പഞ്ച്കുള: ഹരിയാനയിൽ പൊട്ടിപ്പുറപ്പെട്ട അക്രമം തടയുന്നതിൽ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ. ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹിം സിങ്ങിന്റെ അറസ്റ്റിനെ തുടർന്നാണ് അവിടെ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. എന്നാൽ അധികം വൈകാതെ പ്രതിരോധ നടപടികൾ സ്വീകരിക്കാനായി. പാളിച്ചകൾ എവിടെയൊക്കെ പറ്റിയെന്ന് പരിശോധിക്കും. പഞ്ച്കുളയിൽ നിന്നു വിധി വരുന്നതിനു മുൻപ് റാം റഹീമിന്റെ അനുയായികളെ മാറ്റിയതാണ്.
പക്ഷേ ആൾക്കൂട്ടം വൻതോതിൽ എത്തിയതോടെ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു. അക്രമത്തിനു കാരണം ആൾക്കൂട്ടത്തിലേക്കു നുഴഞ്ഞു കയറിയ ചിലരാണ്. അക്രമങ്ങൾക്ക് ഇരയായവർക്കെല്ലാം നഷ്ടപരിഹാരം നൽകുമെന്നും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മാധ്യമപ്രവർത്തകുടെ ചോദ്യത്തിനു മറുപടിയായി ഖട്ടർ വ്യക്തമാക്കി. ഹരിയാനയിലെ ജില്ല തിരിച്ചുള്ള ക്രമസമാധാന റിപ്പോർട്ട് മുഖ്യമന്ത്രിയോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആയിരത്തോളം പേർക്കാണ് പരുക്കേറ്റത്. നൂറു കണക്കിന് വാഹനങ്ങൾക്ക് തീയിട്ടു. പ്രശ്നബാധിത മേഖലകളിലെല്ലാം സൈന്യത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. റാം റഹിമിന്റെ അറസ്റ്റിനെ തുടർന്ന് ഒന്നരലക്ഷത്തോളം അനുയായികളാണ് തെരുവിലേക്കിറങ്ങിയത്. അക്രമസാധ്യതയെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും ഇത്രയും പേർ എങ്ങനെ ഇവിടെയെത്തിയെന്ന് വിശദീകരണം നൽകണമെന്ന് പഞ്ചാബ്–ഹരിയാന ഹൈക്കോടതിയും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments