കൊച്ചി: കേരളത്തില്‍ സ്ത്രീകളുടെ ചേലാകര്‍മം എന്ന ദുരാചാരം നിലവിലുണ്ടോ എന്ന കാര്യത്തെ പറ്റി തർക്കം നടക്കുമ്പോൾ താന്‍ ചേലാകര്‍മത്തിന് വിധേയയായി എന്ന അനുഭവസാക്ഷ്യവുമായി ഒരു യുവതി. ഗവേഷണ വിദ്യാര്‍ഥിനിയായ ഷാനിയാണ് ഇതുസംബന്ധിച്ച കുറിപ്പെഴുതിയത്
ഷാനിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഞാന്‍ ഷാനി എസ്.എസ്. ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചു. ഇപ്പോള്‍ ഗവേഷക വിദ്യാര്‍ഥിനി. മാതൃഭൂമി പത്രത്തില്‍ വന്ന (27/08/’17) ‘കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കും ചേലാകര്‍മം’ എന്ന വാര്‍ത്തയാണ് ഈ കുറിപ്പെഴുതാന്‍ കാരണം. 1988 ഓക്ടോബര്‍ പന്ത്രണ്ടിനാണ് എന്റെ കഥ തുടങ്ങുന്നത്. അന്നാണ് ഞാന്‍ ജനിച്ചത്. എന്റെ ഉമ്മയുടെ പതിനാറാം വയസ്സില്‍. അതുകൊണ്ടുതന്നെ ഉമ്മ-മകള്‍ എന്ന ബന്ധത്തെക്കാളുപരി ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. ‘എന്തും തുറന്നുപറയുന്ന കൂട്ടുകാര്‍’ (?) നല്ല സ്പര്‍ശം ചീത്ത സ്പര്‍ശം എന്നിവയൊക്കെ ഉമ്മ പറഞ്ഞുതന്നിരുന്നു. പക്ഷേ, സ്ത്രീ ശരീരത്തെക്കുറിച്ചോ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ ഉമ്മ ഒന്നും പറഞ്ഞുതന്നിരുന്നില്ല. ഏതാണ്ടെല്ലാവരെയും പോലെ കൂട്ടുകാരെയായിരുന്നു ഈ വിവരങ്ങള്‍ക്ക് ഞാനും ആശ്രയിച്ചിരുന്നത്.
കല്യാണം കഴിഞ്ഞതിനുശേഷമാണ് എന്തൊക്കെ അബദ്ധധാരണകളാണ് വെച്ചുപുലര്‍ത്തിയിരുന്നത് എന്നു മനസ്സിലായത്. ഞാന്‍ പഠിച്ചു. ഡിഗ്രി പൂര്‍ത്തിയായി. കല്യാണം കഴിക്കാന്‍ വേണ്ട ‘യോഗ്യത’യായി. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ എനിക്കു വീണ്ടും പഠിക്കാന്‍ അവസരം കിട്ടി. ഞാന്‍ ജീവിതത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത കോഴ്സ് ആയ എം.എസ്.ഡബ്ല്യു. പഠിക്കാന്‍ തിരുവനന്തപുരത്തെ ലയോള കോളേജില്‍ ചേര്‍ന്നു. അവിടെവെച്ചാണ് എനിക്ക് പല തിരിച്ചറിവുകളും ഉണ്ടായത്.
ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയം പഠിപ്പിക്കാന്‍ ഒരു ഡോക്ടര്‍ കോളേജില്‍ വന്നു. ആണ്‍ശരീരത്തെക്കുറിച്ചും പെണ്‍ശരീരത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ‘ഇതൊക്കെ എത്ര കേട്ടിരിക്കുന്നു’ എന്ന മട്ടില്‍ ഞാന്‍ ഇരുന്നു.
അപ്പോഴാണ് അദ്ദേഹം യോനീച്ഛദത്തെക്കുറിച്ച് (ക്ലിറ്റോറിസ്) പറഞ്ഞത്. സ്ത്രീയ്ക്ക് രതിസുഖം കൂടുതല്‍ കൊടുക്കുന്ന അവയവം! ചിത്രവും കാണിച്ചു. ഞാന്‍ പടത്തിലേക്കു സൂക്ഷിച്ചുനോക്കി. ഇങ്ങനെയൊരു ഭാഗം എന്റെ ശരീരത്തിലുമുണ്ടോ? ഞാന്‍ ഇതുവരെ ശ്രദ്ധിച്ചില്ലല്ലോ? ക്ലാസ് കഴിഞ്ഞ് ഞാന്‍ എന്റെ ശരീരം പരിശോധിച്ചു. ഇല്ല, എന്റെ ശരീരത്തില്‍ അങ്ങനെ ഒരവയവമില്ല. നാലുമാസം കഴിഞ്ഞ് കോളേജില്‍ ‘സഖി’ എന്ന സംഘടനയുടെ ക്ലാസ് നടന്നു. അവര്‍ ചേലാകര്‍മത്തെക്കുറിച്ച് പറഞ്ഞു. ഉത്തരേന്ത്യയിലെ പ്രാകൃതമായ രീതിയാണിതെന്നും പറഞ്ഞു. ഞാന്‍ വീണ്ടും എനിക്കില്ലാത്ത അവയവത്തെക്കുറിച്ച് ഓര്‍ത്തു. എന്റെ വീട്ടുകാര്‍ എന്നെയും പ്രാകൃതരീതിയില്‍ കൈകാര്യം ചെയ്തോ? ഒരിക്കലുമില്ല. അവര്‍ അത്ര കാടത്തമുള്ളവരല്ല. പിന്നെ ഇതൊക്കെ ഉത്തരേന്ത്യയില്‍ മാത്രം നടക്കുന്ന കാര്യമല്ലേ? പഠനവും പ്രണയവുമായി ഞാന്‍ നടന്നു.
