പറവൂര്‍: സംസ്ഥാനത്ത് പുതിയ 30 തീയേറ്ററുകള്‍ ആരംഭിക്കാനായി കേരളാ ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ തീരുമാനിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. നോര്‍ത്ത് പറവൂരില്‍ ചിത്രാഞ്ജലിയുടെ നവീകരിച്ച കൈരളി, ശ്രീ തീയേറ്ററുകള്‍ ഉദ്ഘാടനം ചെയ്യുന്ന അവസരത്തിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. ഗ്രാമങ്ങളില്‍ കൂടുതല്‍ തീയേറ്ററുകള്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനു പുറമെ നൂറോളം തീയേറ്ററുകള്‍ ആരംഭിക്കാനുള്ള പദ്ധതി ആലോചനയിലുണ്ട്. പ്രവാസികളടക്കമുള്ളവര്‍ക്ക് നിക്ഷേപസൗകര്യം ഒരുക്കിക്കൊണ്ടായിരിക്കും ഇത് നടപ്പാക്കുക.
ഓരോ ജില്ലയിലും 40 കോടി ചിലവില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ നിര്‍മിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സിനിമ എത്രദിവസം ഓടണമെന്ന് ചില പ്രമുഖര്‍ തീരുമാനിക്കുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൂടുതല്‍ തീയേറ്ററുകള്‍ വരുന്നതോട് കൂടി എ ക്‌ളാസ് തീയേറ്ററുകളുടെ മേധാവിത്ത്വം അവസാനിക്കും. തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ മിനി ഫിലിം സിറ്റിയായി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പരമാവധി തീയേറ്ററുകള്‍ ഉള്‍പ്പെടുത്തിയുള്ള തീയറ്റര്‍ കോംപ്‌ളക്‌സ് ഇവിടെ നിര്‍മിക്കുന്നതിനുള്ള കരടുപദ്ധതിരേഖ തയാറായിക്കഴിഞ്ഞു. ഇതോടെ രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കാറുള്ള തീയേറ്ററുകളുടെ അപര്യാപ്തത പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.
Post Your Comments