കോഴിക്കോട്: പ്രകാശത്തിന്റെ കാന്തികസ്വഭാവം വഴി മെമ്മറി റിക്കോര്‍ഡിങ്. മലയാളി ഗവേഷകന്റെ കണ്ടെത്തൽ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ജര്‍മനിയില്‍ ഗ്രെയ്ഫ്സ്വാള്ഡ് സര്‍വ്വകലാശാലയിലെ മലയാളി ഗവേഷകന് റോബിന് ജോണും സംഘവുമാണ് ‘ഒരു മാഗ്നെറ്റിക് റെക്കോര്‍ഡിങ് മീഡിയത്തിന്റെ കാന്തികതയെ, പ്രകാശരശ്മികള്‍ മാത്രമുപയോഗിച്ച് ഇഷ്ടമുള്ള ദിശയിലേക്ക് തിരിക്കാനാകും’ എന്നാണ് കണ്ടെത്തിയത്.
പ്രകാശത്തിന് ഒരേ സമയം വൈദ്യുത സ്വഭാവവും കാന്തിക സ്വഭാവവുമുണ്ട്. പ്രകാശം വൈദ്യുതകാന്തിക തരംഗമാകുന്നത് അതുകൊണ്ടാണ്. ജെയിംസ് ക്ലാര്‍ക്ക് മാക്സ്വെല് എന്ന വിഖ്യാത ശാസ്ത്രജ്ഞന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ കണ്ടെത്തിയതാണ് പ്രകാശത്തിന്റെ വൈദ്യുതകാന്തിക സ്വഭാവം. ഈ പശ്ചാത്തലത്തിലാണ് ഇവരുടെ കണ്ടുപിടുത്തം.
പുതിയ കണ്ടെത്തലിലേക്ക് ഗവേഷകരെ നയിച്ചത് കാന്തത്തിന്റെ സഹായമില്ലാതെ, പ്രകാശത്തിന്റെ കാന്തിക സ്വഭാവം മാത്രം പ്രയോജനപ്പെടുത്തി മാഗ്നറ്റിക് ബിറ്റുകളുടെ കാന്തികത നിയന്ത്രിക്കാന്‍ സാധിക്കുമോ എന്ന അന്വേഷണമാണ്. ‘സയന്റിഫിക് റിപ്പോര്‍ട്ട്സി’ലാണ് മെമ്മറി റിക്കോര്‍ഡിങ് മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുന്ന ഈ പഠനത്തിന്റെ വിവരം പ്രസിദ്ധീകരിച്ചത്.
പ്രൊഫസര്‍ മാര്‍ക്സ് മുന്സിന്ബര്ഗിന്റെ മേല്‍നോട്ടത്തിലാണ് മെമ്മറി രംഗത്തെ അതികയന്മാരായ അമേരിക്കയിലെ വെസ്റ്റേണ്‍ ഡിജിറ്റല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചുള്ള റോബിന്റെ ഗവേഷണം പുരോഗമിക്കുന്നത്. മദ്രാസ് ഐ ഐ റ്റിയിലെ പഠനത്തിന് ശേഷമാണ് റോബിന് ഗവേഷണത്തിന് ജര്‍മനിയിലെത്തിയത്.
വയനാട്ടിലെ പുല്‍പ്പള്ളിയില്‍ റിട്ടയേര്‍ഡ് അധ്യാപക ദമ്പതികളായ പത്രോസിന്റെയും ഏലിയാമ്മയുടെയും മകനാണ് റോബിന്. തിരുവനന്തപുരത്തെ ‘ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി’ല്‍ ( IISER ) ഗവേഷകയായ അനു ആണ് റോബിന്റെ ഭാര്യ.
Post Your Comments