
ദിലീപ് വിഷയത്തിൽ ഇതുവരെയും പ്രതികരണങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും സിനിമാ മേഖലയിൽ നിന്നും വളരെ ചുരുക്കം ആളുകൾ മാത്രമേ അതിനു തയ്യാറായിട്ടുള്ളൂ. ഏറ്റവും ഒടുവിൽ പ്രശസ്ത നടി ശോഭന ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറയുകയുണ്ടായി. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ദിലീപിനെ കുറിച്ച് സംസാരിച്ചത്.
ദിലീപുമായി തനിക്ക് ഏതാണ്ട് 20 വർഷങ്ങൾക്കു മുൻപുള്ള പരിചയമാണെന്നും, 1997’ൽ ‘കളിയൂഞ്ഞാൽ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ദിലീപിനെ ആദ്യമായി കാണുന്നതെന്നും ശോഭന പറയുന്നു. മമ്മൂട്ടി, ദിലീപ് എന്നിവർ പ്രധാന നടനമായിരുന്ന ആ ചിത്രത്തിന്റെ സെറ്റിൽ വച്ച് ദിലീപുമായി പരിചയപ്പെടുകയും, ചുരുങ്ങിയ സമയം കൊണ്ട് നല്ല സൗഹൃദത്തിലാവുകയും ചെയ്തുവെന്നും താരം പറയുന്നു. ഷൂട്ടിങ് ഇടവേളകളിലെ ദിലീപിന്റെ രസകരമായ മിമിക്രി പ്രകടനത്തെയും ശോഭന ഓർമ്മിക്കുന്നു. പക്ഷെ നടി പീഡിപ്പിക്കപ്പെട്ട വിഷയത്തിൽ ദിലീപിന് പങ്കുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിൽ നിന്നും ശോഭന ഒഴിഞ്ഞു മാറുകയായിരുന്നു.
“അങ്ങനെയൊരു സംഭവം നടന്നതിൽ അതിയായ ദുഃഖമുണ്ട്. പ്രത്യേകിച്ച് മലയാള സിനിമയിൽ അത് സംഭവിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. പണ്ട് മുതലേ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇവിടെ. സ്ത്രീകളെല്ലാം സുരക്ഷിതരാണെന്ന് തന്നെയായിരുന്ന വിശ്വാസവും. എന്തായാലും കേരളാ പോലീസ് കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടത്തുന്നത് എന്ന് പ്രതീക്ഷിക്കുന്നു”, എന്നും ശോഭന അഭിപ്രായപ്പെട്ടു.
Post Your Comments