ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ട്രെയിൻ ദുരന്തത്തിന് കാരണം റെയിൽവേ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെന്ന് പ്രാഥമിക നിഗമനം.
ഇന്നലെയാണ് ഉത്തര്‍പ്രദേശിലെ പുരിയിൽ നിന്ന് ഹരിദ്വാറിലേക്ക് പോയ ഉത്കൽ എക്സ്പ്രസ് മുസഫര്‍നഗറിൽ പാളം തെറ്റി അപകടമുണ്ടായത്. അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ ട്രെയിൻ കടന്നുപോയതാണ് അപകട കാരണമെന്നാണ് ആദ്യ നിഗമനം. ട്രാക്കുകളിൽ പണി നടക്കുന്ന വിവരം ജീവനക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. ലോക്കോ പൈലറ്റിനും ഇതിനെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. അറ്റക്കുറ്റപ്പണി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് പെട്ടെന്ന് ട്രെയിൻ നിര്‍ത്താൻ ശ്രമിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രാഥമിക വിവരം. അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ പരമാവധി 15 കിലോമീറ്റര്‍ വേഗത്തിൽ പോകേണ്ടിയിരുന്ന ട്രെയിൻ കടന്നുപോയത് 106 കിലോ മീറ്റര്‍ വേഗതയിലാണ്. ഇതാകാം അപകട കാരണമെന്നാണ് റെയിൽവേയുടെ നിഗമനം. അപകട കാരണത്തെക്കുറിച്ച് റെയിൽവേയുടെ അന്വേഷണം തുടരുകയാണ്. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
2.ജെഡിയുവിന് പിന്നാലെ അണ്ണാ ഡിഎംകെയും എന്‍ഡിഎയിലേക്ക് .
ഇന്നലെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ ജെഡിയു, എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായത്. ജെഡിയുവിന് പിന്നാലെ അണ്ണാ ഡിഎംകെയും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പനീര്‍ ശെല്‍വം- പളനി സാമി പക്ഷങ്ങളുടെ ലയനത്തിന് ശേഷമായിരിക്കും അണ്ണാ ഡിഎംകെ എന്‍ഡിഎയുടെ ഭാഗമാകുക. സഖ്യത്തിന്റെ ഭാഗമാകാന്‍ അണ്ണാ ഡിഎംകെയ്ക്ക് ഒരു കേന്ദ്രമന്ത്രി സ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനവുമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം.
3.കയ്യേറ്റം ആര് നടത്തിയാലും ഒഴിപ്പിക്കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍.
തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ സംബന്ധിച്ചും, അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളിലുമാണ് റവന്യു മന്ത്രിയുടെ പ്രതികരണം. തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. രണ്ട് പേര്‍ക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങളിലും സര്‍ക്കാരിന് മുന്‍ വിധികള്‍ ഇല്ല. ഭൂമി കയ്യേറ്റ ആരോപണവുമായി ബന്ധപ്പെട്ട് കളക്ടര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് നേരത്തെ കിട്ടിയിരുന്നതായും, വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഇപ്പോള്‍ കളക്ടര്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
4.ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സൈനികര്‍ക്ക് എ.സി ജാക്കറ്റുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.
സംഘര്‍ഷ മേഖലയില്‍ ജാക്കറ്റിന്റെ ഭാരം സൈനികരെ പലപ്പോഴും ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്‌നമാണ് സൈന്യം ഇപ്പോള്‍ പരിഹരിക്കാന്‍ ഒരുങ്ങുന്നത്. സൈന്യത്തിലെ പ്രത്യേക സേനയ്ക്ക് എയര്‍ കണ്ടീഷന്‍ ചെയ്ത ജാക്കറ്റുകള്‍ നിര്‍മിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയുമായി മനോഹര്‍ പരീക്കറാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക സേന നടത്തുന്ന ഓപ്പറേഷനുകളില്‍ സൈനികര്‍ വ്യായാമം നടത്തുമ്പോള്‍ അവരുടെ ശരീരത്തില്‍ ചൂട് കൂടുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എയര്‍ കണ്ടീഷന്‍ ജാക്കറ്റ് വരുന്നതോടെ ഇത് പരിഹരിക്കാന്‍ സാധിക്കുമെന്നും പ്രതിരോധമന്ത്രി പറയുന്നു.
