Latest NewsNewsIndia

ഗുര്‍മീത് റാം റഹീമിന്റെ പത്മാ അവാര്‍ഡ് നോമിനേഷനെ പിന്തുണച്ചത് 4200 പേര്‍

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് 2017ലെ പത്മാ പുരസ്‌കാര നോമിനേഷനിലും ലഭിച്ചത് വലിയ പിന്തുണ. 4200ല്‍ അധികം പേരാണ് ഗുര്‍മീതിന്റെ പത്മാ അവാര്‍ഡ് നോമിനേഷനെ പിന്തുണച്ചത്.

ഗുര്‍മീതിനെ നാമനിര്‍ദേശം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫിസിലേക്കെത്തിയ 4200ല്‍ അധികം നാമനിര്‍ദേശങ്ങളില്‍ അഞ്ച് എണ്ണം ഗുര്‍മീത് തന്നെ അയച്ചതാണ്.

17,768 നാമനിര്‍ദേശങ്ങളാണ് പത്മാ പുരസ്‌കാരങ്ങള്‍ക്കായി ലഭിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനാണ്. ഇതില്‍ ഭൂരിഭാഗവും വന്നിരിക്കുന്നത് ഗുര്‍മീതിന്റെ പ്രധാന താവളമായ ഹരിയാനയിലെ സിര്‍സയില്‍ നിന്നുമാണ്. സിര്‍സയില്‍ നിന്നുമുള്ള അബ്ബാസ് എന്നു പേരുള്ള വ്യക്തി 31 തവണയാണ് ഗുര്‍മീതിനെ പിന്തുണച്ച് റെക്കമന്‍ഡേഷന്‍ അയച്ചിരിക്കുന്നത്.

2017ലെ പത്മാ അവാര്‍ഡിന് ഗുര്‍മീതിനെ അര്‍ഹനാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിന്തുണ അറിയിച്ചുള്ള ഇത്രയധികം നാമനിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് ഒഴുകിയതെന്നാണ് വിലയിരുത്തല്‍. 2015ലും, 2016ലും ഗുര്‍മീതിനെ നിര്‍ദേശിച്ച് ഒരു നാമനിര്‍ദേശം പോലും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് എത്തിയിരുന്നില്ല.

shortlink

Post Your Comments


Back to top button