മുത്തലാഖ് കേസ് ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായത് സൈറാ ബാനു എന്ന യുവതിയുമായി ബന്ധപ്പെട്ട കേസ് ആണ്. ഉത്തര്‍ പ്രദേശുകാരിയായ ബാനുവിന്റെ വിവാഹ ജീവിതം അവസാനിച്ചത് ഫോണ്‍ വഴിയുള്ള മൊഴി ചൊല്ലലിലൂടെയാണ്. ഇവര്‍ക്കൊപ്പം സമാനമായ അനുഭവമുള്ള നിരവധി പേരും ചേര്‍ന്നപ്പോള്‍ പിന്തുണയ്ക്കാന്‍ പ്രമുഖരും ഒപ്പം ചേരുകയായിരുന്നു. അങ്ങനെ സുപ്രീംകോടതിയിലെത്തിയ കേസിന്റെ വിധി ഇന്നലെ വന്നു. വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചാണ് സൈറാ ബാനു പ്രതികരിച്ചത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സൈറാ ബാനു പറഞ്ഞു. മുസ്ലിം വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ഇന്ന് ഐതിഹാസിക ദിനമാണെന്നും ബാനു കൂട്ടിച്ചേര്‍ത്തു.
1. നരേന്ദ്ര മോദി
മുസ്ലിം വനിതകള്‍ക്ക് സമത്വമേകുന്ന ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയുടെത്. വനിതാ ശാക്തീകരണത്തിനുള്ള ശക്തമായ നടപടിയായി ഇത് മാറും.
2. രാഹുല്‍ ഗാന്ധി ( കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ )
മുത്തലാഖ് വിധിയെ സ്വാഗതം ചെയ്യുന്നു. വനിതകളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തിയ വിധിയാണിത്. ഈ വിധിക്കായി ഹര്‍ജി നല്‍കിയ മുസ്ലിം വനിതകളെ അഭിനന്ദിക്കുന്നു.
3. അമിത് ഷാ ( ബിജെപി ദേശീയ അധ്യക്ഷൻ)
സുപ്രീം കോടതി വിധിയെ സ്വഗതം ചെയ്യുന്നു. തുല്യതയിലേക്കുള്ള മുസ്ലീം സ്ത്രീകളുടെ യാത്രയ്ക്ക് പുതുയുഗപ്പിറവിയാണ് ഇത് നല്‍കുന്നത്.
4. മനേക ഗാന്ധി (കേന്ദ്ര മന്ത്രി )
കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നു. മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ലിംഗ സമത്വത്തിലേക്കുള്ള ചുവടുവയ്പ്പാണ്.
5. പി.കെ കുഞ്ഞാലിക്കുട്ടി എം.പി.(മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി)
മുത്തലാഖ് നിരോധനത്തെ കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം.
ഇത്രയും വലിയൊരു വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയപരമായി ഇടപെട്ടാല്‍ അതിനെ മുസ്ലീം ലീഗ് എതിര്‍ക്കും. സുപ്രീം കോടതി വിധി വന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കരുത്.
6. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ( പ്രസിഡന്റ്, സമസ്ത കേരള ജമിയത്തുല്‍ ഉലമാ )
മുസ്ലിം വിവാഹമോചനം സംബന്ധിച്ചു നിയമ നിര്‍മാണം നടത്തുന്നതില്‍ കുഴപ്പമില്ല. എങ്കില്‍ ശരിയത്ത് വ്യവസ്ഥകള്‍ പാലിച്ച് വേണം ഇത് നടപ്പിലാക്കാന്‍. മുസ്ലിം നേതാക്കളെ ഉള്‍പ്പെടുത്തി വിശദമായി ചര്‍ച്ച ചെയ്യുക തന്നെ വേണം. വ്യക്തി സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന നിലപാട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല എന്നാണു കരുതുന്നത്.
7. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിഅര്‍ ( അഖിലേന്ത്യാ സുന്നി ജമിയത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി)
ഇസ്ലാമിന്റെ നിയമമനുസരിച്ച് തലാഖിനു വലിയ പ്രാധാന്യമുണ്ട്. അത് മത സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ വിധി പുന;പരിശോധിക്കപ്പെടണം. മത പണ്ഡിതരുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തണം.
8. ഡോ ഹുസൈന്‍ മടവൂര്‍ ( കേരള നദ്വത്തുല്‍ മുജാഹിദീന്‍ വൈസ് പ്രസിഡന്റ് )
സുപ്രീം കോടതിയുടെ പുതിയ നിയമം ഒട്ടും സ്വീകാര്യമല്ല. വിവാഹമോചനത്തിന് തലാഖ് അല്ലാത്ത നിയമനിര്‍മാണം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ ആവില്ല.
9. എ.ഐ.അബ്ദുല്‍ അസീസ് (ജമാഅത്ത് ഇസ്ലാമി, കേരള അമീര്‍)
മൌലികാവകാശങ്ങളുടെ ലംഘനവും ഭരണഘടനാ ഉറപ്പു നല്‍കുന്ന ന്യൂനപരിരക്ഷയ്ക്ക് വിരുദ്ധവുമാണ് സുപ്രീം കോടതിയുടെ പുതിയ നിലപാട്. മുസ്ലിം പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി വേണം പുതിയ നിയമ നിര്‍മാണം.
Post Your Comments