CinemaLatest NewsKeralaNews

ദിലീപിന്റെ അഭിഭാഷകന്റെ വാദങ്ങള്‍ ഇങ്ങനെ

ആക്രമിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണു കേസിലെ സാക്ഷികള്‍. ക്വട്ടേഷനാണെന്ന് ആദ്യം തന്നെ നടി മൊഴി നല്‍കിയിട്ടും ഇതെക്കുറിച്ചു പൊലീസ് അന്വേഷിച്ചില്ല. ആരെയെങ്കിലും സംശയമുണ്ടോ എന്നു പോലും ചോദിച്ചില്ല. ഇതു മറ്റാരെയോ രക്ഷിക്കാനുള്ള ശ്രമമാണ്. മേല്‍നോട്ട ചുമതലയുള്ള എഡിജിപി ബി. സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ കേസില്‍ തൊടാന്‍ അനുവദിച്ചില്ല. പൊതുജന വികാരം തനിക്കെതിരെയാക്കാന്‍ പൊലീസ് ബോധപൂര്‍വമായ ശ്രമം നടത്തി.

അറസ്റ്റിനു പിന്നാലെ ഭൂമി കയ്യേറ്റം, ഹവാല തുടങ്ങിയ ആരോപണങ്ങളുണ്ടാകുകയും അന്വേഷണത്തില്‍ കഴമ്പില്ലെന്നു വ്യക്തമാകുകയും ചെയ്തതു വന്‍ഗൂഢാലോചനയുടെ തെളിവാണ്. മാധ്യമങ്ങളും വേട്ടയാടുന്നു. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചു പൊലീസ് കുരിശിലേറ്റുന്നു. സുനില്‍ ജയിലില്‍ നിന്ന് എഴുതിയെന്നു പറയുന്ന കത്ത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണു സുനില്‍ പറയുന്നത്. അതില്‍ സത്യമുണ്ടെങ്കില്‍ പണം കൊടുത്തു കേസ് ഒതുക്കാന്‍ ശ്രമിക്കില്ലേ?

സുനിലും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കും? മൊബൈല്‍ ടവറിനു മൂന്നു കിലോമീറ്ററിലേറെ പരിധിയുണ്ട്. ഷൂട്ടിങ്ങിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നു ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ല. സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ പുറത്തുനിന്നു ഗൂഢാലോചന നടത്തേണ്ടതുണ്ടോ? പൊലീസ് കണ്ടെടുത്ത ഒന്‍പതു മൊബൈല്‍ ഫോണുകളില്‍ നിന്ന് സുനിയുടെ ഒരു കോള്‍ പോലും ദിലീപിനു പോയിട്ടില്ല. നാലുവര്‍ഷത്തെ ഗൂഢാലോചന ആയിരുന്നെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കില്ലേ?

സാക്ഷികളെയുണ്ടാക്കാന്‍ പൊലീസ് കഥ മെനയുകയാണ്. സുനില്‍ ഒട്ടേറെ കേസുകളില്‍പ്പെട്ടയാളാണ്. ദിലീപിനോടു ശത്രുതയുള്ള തീയറ്റര്‍ ഉടമയും പരസ്യ സംവിധായകനും മറ്റും ശക്തമായ നീക്കങ്ങള്‍ക്കു കഴിവുള്ളവരാണ്. അറസ്റ്റ് എന്തിനാണെന്നു പോലും അറിയില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാണെന്നു പറഞ്ഞ് ഇനിയും കസ്റ്റഡിയില്‍ വയ്ക്കുന്നതു ന്യായമല്ല. ഫോണ്‍ എവിടെനിന്നു കണ്ടെടുക്കുമെന്നു പൊലീസ് വ്യക്തമാക്കണമെന്നും ഹര്‍ജിഭാഗം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button