Latest NewsNewsIndia

ഗതിനിര്‍ണ്ണയത്തിനുള്ള ഇന്ത്യയുടെ നാവിക് ശൃംഖലയിലേക്ക് പുതിയ ഉപഗ്രഹം

തിരുവനന്തപുരം: ഇന്ത്യയുടെ ഗതി നിര്‍ണയ ഉപഗ്രമായ നാവിക് ഉപഗ്രഹ ശൃംഖലയിലേക്ക് പുതിയ ഉപഗ്രഹം 31ന് വിക്ഷേപിക്കും. ഏഴംഗ നാവിക് ശൃംഖലയിലെ കേടായ ഒന്നിന് പകരമുള്ള പുതിയ ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വ്യാഴാഴ്ച പറന്നുയരുക.

221 കോടി ചെലവിട്ട് വിക്ഷേപിക്കുന്ന ഐ.ആര്‍.എന്‍.എസ്.എസ്. 1 എച്ച്. എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണ വാഹനം പി.എസ്.എല്‍. വി. സി 39 ആണ്. 35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലായിരിക്കും ഈ ഉപഗ്രഹം സ്ഥാപിക്കുക.

ഗതിനിര്‍ണ്ണയ സംവിധാനത്തിന് തുടക്കമിട്ട് ആദ്യം വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ് – ഒന്ന് എന്ന ഉപഗ്രഹത്തിനാണ് തകരാറുണ്ടായത്. ഇതിലെ മൂന്ന് റുബിഡിയം അറ്റോമിക് ക്‌ളോക്കുകളും പ്രവര്‍ത്തിക്കുന്നില്ല. ഇത് നാവിക് ഉപയോഗിച്ചുള്ള സ്ഥാന നിര്‍ണയത്തിന്റെ കൃത്യതയെ ബാധിക്കും. ക്‌ളോക്കുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ നാവികിന്റെ പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനം ജനുവരി മുതല്‍ നിറുത്തി വച്ചിരിക്കുകയാണ്.

അടുത്തവര്‍ഷം ആദ്യം നാവികിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം ആരംഭിക്കാനിരിക്കെയാണ് തിരക്കിട്ട് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. 1420 കോടി ചെലവിട്ട് കഴിഞ്ഞവര്‍ഷം ഇന്ത്യ യാഥാര്‍ത്ഥ്യമാക്കിയ നാവിക് ഗതിനിര്‍ണ്ണയ സംവിധാനം അമേരിക്കയുടെ ജി.പി.എസ്, റഷ്യയുടെ ഗ്‌ളാസ്‌നോസ്, യൂറോപ്പിന്റെ ഗലീലിയോ തുടങ്ങിയവയെ അപേക്ഷിച്ച് കൂടുതല്‍ കൃത്യതയാര്‍ന്നതാണ്.

ഇന്ത്യയുടെ 1500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നാവികിന്റെ ദൃശ്യപരിധിയില്‍ വരും. ഏഴ് ഉപഗ്രഹങ്ങളും ഭൂമിയില്‍ രണ്ട് സ്റ്റേഷനുകളുമായി സുശക്തമായ സംവിധാനം. 24 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ആഗോള ഗതിനിര്‍ണ്ണയ സംവിധാനം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഐ.എസ്.ആര്‍.ഒ.
കരയില്‍ വാഹനങ്ങള്‍ക്കും കടലില്‍ കപ്പലുകള്‍ക്കും ആകാശത്ത് വിമാനങ്ങള്‍ക്കും ഗതാഗതത്തിന് ദൃശ്യ, ശ്രവ്യ ഗതിനിര്‍ണ്ണയ സേവനം. ദുരന്തനിവാരണ സേവനം കാണാതാകുന്ന കപ്പലുകളെ തെരയാം തുടങ്ങിയവയാണ് ഇതുകൊണ്ടുള്ള പ്രയോജനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button