5.രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ ആക്രമിച്ചു തകര്‍ത്ത അമേരിക്കന്‍ പടക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
യുഎസ്എസ് ഇന്ത്യാനാപൊലിസിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 72 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജാപ്പനീസ് നാവികസേന ടോര്‍പീഡോ ആക്രമണത്തിലൂടെ കപ്പല്‍ തകര്‍ത്തത്. കപ്പല്‍ നഷ്ടപ്പെട്ട കാര്യം നാലുദിവസങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക അറിഞ്ഞത്. 1200 പേരുണ്ടായിരുന്ന കപ്പലില്‍ നിന്ന് അന്ന് 800 പേര്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇവരില്‍ 600 പേര്‍ പിന്നീട് പല കാരണങ്ങളാല്‍ മരണപ്പെടുകയായിരുന്നു. ഈ അവസ്ഥയെ അതിജീവിച്ചവരില്‍ 19 പേര്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. പസഫിക് സമുദ്രത്തില്‍ ഫിലിപ്പീന്‍സ് തീരത്തിനോട് ചേര്‍ന്ന് മൂന്നര മൈല്‍ ആഴത്തിലാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ ജി അലന്റെ നേതൃത്വത്തില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് കപ്പല്‍ കണ്ടെത്തിയത്.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.എംപിമാരുടെ ഹോട്ടല്‍ താമസത്തിന് നിബന്ധന ഏര്‍പ്പെടുത്തി പ്രധാനമന്ത്രി. പൊതുമേഖല സ്ഥാപനങ്ങളുടെ കാറുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശം
2.ശിവസേനയുടെ ഒന്നാമത്തെ ശത്രു ബിജെപിയാണെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ.
3.ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല ഐക്യം ഉണ്ടാവുമെന്ന് എകെ ആന്റണി. മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
4.മന്ത്രി തോമസ് ചാണ്ടിക്കെതിരെ പുതിയ ആരോപണം. വ്യാജരേഖയുണ്ടാക്കി മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി സമീപവാസി കൈവശപ്പെടുത്തി. ഇതിന് ശേഷം 34 ഏക്കര്‍ വരുന്ന ഈ ഭൂമി തോമസ് ചാണ്ടിയുടേയും കുടുംബത്തിന്റേയും പേരിലേക്ക് മാറ്റിയെന്നാണ് ആരോപണം.
5.എസ്‍സി, എസ്ടി വിഭാഗത്തിൽപെട്ടവർക്ക് ആർമിയിൽ സംവരണം നൽകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവ്‍ലെ
6.മിനിമം ബാലന്‍സ് ഇല്ലെന്ന കാരണം പറഞ്ഞ് ഉപഭോക്താക്കളില്‍ നിന്ന് എസ്ബിഐ ഈടാക്കിയത് 235 കോടി രൂപ. 388.74 ലക്ഷം ഇടപാടുകാരില്‍ നിന്നായാണ് മൂന്ന് മാസം കൊണ്ട് ഇത്രയും തുക ഈടാക്കിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
7.ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ സംസ്ഥാനത്ത് പുതിയ വിദ്യാര്‍ഥി സംഘടന വരുന്നു. ജയിലില്‍ കഴിയുന്ന മാവോവാദി നേതാവ് രൂപേഷിന്റെ മകള്‍ ആമി ഉള്‍പ്പെടെയുള്ളവരാണ് സംഘടനയുടെ നേതൃനിരയിലുള്ളത്.
8.അരൂരില്‍ ട്രെയിന്‍ ഇടിച്ചു മൂന്നു യുവാക്കള്‍ മരിച്ചു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂവരും ട്രാക്കിലൂടെ നടക്കുമ്പോഴായിരുന്നു ട്രെയിന്‍ തട്ടിയത്.
Post Your Comments