
ബാലരാമപുരം : ഏത് കാലത്തും കൈത്തറി വസ്ത്രങ്ങള്‍ക്ക് പ്രിയമേറെയാണ്, പ്രത്യേകിച്ച് ഓണക്കാലത്ത്. ബാലരാമപുരത്തെ പാരമ്പര്യത്തിന്റെ ഈറ്റില്ലമായ നെയ്ത്തു ശാലകളില്‍ കൈത്തറി വസ്ത്രങ്ങള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഓണക്കാലത്ത് ബാലരാമപുരം കൈത്തറിക്ക് ആവിശ്യക്കാരേറെയാണ്. 200 വര്‍ഷത്തെ പാരമ്പര്യമുള്ള ലോകത്തിലെ തന്നെ അറിയപ്പെടുന്ന കൈത്തറി ശാലയാണ് ബാലരാമപുരം. അന്നത്തെ മഹാരാജാവായിരുന്ന ബലരാമ വര്‍മ്മ വള്ളിയൂര്‍ എന്ന പ്രദേശത്തു നിന്നു കൊണ്ടുവന്നവരാണ് ബാലരാമപുരം ചാലിയത്തെരുവിലെ നെയ്ത്തുകാര്‍. ഇവരുടെ പിന്മുറക്കാര്‍ ഇന്നും ബാലരാമപുരം കൈത്തറിയുടെ പാരമ്പര്യം നിലനിര്‍ത്തുന്നു. വൈവിധ്യമാര്‍ന്ന കസവു വസ്ത്രങ്ങളാണ് ഇവിടെ നെയ്‌തെടുക്കുന്നത്.
കൈത്തറി വിപണിക്ക് പ്രതിസന്ധികളേറെയാണ്. സഹകരണ സംഘം നിലച്ചതും വന്‍കിടക്കാരുടെ കടന്നുവരവും തിരിച്ചടിയായെങ്കിലും പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍ തേടി ആവശ്യക്കാര്‍ ഇന്നും എത്തുന്നു. ബാലരാമപുരം കൈത്തറിക്ക് പഴയ പെരുമ ഇന്നില്ല. ഹാന്‍ഡ്‌ലൂമിനു പകരം പവര്‍ലൂം തുണിത്തരങ്ങളാണ് ഇന്ന് വിപണിയില്‍ അധികവും. പണ്ട് നിരവധി നെയ്ത്തുശാലകള്‍ ഉണ്ടായിരുന്ന ചാലിയ തെരുവില്‍ ഇന്ന് ഒന്നോ രണ്ടോ നെയ്ത്തുശാലകള്‍ മാത്രമാണ് ഉള്ളത്. വിരലില്‍ എണ്ണാവുന്ന തൊഴിലാളികള്‍ മാത്രമേ ഇവിടുള്ളൂ.
കാലത്തിന്റെ മാറ്റത്തിനൊപ്പം പുതിയ ട്രെന്‍ഡുകള്‍ വസ്ത്രത്തില്‍ പരീക്ഷിക്കുകയാണ്. മ്യുറല്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്തുള്ള കസവുസാരികള്‍ ഇത്തരത്തിലുള്ള പരീക്ഷണമായിരുന്നു. ഇതു വിജയംകണ്ടു. ഇതിന് ആവശ്യക്കാര്‍ ഏറെയാണ്.
പൊന്നിന്‍ തിളക്കമുള്ള കസവുപുടവകള്‍ മലയാളികളുടെ സംസ്‌കാരത്തിന്റ ഭാഗമാണ്. ഓണക്കാലമായതോടെ ബാലരാമപുരത്തെ കൈത്തറി തെരുവില്‍ തിരക്കേറുകയാണ്. കൈത്തറി വസ്ത്രങ്ങള്‍ക്കായ് എത്തുന്നവരാണ് അധികവും.
Post Your Comments