തിരുവനന്തപുരം: പ്രവര്‍ത്തനസജ്ജമായ രണ്ടാമത്തെ കാത്ത് ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വീണ്ടും അനേകം പാവപ്പെട്ട രോഗികള്‍ക്ക് മികച്ച ഹൃദയ ചികിത്സ നല്‍കാന്‍ ഈ കാത്ത് ലാബിലൂടെ കഴിയും. മെഡിക്കല്‍ കോളേജിലെ പുതിയ കാത്ത് ലാബിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാത്ത് ലാബ് ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഒരെണ്ണം മാത്രമുള്ളത് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. നിലവിലുള്ള ഉപകരണത്തിന് കേടുപാട് സംഭവിച്ചാല്‍ ആ ആശുപത്രിയുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കും. മെഡിക്കല്‍ കോളേജുകളെ മികവിന്‍റെ കേന്ദ്രമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ഇത്തരത്തിലുള്ള അത്യാധുനിക ഉപകരണങ്ങളും ഉറപ്പു വരുത്തും. മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമായി കെട്ടിടം നിര്‍മ്മാണം മാത്രമല്ല ഉപകരണങ്ങള്‍ വാങ്ങാനും ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജിനെ മികവിന്‍റെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായിട്ടാണ് നടപ്പാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രോമ കെയര്‍ സംവിധാനം എത്രയും വേഗം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രോമകെയര്‍ സംവിധാനം എയിംസിനേക്കാളും വെല്ലുന്നതായിരിക്കുമെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ പോലും പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.
ആരോഗ്യ മേഖല വലിയ മാറ്റത്തിന്‍റെ പാതയിലാണ്. ആര്‍ദ്രം ദൗത്യത്തിന്‍റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി വരികയാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങളുയര്‍ത്തും. താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രികളിലും സ്പെഷ്യാലിറ്റി സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഒന്നര വര്‍ഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയില്‍ വന്‍ മാറ്റമാണുണ്ടായിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 5 വര്‍ഷം കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കേളേജിനെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങില്‍ പി.എസ്.സി. അംഗം ഡോ. ഡി. രാജന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സന്തോഷ് കുമാര്‍, ഡോ. ജോബി ജോണ്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സുനിത വിശ്വനാഥ്, ഡോ. ജോര്‍ജ് കോശി, നഴ്സിംഗ് ഓഫീസര്‍ ഉദയറാണി എന്നിവര്‍ സംസാരിച്ചു.
മെഡിക്കല്‍ കോളേജിലെ നിലവിലെ രണ്ടാമത്തെ കാത്ത് ലാബാണ് പ്രവര്‍ത്തനസജ്ജമായത്. ജര്‍മ്മന്‍ നിര്‍മ്മിതമായ അത്യാധുനികമായ സീമന്‍സിന്‍റെ ആര്‍ട്ടിസ് സി പ്യൂര്‍ ലാബാണിത് (Siemens artis zee pure lab). ഏറ്റവും നൂതനമായ ഇന്‍ട്രാ വാസ്ക്യുലര്‍ അള്‍ട്രാസൗണ്ട്, എഫ്.എഫ്.ആര്‍., ഐ.എഫ്.ആര്‍. എന്നിവയും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. സര്‍ക്കാര്‍ 5.5 കോടി രൂപയാണ് ചെലവഴിച്ചാണ് ഈ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നത്. രണ്ട് കാത്ത് ലാബ് സൗകര്യമുള്ള സര്‍ക്കാര്‍ മേഖലയിലെ ഒരേയൊരു മെഡിക്കല്‍ കോളേജായിരിക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്.
ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് ഈ കാത്ത് ലാബിലും ഒരുക്കിയിരിക്കുന്നത്. ഈ കാത്ത് ലാബുകൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ കൂടുതല്‍ രോഗികള്‍ക്ക് കാലതാമസമില്ലാതെ മികച്ച ചികിത്സ നല്‍കാനാകും. ഇതുകൂടാതെ എമര്‍ജന്‍സി ആന്‍ജിയോ പ്ലാസ്റ്റിയും കൂടുതല്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ പുതിയ കാത്ത് ലാബിലൂടെ കഴിയും.
Post Your Comments