ഇതിനിടെ പലതും വായിച്ചുകൊണ്ടിരുന്നു. വായനയ്ക്കിടെ കിട്ടിയ അറിവുകള്‍ പങ്കുവെച്ചപ്പോള്‍ വാപ്പയുടെ അനിയന്റെ ഭാര്യ പറഞ്ഞു: ”നമ്മുടെ നാട്ടിലോ വീട്ടിലോ പെണ്‍കുട്ടികള്‍ക്കു സുന്നത്ത് കല്യാണം നടത്താറില്ല. ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെ കേള്‍ക്കുന്നത്.” ഇതുകേട്ട് വാപ്പയുടെ ഉമ്മയുടെ മറുപടി: ”സുന്നത്തു കല്യാണം നടത്താത്ത സ്ത്രീകള്‍ മുസ്ലിങ്ങളല്ല. മുസ്ലിം ആവണമെങ്കില്‍ സുന്നത്ത് കല്യാണം നടത്തണം.” അപ്പോഴാണ് ഞാന്‍ വീണ്ടും എന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചത്. എന്റെ അവയവം എങ്ങനെയാണ് എന്നെ വിട്ടുപോയതെന്ന് എനിക്കു മനസ്സിലായി. ഞാനും ചേലാകര്‍മത്തിനു വിധേയയാക്കപ്പെട്ടു എന്ന തിരിച്ചറിവ് എന്നെ വിഷമിപ്പിച്ചു.
മുറിച്ചുമാറ്റപ്പെട്ട അവയവത്തിന്റെ അഭാവം എന്റെ ലൈംഗികജീവിതത്തെ സാരമായി ബാധിച്ചു. ‘ലൈംഗികത വിവാഹജീവിതത്തിന്റെ ഒരുഭാഗം മാത്രമാണ്. അതിനുവേണ്ടിയല്ല ഞാന്‍ നിന്നെ കെട്ടിയത്’ എന്ന് സമാധാനിപ്പിച്ച എന്റ ജീവിതപങ്കാളി തന്ന ധൈര്യം ചെറുതല്ല. വിവാഹശേഷം ഞാന്‍ എന്റെ ഉമ്മയോട് ചേലാകര്‍മത്തെക്കുറിച്ചു സംസാരിച്ചു. എന്തിനാണിത് ചെയ്യുന്നത് എന്നു ചോദിച്ചപ്പോള്‍ ഉമ്മ പറഞ്ഞതിങ്ങനെയാണ്: ”പണ്ടുള്ള വിവരമുള്ള ആള്‍ക്കാര്‍ ചെയ്യുന്നതുപോലെ നമ്മളും ചെയ്യുന്നു.” ഉമ്മയ്ക്ക് ഇതേക്കുറിച്ച് ഒരു ക്ലാസ് തന്നെ ഞാന്‍ കൊടുത്തു. അതിനുള്ള മറുപടി ഇതായിരുന്നു: ”അത് ഉണ്ടെങ്കിലല്ലേ അതുള്ളപ്പോഴാണോ ഇല്ലാത്തപ്പോഴാണോ കൂടുതല്‍ ആനന്ദം എന്ന് അറിയാന്‍ പറ്റൂ. അതിപ്പോ ഇല്ലല്ലോ. പിന്നെ വെച്ചുപിടിപ്പിക്കാനും പറ്റില്ലല്ലോ. എന്തയാലും ഞാന്‍ നാലുപെറ്റു. കുട്ടികളെ ഉ?ണ്ടാക്കാനല്ലേ ഈ പ്രക്രിയയൊക്കെ.”
