബെന്നി പി നായരമ്പലത്തിന്‍റെ തൂലികയില്‍നിന്നു വരുന്നത് നിലവാരംതാണ ചിത്രങ്ങളാണെന്നത് അതിലും സങ്കടകരം.
മോഹന്‍ലാലിന്‍റെ അഭിനയത്തെക്കുറിച്ച് ഇവിടെ കൂടുതല്‍ പരമാര്‍ശിക്കാന്‍ കഴിയില്ല. ഇടിക്കുളയെ അദ്ദേഹം നിഷ്കളങ്ക ശൈലിയോടെ ഭംഗിയാക്കിയെങ്കിലും, വിശ്വനാഥനായി എത്തിയപ്പോള്‍ പ്രകടനം മങ്ങിപ്പോയെന്ന വിലയിലിരുത്തലിനോട് യോജിക്കാന്‍ കഴിയില്ല കാരണം. റിയല്‍ലൈഫില്‍ അയാള്‍ഒരു വികാരിയാണ്. വളരെ ശാന്തപ്രകൃതക്കാരനായ ഒരു അധ്യാപകനാണ്. അങ്ങനെയുള്ള ഒരാള്‍ ഒരവസരത്തില്‍ ഒരു അഭിനേതാവ് ആകേണ്ടി വരുന്നതാണ് ഇവിടുത്തെ സന്ദര്‍ഭം. ആ സന്ദര്‍ഭത്തിനു യോജിക്കുന്ന രീതിയിലാണ് മോഹന്‍ലാല്‍ അഭിനയിച്ചിട്ടുള്ളത്. അല്ലങ്കില്‍ നേരത്തെ പറഞ്ഞ പോലെ ബെന്നി പി നായരമ്പലം മറ്റൊരു തരത്തില്‍ സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്യണമായിരുന്നു.അപ്പോള്‍ മോഹന്‍ലാലിലെ വിശ്വനാഥന്‍ മംഗലശ്ശേരി നീലകണ്‌ഠനെയും ഇന്ദുചൂഡനേയുമൊക്കെപ്പോലെ പ്രസരിപ്പോടെ പെരുമാറിയേനെ. ഒരു അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാല്‍ ചിത്രത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്.
സ്വാഭാവികമായ അഭിനയശൈലി കൈമുതലായുള്ള നടനാണ് സലിം കുമാര്‍. തന്നിലെ അഭിനയത്തിലെ ആ പഴയ സ്വാഭാവികത എവിടെയോ നഷ്ടപ്പെട്ട് പോയോ? എന്നൊരു ഭയം തന്‍റെ ഉള്ളിലുള്ളത് പോലെയായിരുന്നു വളരെ ആയാസപ്പെട്ടുകൊണ്ടുള്ള സലിം കുമാറിന്‍റെ ചിത്രത്തിലെ പ്രകടനം. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ശരത്ത് കുമാറിന്റെ അഭിനയം തീരെ സുഖമുള്ളതായി തോന്നിയില്ല. ആനന്ദം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട അരുണ്‍ കുര്യന്റെ പ്രകടനവും മോശപ്പെട്ടതായിരുന്നു. ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ അച്ഛനായി വേഷമിട്ട നടന്‍റെ പ്രകടനം മികച്ചു നിന്നു. പ്രത്യേകിച്ച് നെടുമുടി വേണുവിന്‍റെ ശബ്ദം അനുകരിച്ചു കൊണ്ടുള്ള പോര്‍ഷന്‍ തെറ്റില്ലാതെ അഭിനയിച്ചിട്ടുണ്ട്. കാക്ക രമേശന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ ചെമ്പന്‍വിനോദ് കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. അങ്കമാലി ഡയറീസില്‍ കയ്യടി നേടിയ രേഷ്മ രാജന്‍ എന്ന നായികയ്ക്ക് കൂടുതല്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സിദ്ധിക്ക്, ജൂഡ് ആന്റണി, അലന്‍സിയര്‍, ശിവജി ഗുരുവായൂര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍.
ഷാന്‍ ഹ്മാന്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ മികവു പുലര്‍ത്തി. ഗാനങ്ങളിലെ ലാല്‍ജോസിന്റെ ദൃശ്യവിഷ്കാരവും ഹൃദ്യമായിരുന്നു. വിഷ്ണു ശര്‍മ്മയുടെ ക്യാമറയും, രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനവും ചിത്രത്തോട് നീതി കാട്ടിയില്ല. അജയ് മങ്ങാടിന്റെ കാലസംവിധാനം മികച്ചു നിന്നു. ചിത്രത്തിലെ കോസ്റ്റ്യൂം വിഭാഗവും പ്രശംസ അര്‍ഹിക്കുന്നുണ്ട്. ചിത്രത്തില്‍കടന്നു വരുന്ന കഥാപാതങ്ങളുടെയെല്ലാം വസ്ത്രധാരണം മികച്ചു നിന്നു.
അവസാന വാചകം
ചിലര്‍ക്ക് ചില വെളിപാടുകള്‍ ഉണ്ടായാല്‍ ചില സിനിമകള്‍ തന്നെയുണ്ടായില്ല. ഓണത്തിന് ഇറക്കിയ ഒരു ക്ലീന്‍ ബിസിനസ് പ്ലാന്‍ മാത്രമാണ് വെളിപാടിന്റെ പുസ്തകം. നല്ലൊരു സിനിമ ചെയ്യാനുള്ള ഒരു ആത്മാര്‍ത്ഥ ശ്രമം വെളിപാടില്‍ ഇല്ല. മോഹന്‍ലാലിനു വേണ്ടി ഒരെണ്ണം ചെയ്യാമോ? എന്ന രീതിയില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഈ ലാല്‍ ജോസ് ഓണക്കിറ്റ് പ്രേക്ഷകര്‍ ചിലപ്പോള്‍ സ്വീകരിച്ചേക്കാം. കാരണം ഫെസ്റ്റിവല്‍ സമയങ്ങളില്‍ പ്രേക്ഷകരെല്ലാം കാര്യമറിയാതെ തിയേറ്ററില്‍ എത്തുന്ന സിനിമാ പ്രാന്തന്‍മാരാണ്. എന്ത് കിട്ടിയാലും ദഹിക്കുന്ന ഒരുതരം അവസ്ഥയുള്ള പ്രാന്തന്‍മാര്‍….
Post Your Comments