ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് ശിക്ഷ വിധിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ്ങിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചു. ജഡ്ജിക്കും കുടുംബത്തിനും നേരെ വലിയ തോതില്‍ ഭീഷണികളുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുരക്ഷ ശക്തമാക്കുന്നത്. 10 ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ അടക്കം 55 സായുധസേനാംഗങ്ങളുടെ സംരക്ഷണമാണ് നല്‍കുക.
അതേസമയം ഗുര്‍മീതിനെ കോടതിയില്‍നിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാന്‍ ശ്രമമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. പഞ്ച്കുളയിലെ സിബിഐ കോടതിയില്‍ ഹാജരാക്കിയ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ അനുയായികള്‍ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഈ നീക്കം പൊളിച്ചാണു പ്രതിയെ ജയിലില്‍ എത്തിച്ചതെന്നു ഹരിയാന ഐജി കെ.കെ.റാവു പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുര്‍മീതിനുള്ള ശിക്ഷ പ്രഖ്യാപിച്ചത്. നൂറുകണക്കിനു കാറുകളുടെയും അനുയായികളുടെയും അകമ്പടിയോടെയാണ് ശിക്ഷാവിധി കേള്‍ക്കാന്‍ ഗുര്‍മീത് കോടതിയില്‍ എത്തിയത്. കോടതിയിലെത്തിയ ഗുര്‍മീതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സമയത്തായിരുന്നു അനുയായികളുടെ മോചിപ്പിക്കല്‍ ശ്രമം.
Post Your Comments