1.മുത്തലാഖിന് രാജ്യത്ത് നിരോധനം. ആറു ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും, ലിംഗ സമത്വവും, അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് പരിശോധിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യു.യു. ലളിത്, ആര്‍.എഫ്. നരിമാന്‍ എന്നിവരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. മുത്തലാഖ് മതപരമായ മൗലികാവകാശമാണെന്ന വാദവും ഭരണഘടന ബെഞ്ച് പരിശോധിച്ചു. 15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള സൈറ ബാനു, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, തുടങ്ങിയവരുടെ ഹര്‍ജികള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു.
2.ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ ബഹളം. അടിയന്തര പ്രമേയ നോട്ടിസിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം
രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളും ബാനറുകളുമായി ബഹളം തുടങ്ങുകയായിരുന്നു. ശൈലജ രാജിവയ്ക്കുക, ഇല്ലെങ്കിൽ മന്ത്രിസഭയിൽനിന്നു മുഖ്യമന്ത്രി പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. സഭാ ഹാളിന്റെ കവാടത്തിൽ നടക്കുന്ന പ്രതിഷേധത്തില്‍ എൻ. ഷംസുദ്ദീൻ, ടി.വി. ഇബ്രാഹിം, എൽദോസ് കുന്നപ്പള്ളി, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ എന്നിവരാണു രാപകൽ സത്യാഗ്രഹം നടത്തുന്നത്.
3. പിന്തുണ പിന്‍വലിക്കുന്നുവെന്ന് 19 എം.എല്‍.എമാര്‍; തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി
ജയിലില്‍ കഴിയുന്ന അണ്ണാ .ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ അനുകൂലിക്കുന്ന 19 എം.എല്‍.എമാര്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ചതായി ഗവര്‍ണറെ കണ്ട് അറിയിച്ചു. ഇന്ന് രാവിലെയാണ് ശശികലയുടെ മരുമകന്‍ ടി.ടി.വി. ദിനകരന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ഭരണകക്ഷി ന്യൂനപക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നീക്കണമെന്നാണ് ഇവരുടെ ആവശ്യം. തിങ്കളാഴ്ചയാണ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുമുള്ള പാര്‍ട്ടിയിലെ രണ്ട് പക്ഷങ്ങള്‍ ലയിച്ചതായി പ്രഖ്യാപിച്ചത്. ശശികലയെ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് പുറത്താക്കാന്‍ പ്രമേയം പാസ്സാക്കുകയും ചെയ്തു. ഈ ലയനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് ദിനകരന്റെ നേതൃത്വത്തിലുള്ള എം.എല്‍.എമാര്‍ ഗവര്‍ണറെ അറിയിച്ചത്.
4.158 വര്‍ഷമായ് മണിക്കൂര്‍ തോറും മണിനാദം മുഴക്കി ആളുകളെ സമയമോര്‍പ്പെടുത്തിയിരുന്ന ലണ്ടനിലെ ബിഗ്ബെന്‍ ഇനി നാല് വര്‍ഷത്തേക്ക് ശബ്ദിക്കില്ല.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഘടികാര ഗോപുരങ്ങളിലൊന്നാണ് ലണ്ടനിലെ ബിഗ്ബെന്‍. ലണ്ടന്റെ മുഖമായ ക്യൂന്‍ എലിസബത്ത് ടവറിന്റയും ക്ലോക്കിന്റെയും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് വേണ്ടിയാണ് ബിഗ് ബെന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. 240 കോടി രൂപ ചെലവഴിച്ചാണ് 96 മീറ്റര്‍ ഉയരമുള്ള എലിസബത്ത് ടവിന്റെയും ക്ലോക്കിന്റെയും മുഖം മിനുക്കുന്നത്. 13.7 ടണ്‍ ഭാരവും 7 അടി 2 ഇഞ്ച് വലിപ്പവുമാണ് ബിഗ് ബെന്നിനുള്ളത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍പെട്ട ചരിത്ര സ്മാരകം കൂടിയാണ് ബിഗ്ബെന്നുള്ള ഈ ടവര്‍.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി. ഇത് മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തുന്നതും സ്ത്രീശാക്തീകരണത്തിന്‌ഊര്‍ജം പകരുന്നതാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
2.സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ ശാസന
3. നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് പങ്കില്ലെന്ന് പള്‍സര്‍ സുനി. അതേ സമയം നടി കാവ്യാമാധവന് താനുമായി നല്ല പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ലെന്നും സുനി പറഞ്ഞു.
4.വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍.
5.മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നു പരാതിക്കാരിയും മുത്തലാഖിന്റെ ഇരയുമായ സൈറാ ബാനു. മുസ്ലിം വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചതിനു ശേഷം മാത്രം സംസ്ഥാനങ്ങള്‍ ഇതില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും സൈറ ബാനു
6..ആരോഗ്യമുള്ള കുട്ടികള്‍, ആരോഗ്യമുള്ള രാജ്യം’പദ്ധതി ഇന്ത്യയിലെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍. വിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ക്കെന്താണ് ലഭിക്കുന്നതെന്ന് വിലയിരുത്തുമെന്നും മന്ത്രി.
7.നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി അന്വേഷണസംഘം. 2013 മാര്‍ച്ച് 13ന് ദിലീപും സുനില്‍കുമാറും അബാദ് പ്ലാസയില്‍ കൂടിക്കാഴ്‌ച നടത്തിയതിന് സാക്ഷികളുണ്ടെന്നും പൊലീസ് പറയുന്നു.
8.ബ്ലൂ വെയില്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടെ പിടിയില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ പദ്ധതിയുമായി ഹരിയാന സര്‍ക്കാര്‍. അഞ്ച് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ബ്ലൂവെയില്‍ ചലഞ്ചില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവത്കരണം നടത്താനാണ് നീക്കം.
9.എസ്ബിഐ എടിഎം കാര്‍ഡുകള്‍ കൂട്ടത്തോടെ അസാധുവാക്കുന്നു. ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ തടയാനാണ് എസ്ബിഐ സുരക്ഷിതമല്ലാത്തതും പഴയതുമായ എടിഎം കാര്‍ഡുകള്‍ അസാധുവാക്കുന്നത്.
10..പാകിസ്താന്‍, തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താനിലെ തീവ്രവാദ താവളങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും ട്രംപ്.
Post Your Comments