2012-ല്‍ ഞാന്‍ മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്) എംഫിലിനു ചേര്‍ന്നു. ഒരു സായാഹ്നത്തില്‍ ജീവിതത്തില്‍ ആദ്യമായി എന്റെ ജീവിത പങ്കാളിയോടല്ലാതെ ഇക്കാര്യം ഞാന്‍ പങ്കുവെച്ചു, ചില സൃഹൃത്തുക്കളോട്. ഞെട്ടലോടെയാണ് അവരതു കേട്ടത്. നീ ഇതേക്കുറിച്ചു എഴുതണമെന്ന് അന്നുമുതല്‍ അവര്‍ പറയുന്നു. പുറത്തുപറയാനുള്ള മടികൊണ്ടോ, പേടികൊണ്ടോ ഞാന്‍ ഒന്നും എഴുതിയില്ല. പലരും പലതവണ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോഴും ഞാന്‍ മിണ്ടിയില്ല. മുംബൈയിലെ ബോറ മുസ്ലിങ്ങള്‍ക്കിടയില്‍ ഈ അനാചാരം ഉണ്ടെന്ന് ടിസ്സിലെ ഒരു എം.എ. പ്രബന്ധം കാണാനിടയായി. പിഎച്ച്.ഡിക്ക് കേരളത്തിലെ ചേലാകര്‍മത്തെക്കുറിച്ച് പഠിച്ചാലോ എന്നു ചിന്തിച്ചു. ഗൈഡുമായി ചര്‍ച്ച ചെയ്തു. ഇതേക്കുറിച്ച് പറയാന്‍ ആളെക്കിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
‘പഠനം പാതിയില്‍ ഉപേക്ഷിക്കേണ്ടിവരും. ആരും തുറന്നുപറയില്ല.’ അതു സത്യവുമായിരുന്നു. കേരളത്തിലെ പല മുസ്ലിം സുഹൃത്തുക്കളോടും ഇതേക്കുറിച്ചു ചോദിച്ചു. ആരും കേട്ടിട്ടു പോലുമില്ല. അതില്‍ അദ്ഭുതമൊന്നുമില്ല. ഞാന്‍ തന്നെ എനിക്ക് ക്ലിേറ്റാറിസില്ല എന്നറിയുന്നത് എന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ്. എന്റെ വീട്ടുകാര്‍ പോലും എന്നോട് തുറന്നു പറയുന്നില്ല. പിന്നെങ്ങനെ മറ്റുള്ളവര്‍ പറയും. അതുകൊണ്ട് ഞാന്‍ ആ പഠനം വേണ്ടെന്നുവെച്ചു.
പക്ഷേ, ഇതേക്കുറിച്ച് വായിച്ചുകൊണ്ടേയിരുന്നു. വായിച്ചപ്പോള്‍ മനസ്സിലായ കാര്യങ്ങളിവയാണ്.
1) പുരുഷന് ചേലാകര്‍മം പ്രയോജനകരമാണ്. സ്ത്രീകളിലത് ലൈംഗികസുഖം കുറയ്ക്കാനാണ് ഉപകരിക്കുന്നത്.
2) ചേലാകര്‍മം എല്ലാ മുസ്ലിങ്ങളും ചെയ്യുന്നില്ല.
3) ഖുര്‍ആനില്‍ എവിടെയും പെണ്‍ചേലാകര്‍മത്തെക്കുറിച്ച്
പ്രതിപാദിക്കുന്നില്ല.
4) പുരുഷന്മാരുടെ സുന്നത്തുകല്യാണം നാലാള്‍ അറിഞ്ഞു നടത്തുമ്ബോള്‍ പെണ്‍കുഞ്ഞുങ്ങളുടേത് വീടിന്റെ പിന്നാമ്ബുറങ്ങളില്‍ രഹസ്യമായി ചെയ്യുന്നു.
5) കര്‍മം കഴിഞ്ഞ് മുറിവുപഴുത്ത് സെപ്റ്റിക് ആയി പല കുഞ്ഞുങ്ങളും മരണത്തിനു കീഴടങ്ങുന്നു.
6) കേരളത്തില്‍ പല ആസ്പത്രികളിലും ഇത് ചെയ്തുകൊടുക്കുന്നു.
പലരും ഘോരഘോരം പ്രസംഗിക്കുന്നതും തര്‍ക്കിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ ഇത്രയും പ്രാകൃതമായ സംഭവം നടക്കുന്നില്ല എന്ന്. അപ്പോഴും ഞാന്‍ മൗനം പാലിച്ചു. ചിലപ്പോള്‍ എന്റെ കുടുംബത്തില്‍ മാത്രം നടക്കുന്ന കാര്യമാണെങ്കിലോ. പക്ഷേ, ഞായറാഴ്ചത്തെ മാതൃഭൂമി പത്രം കണ്ടപ്പോള്‍, ഇത് പ്രബുദ്ധകേരളത്തില്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ സത്യത്തില്‍ ഞെട്ടലൊന്നും തോന്നിയില്ല.
(ഈ കുറിപ്പ് ഞാന്‍ ജനിച്ചുവളര്‍ന്ന എന്റെ മതത്തെ അവഹേളിക്കാനോ എന്റെ കുടുംബത്തെ താഴ്ത്തിക്കെട്ടാനോ ഉപയോഗിക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നു)
ഒരു ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ചതാണ് ഈ കുറിപ്പ്
Post Your Comments