Latest NewsNewsInternationalTechnology

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആൻഡ്രോയ്ഡിന് എട്ടാം പതിപ്പ് പുറത്ത്

ന്യൂയോർക്ക്: ഗൂഗിൾ ആൻഡ്രോയ്ഡിന്റെ എട്ടാം പതിപ്പിനു പേര് ‘ഓറിയോ’. ഗൂഗിൾ ഓട്ട്മീൽ കുക്കീ, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ഓറിയോയെ തിരഞ്ഞെടുത്തത്. ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ലോഞ്ചിങ് ഇന്ത്യൻ സമയം രാത്രി 12.10ഓടെ ന്യൂയോർക്കിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

കൂടുതൽ സ്മാർട്, സുരക്ഷിതം, കരുത്താർന്നത്, കൂടുതൽ മധുരതരമാർന്നത് എന്നീ വിശേഷണങ്ങളോടെയാണ് എട്ടാം പതിപ്പിന്റെ വരവ്. അമേരിക്കയിൽ 91 വർഷത്തിനിടെ ഉണ്ടായ സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെയും വരവ്. ഗ്രഹണത്തിന് സൂര്യനും ചന്ദ്രനും ചേർന്ന് ആകാശത്ത് സൃഷ്ടിക്കപ്പെടുന്ന ‘ഒ’ ആകൃതിക്കു സമാനമാണ് ആൻഡ്രോയ്ഡ് ഒ എന്നു പറ​ഞ്ഞായിരുന്നു ഗൂഗിൾ പുതിയ പതിപ്പ് എത്തിച്ചത്.

ആൻഡ്രോയ്ഡ് വെബ്പേജിൽ ഒയുടെ റിലീസിന്റെ കൗണ്ട്ഡൗൺ ഗൂഗിൾ നടത്തിയിരുന്നു– ഇതിനൊടുവിലായിരുന്നു യൂട്യൂബ് വഴിയുള്ള ലൈവ് സ്ട്രീമിങ്. ഇത്തവണയും ആൻഡ്രോയിഡ് ഓരോ പതിപ്പിനും മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവ് ഗൂഗിൾ തെറ്റിച്ചില്ല. ആൻഡ്രോയ്ഡ് നാലാം പതിപ്പിന്(4.4) കിറ്റ് കാറ്റ് എന്നായിരുന്നു പേര്. അന്ന് കിറ്റ്കാറ്റ് നിർമാതാക്കളായ നെസ്‌ലെയുമായി സഹകരിച്ചായിരുന്നു ഗൂഗിളിന്റെ പ്രവർത്തനം. സമാനമായ രീതിയിൽ ഓറിയോ നിർമാതാക്കളായ നബിസ്കോ കമ്പനിയുമായും ഗൂഗിൾ ബന്ധം സ്ഥാപിക്കുമെന്നാണ് കരുതുന്നത്. നബിസ്കോ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കുക്കീസ് നിർമാതാക്കളാണ്.

ആൻഡ്രോയ്ഡ് ഒയുടെ പ്രധാന ഗുണം കൂടുതൽ മികച്ച ബാറ്ററി പെർഫോമൻസായിരിക്കും. ബാറ്ററിയുടെ ആയുസ്സ്കൂട്ടുക ബാക്ക്ഗ്രൗണ്ടിലുള്ള ആപ്ലിക്കേഷനുകളെ നിയന്ത്രിച്ചായിരിക്കും. നോട്ടിഫിക്കേഷനുകൾ എങ്ങനെയാണ് ഫോണിൽ ലഭിക്കേണ്ടത് എന്നതിന്മേൽ യൂസര്‍ക്ക് ‘ഒ’ വഴി കൂടുതൽ നിയന്ത്രണം ലഭിക്കും. ഇമോജികളിൽ വരുന്ന മാറ്റങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഫീച്ചറുകളാണ് ‘ഒ’യില്‍ കാത്തിരിക്കുന്നതും. ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഓപൺസോഴ്സ്പ്രോജക്ട് വഴി ഓറിയോ ലഭ്യമാകും.

ആൻഡ്രോയ് ഒ ഓപറേറ്റിങ് സിസ്റ്റം ആദ്യം വരിക ഗൂഗിൾ പിക്സൽ, ഗൂഗിൾ പിക്സൽ എക്സ്എൽ എന്നിവയിലായിരിക്കും. പിന്നീട് നെക്സസസ് 5എക്സ്, നെക്സസ് 6 പി, നെക്സസ് പ്ലേയർ, പിക്സൽ സി എന്നിവയിലും. നോക്കിയ 8ലും വൈകാതെ തന്നെ ആൻഡ്രോയ്ഡ് ഒ എത്തും. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നിവയ്ക്കും ആൻഡ്രോയ്ഡ് ഒയുടെ അപ്ഡേറ്റ് ലഭിക്കും. വൺ പ്ലസ് 3, 3ടി, 5 മോഡലുകൾക്കും അപ്ഡേറ്റ് ലഭ്യമാക്കും. ലെനോവോ കെ8ലും അസൂസ് സെൻഫോൺ 3, 4 സീരീസിലെ എല്ലാ ഫോണുകളിലും ഈ അപ്ഡേറ്റ് ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button