തിരുവനന്തപുരം: വിദേശികൾക്ക് ഓണം ആഘോഷിക്കാൻ പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്. ഇതാദ്യമായി വിദേശികള്‍ക്കും സ്വദേശികള്‍ക്കും നാട്ടിന്‍പുറങ്ങളിലെത്തി ഓണസദ്യയില്‍ പങ്കെടുക്കാനും ഓണക്കളികള്‍ കാണാനും ടൂറിസംവകുപ്പ് അവസരമൊരുക്കുന്നു. ഉത്തരവാദിത്വ ടൂറിസം മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘നാട്ടില്‍ പുറങ്ങളില്‍ ഓണം ഉണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം’ എന്ന വിനോദസഞ്ചാര പരിപാടി സെപ്റ്റംബര്‍ 30 വരെ തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇത് വയനാട്, കുമരകം, കോവളം, വൈക്കം, ബേക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഇവിടങ്ങളിലെ താത്പര്യമുള്ള കുടുംബങ്ങള്‍ക്ക് അവരവരുടെ വീടുകളില്‍ സഞ്ചാരികളെ സ്വീകരിച്ച് ഓണസദ്യ നല്‍കാം. ഇത് തദ്ദേശീയര്‍ക്ക് വരുമാനമാര്‍ഗവുമാവും. പ്രദേശത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച് വള്ളയാത്ര, കയര്‍ നിര്‍മാണം, മീന്‍പിടിത്തം, കള്ള് ചെത്ത്, തെങ്ങുകയറ്റം, മണ്‍പാത്ര നിര്‍മാണം എന്നിവയും ഓണക്കളികളും കലാരൂപങ്ങളും സഞ്ചാരികളെ പരിചയപ്പെടുത്തും.
ഇതോടൊപ്പം നാടന്‍ പച്ചക്കറികള്‍, ഖാദിവസ്ത്രം, പ്രാദേശിക ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, നാടന്‍ പലഹാരങ്ങള്‍ എന്നിവ വാങ്ങാന്‍ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കും. ഒരു കുടുംബത്തിന് അല്ലെങ്കില്‍ നാലംഗ സംഘത്തിന് 2000 മുതൽ 8000 രൂപവരെയാണ് വിവിധ സ്ഥലങ്ങളിലെ പാക്കേജിന്റെ ചെലവ്. ഇതില്‍ യാത്രാക്കൂലി ഉള്‍പ്പെടുന്നില്ല. വിശദവിവരങ്ങള്‍ 0471-2560439 എന്ന ഫോണ്‍നമ്പരില്‍ ലഭിക്കും.
Post Your Comments