MollywoodLatest NewsCinemaMovie SongsEntertainment

“ചാലക്കുടിക്കാരന്‍ ചങ്ങാതി” വരുന്നു; ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദീകരണവുമായി വിനയന്‍

കലാഭവന്‍ മണിയുടെ സിനിമാ കരിയറിന് മികച്ച തുടക്കം നല്‍കിയതില്‍ നിര്‍ണയാക പങ്ക് വഹിച്ച വ്യക്തിയാണ് സംവിധായകന്‍ വിനയന്‍. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടന്‍’ തുടങ്ങിയ വിനയന്‍ ചിത്രങ്ങള്‍ കലാഭവന്‍ മണിയുടെ സിനിമാ കരിയറില്‍ എന്നും എഴുതി ചേര്‍ക്കപ്പെട്ട രണ്ടു പൊന്‍ തൂവലുകളാണ്. മണിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി പുതിയൊരു ചിത്രം പറയാനുള്ള തയ്യാറെടുപ്പിലാണ് വിനയന്‍. കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ ലോകവും പ്രേക്ഷക സമൂഹവും ഇനിയും വിശ്വസിച്ചിട്ടില്ല. തന്‍റെ പുതിയ ചിത്രമായ “ചാലക്കുടിക്കാരന്‍ ചങ്ങാതി”യെക്കുറിച്ച് വിനയന്‍ ഫേസ്ബുക്കില്‍ പരാമര്‍ശിക്കുന്നത് ഇങ്ങനെ

“ചാലക്കുടിക്കാരന്‍ ചങ്ങാതി” മണിയുടെ ജീവിത കഥയല്ല… മറിച്ച്, കലാഭവന്‍ മണി എന്ന അനുഗ്രഹീത കലാകാരന്റെ ജീവിതത്തെയും പ്രതിഭയെയും അടുത്തു നിന്നു കാണാനും കേള്‍ക്കാനും കഴിഞ്ഞ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഈ കഥയുണ്ടാക്കാന്‍ എന്നെ ആ ജീവിതം സ്വാധീനിച്ചിട്ടുണ്ട് എന്നതു സത്യമാണ്.
സമൂഹത്തിന്റെ അടിസ്ഥാനവര്‍ഗ്ഗത്തില്‍ നിന്ന് ദാരിദ്ര്യത്തിന്റെയും പ്രാരാബ്ധത്തിന്റെയും തീച്ചൂളയില്‍ കുരുത്ത ഒരു മഹാപ്രതിഭ അയാളുടെ ജീവിതയാത്രയില്‍ നേരിട്ട പ്രതിബന്ധങ്ങളും മാറ്റിനിര്‍ത്തലും മാര്‍ജിനലൈസ് ചെയ്യലും ഒക്കെ രസകരമായി തരണം ചെയ്ത് ജീവിതം വെട്ടിപ്പിടിച്ചു എങ്കിലും… എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്യന്തം നാടകീയമായ ഒരവസാനരംഗമാണ് ആ മഹാനായ കലാകാരന്‍ അഭിനയിച്ചു തീര്‍ത്തത്.
ഈ ചിത്രത്തിലെ തമാശക്കാരനായ നായകന്‍ നമ്മളെ ഒത്തിരി ചിരിപ്പിക്കുന്നതു പോലെ തന്നെ കണ്ണു നിറയിക്കുകയും ചെയ്യും… കറുപ്പിനോടും അതിനെ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തോടും നമ്മുടെ സമൂഹം പുലര്‍ത്തുന്ന നീതികേടും ഈ ചിത്രത്തിലൂടെ ചര്‍ച്ച ആയേക്കാം…
കുറേ നാളുകള്‍ക്കു ശേഷം എന്റെ മനസ്സിനിഷ്ടപ്പെട്ട ഒരു കഥയും സിനിമയുമായി – വിലക്കുകളും, ഒറ്റപ്പെടുത്തലുമില്ലാതെ എന്റെ സ്വന്തം സിനിമാത്തട്ടകത്തിലേക്കു ഞാന്‍ വീണ്ടും വരികയാണ്. എല്ലാവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button