അബുദാബി•യുവതിയെ ജോലി വാഗ്ദാനം ചെയ്ത് അബുദാബിയില്‍ എത്തിച്ച ശേഷം വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച കേസില്‍ രണ്ട് യുവതികള്‍ വിചാരണ നേരിടുന്നു. ഒരു അറബ് കുടുംബത്തില്‍ സുരക്ഷിതമായ ഹൗസ് മെയ്ഡ് ജോലി വാഗ്ദാനം ചെയ്താണ് ആഫ്രിക്കന്‍ യുവതികള്‍, ഇരയായ യുവതിയെ യു.എ.ഇയില്‍ എത്തിച്ചത്. ഇവരുടെ വിചാരണ അബുദാബി ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.
അബുദാബിയില്‍ വിമാനമിറങ്ങിയ യുവതിയെ പ്രതികള്‍ തലസ്ഥാന നഗരിയിലെ തന്നെ ഒരു അപ്പാര്‍ട്ട്മെന്റില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. പിന്നീട് പണം ഈടാക്കി വ്യത്യസ്തരായ പുരുഷന്മാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ഒടുവില്‍ അവിടെ നിന്നും രക്ഷപ്പെട്ട യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ യുവതികള്‍ ഇരയെ നിരവധി പുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചതായി കണ്ടെത്തി.
“ഞാന്‍ ഇവിടെ എത്തിയ ശേഷം, ആ സ്ത്രീകള്‍ എന്നേ അവരുടെ അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോയി .പണത്തിന് വേണ്ടി പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ ഞെട്ടിപ്പോയി. ആവശ്യം നിരസിച്ച ഉപദ്രവിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി”- ഇരയായ യുവതി പറയുന്നു.
തെരുവില്‍ നിന്നും അവര്‍ കണ്ടെത്തുന്ന ഇടപാടുകാരോടൊപ്പം കിടക്ക പങ്കിടാന്‍ പ്രതികള്‍ നിര്‍ബന്ധിച്ചു. ചിലപ്പോള്‍, പുരുഷന്മാര് തന്നെ ഹോട്ടലുകളിലേക്ക് കൊണ്ടുപോയിരുന്നതായും യുവതി പറഞ്ഞു.
മനുഷ്യക്കടത്ത്, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂട്ടര്‍മാര്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. പരാതിക്കാരിയായ യുവതി എങ്ങനെ യു.എ.ഇയില്‍ എത്തിയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും സ്ത്രീകള്‍ കോടതിയെ അറിയിച്ചു. കേസില്‍ വാദം തുടരുകയാണ്.
Post Your Comments