ബാംഗളൂരു: കേരളത്തില്‍ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി തിരിച്ച് ബാംഗളൂരുവില്‍ എത്തി. വിമാനമാര്‍ഗമായിരുന്നു മഅദനിയുടെ യാത്ര. കൊച്ചിയില്‍ നിന്നുമാണ് മഅദനി ബാംഗളൂരുവില്‍ എത്തിയത്. വിചാരണകോടതിയിലും സുപ്രീം കോടതിയിലുമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ ആഗസ്റ്റ് ആറിനാണ് മഅദനി കേരളത്തിലെത്തിയത്.
മടക്കയാത്രയെ വേദനാജനകമെന്നാണ് മഅദനി വിശേഷിപ്പിച്ചത്. ആഗസ്റ്റ് ആറ് മുതല്‍ 19 വരെ കേരളത്തില്‍ തങ്ങാനായിരുന്നു സുപ്രീം കോടതി നല്‍കിയ അനുമതി. കേരളത്തില്‍ തനിക്ക് ലഭിച്ച പിന്തുണക്ക് എല്ലാവരോടും നന്ദി പറയുന്നതായി അദ്ദേഹം പ്രതികരിച്ചു. അടുത്ത വരവില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. വിചാരണ ഇനിയും വൈകിയാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും മഅദനി പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ മടങ്ങിയ മഅദനിക്കൊപ്പം കര്‍ണാടക പോലീസിലെ രണ്ടു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ഇളയ മകന്‍ സലാഹുദീന്‍, പിഡിപി ചെയര്‍മാന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. മൂത്തമകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അമ്മയെ കാണാനുമായി കേരളത്തിലെത്തിയ മഅദനിക്ക് വന്‍ സുരക്ഷയാണ് കേരള പോലീസും കര്‍ണാടക പോലീസും ഒരുക്കിയത്. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മഅദനി കേരളത്തിലെത്തിയത്.
Post Your Comments