ഫ്രീടൗൺ: ആഫ്രിക്കൻ രാജ്യമായ സിയേറ ലിയോണിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി മരണം. അപകടത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 400 ആയി. അറന്നൂറോളം പേരെ കാണാതായെന്നും റെഡ്ക്രോസ് അറിയിച്ചു. മരങ്ങളും കെട്ടിടങ്ങളും വീണും റോഡുകളും വീടുകളും തകർന്നും രാജ്യത്ത് വലിയതോതിൽ നാശനഷ്ടമുണ്ടായി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. പ്രളയബാധിത മേഖലയിലെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് പ്രസിഡന്റ് അഭ്യർഥിച്ചു. സൈന്യവും ദുരന്തനിവാരണസേനയും തിരച്ചിൽ തുടരുകയാണ്.
ദുരന്തമുണ്ടായത് രാജ്യ തലസ്ഥാനമായ ഫ്രീടൗണിലെ റീജന്റ് ഭാഗത്തെ വലിയ കുന്ന് കനത്തമഴയിൽ ഉരുൾപൊട്ടി കുത്തിയൊലിച്ചാണ്. ചെളിയിൽ അകപ്പെട്ടുപോയവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രാഥമിക നിഗമന പ്രകാരം ദുരന്തത്തിൽ 3000 പേർക്കെങ്കിലും വീട് നഷ്ടപ്പെട്ടിട്ടുണ്ടാകും. ഇവിടെ ഞായറാഴ്ച മുതൽ കനത്ത മഴയാണ്.
താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. മഴ മാറി വെള്ളം താഴ്ന്നാൽ മാത്രമേ മരിച്ചവരുടെ എണ്ണവും അപകട തീവ്രതയും കൃത്യമായി കണക്കാക്കാൻ സാധിക്കു.ഫ്രീടൗൺ 1.2 മില്യൺ ജനം പാർക്കുന്ന തീരദേശ നഗരമാണ്. രാജ്യത്തെ 60 ശതമാനത്തിൽ അധികം ജനങ്ങളും ദാരിദ്യരേഖയ്ക്കു താഴെയാണെന്ന് യുഎൻ രേഖകൾ പറയുന്നു.
Post Your Comments