ന്യൂഡല്‍ഹി: ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ (ഐടിബിപി) അംഗങ്ങളാകണമെങ്കില്‍ ഇനി ചൈനീസ് ഭാഷയായ മാന്‍ഡാരിന്‍ പഠിക്കണം. മാന്‍ഡാരിനും മാന്‍ഡാരിന്റെ വകഭേദവും(ടിബറ്റില്‍ സംസാരിക്കുന്ന ഭാഷ) പുതുതായി ചേരുന്നവര്‍ പഠിക്കേണ്ടത് നിര്‍ബന്ധമാക്കാന്‍ ഐടിബിപി തീരുമാനിച്ചു.
റിക്രൂട്ട് ചെയ്തവര്‍ക്കു നല്‍കുന്ന ആദ്യവര്‍ഷ പരിശീലനത്തിനിടെയാണ് ഭാഷകള്‍ പഠിക്കേണ്ടതെന്ന് മുതിര്‍ന്ന ഐടിബിപി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ചൈനയുമായി അതിര്‍ത്തി പങ്കിടുന്നിടങ്ങളിലാണ് ഐടിബിപി അംഗങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ ഓരോ അംഗങ്ങളും ചൈനീസ് ഭാഷകള്‍ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ചൈനീസ് സൈനികരുമായി ദിവസേന ആശയവിനിമയം നടത്തേണ്ടി വരാറുണ്ട്. അവരുടെ ഭാഷ മനസ്സിലാക്കാന്‍ സാധിക്കുന്നത് ആശവിനിമയത്തിനിടെ ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ സഹായിക്കും’ ഐടിബിപി അധികൃതര്‍ അറിയിച്ചു.
നിലവില്‍ ഐ ടി ബി പിയിലെ 150 ഓഫീസര്‍മാര്‍ക്കു മാത്രമാണ് ചൈനീസ് ഭാഷ അറിയാവുന്നത്. 90,000 ത്തോളം അംഗങ്ങളാണ് ഐടിബിപിയിലുള്ളത്. ഇവരാണ് 3488 കി മി ദൈര്‍ഘ്യം വരുന്ന ഇന്ത്യ ചൈന അതിര്‍ത്തി സംരക്ഷിക്കുന്നത്. മാന്‍ഡാരിന്‍, മാന്‍ഡാരിന്റെ വകഭേദമായ ടിബറ്റന്‍ ഭാഷ എന്നിവ പഠിപ്പിക്കാന്‍ 12 അധ്യാപകരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. പരിശീലനം ലഭിക്കുന്നവര്‍ക്ക് പിന്നീട് റിഫ്രഷര്‍ കോഴ്‌സുകളും ലഭിക്കും. യൂണിറ്റിലെ മറ്റ് അംഗങ്ങളെ പരിശീലിപ്പിക്കാന്‍ ഇവരുടെ സഹായം തേടുകയും ചെയ്യും.
Post Your Comments