ഓണപ്പൊട്ടനില്ലാത്ത ഒരോണം ചില പ്രദേശങ്ങളിലുള്ളവർക്ക് അപൂർണ്ണമാണ്. വടക്കൻകേരളത്തിലെ പഴയ കടത്തനാട്, കുറുമ്പ്രനാട്, കോട്ടയം ദേശവാഴ്ചകളിൽപെട്ട പ്രദേശങ്ങൾ അതായത് ഇന്നത്തെ കോഴിക്കോട് ജില്ലയിൽപ്പെട്ട വടകര, കൊയിലാണ്ടി താലൂക്കുകൾ, കണ്ണൂരിന്റെ തെക്കൻഭാഗങ്ങൾ,വയനാട് പ്രദേശങ്ങളിലാണ് ഓണപ്പൊട്ടന്റെ സാന്നിധ്യം ആവശ്യമായുള്ളത്.
മഹാബലി ചക്രവർത്തിയുടെ പ്രതിരൂപമായാണ് ഓണപ്പൊട്ടന്റെ കണക്കാക്കുന്നത്. ഉത്രാടം, തിരുവോണം നാളുകളിലായി ഇന്നാട്ടിലെ വീടായവീടെല്ലാം ഇവർ കയറിയിറങ്ങും. പട്ടുവസ്ത്രമുടുത്ത്, ആഭരണങ്ങളണിഞ്ഞ് കിരീടവുംവച്ച് ഓലക്കുടയുംചൂടി ഓട്ടുമണിയും കിലുക്കിയാണ് ഓണപ്പൊട്ടൻ നടക്കുന്നത്. പല പ്രകൃതിജന്യ വസ്തുക്കളും ഓണപ്പൊട്ടന്റെ വേഷത്തിനായി ഉപയോഗിക്കുന്നു. കിരീടത്തിനായി മുരുക്കുമരം, മുടിക്കായി വാഴനാര്, കൈതയോല, കുടയ്ക്കായി പനയോല തുടങ്ങിയവ. വേഷം ധരിക്കുന്നയാൾ പത്തു ദിവസത്തെ വ്രതമെടുക്കുന്നു. വേഷം ധരിച്ചാൽ പിന്നെ സംസാരിക്കാൻ പാടില്ല.അതുകൊണ്ടാണ് ഓണപ്പൊട്ടൻ എന്ന പേര് വന്നത് തന്നെ.
സൂര്യാസ്തമനത്തിനുമുൻപ് തന്റെ പ്രജകളെയെല്ലാം കണ്ടുതീർക്കാനായി നടത്തമെന്നോ ഓട്ടമെന്നോ പറയാനാവാത്ത തരത്തിലാണ് ഓണപ്പൊട്ടൻ സഞ്ചരിക്കുന്നത്. പണ്ടൊക്കെ ഓട്ടുമണിയുടെ കിലുക്കം വളരെ ദൂരത്തുനിന്നും കേൾക്കുമ്പോൾതന്നെ വീട്ടുകാർ നിലവിളക്കുതെളിയിച്ച് ഓണപ്പൂക്കളത്തിനു സമീപം വച്ച് ഓണേശ്വരനെ വരവേൽക്കാനൊരുങ്ങും. തുടർന്ന് വീട്ടുകാരെ ആശീർവദിച്ചുകൊണ്ട് ഓണപ്പൊട്ടൻ ഒരുപിടി തെച്ചിപ്പൂവ് നൽകും. കാണിക്കയായി വീട്ടുകാർ പണമോ അരിയോ ഓണപ്പൊട്ടന് നൽകാറുണ്ട്. വീട്ടുകാരെ അനുഗ്രഹിച്ചതിനുശേഷം ഓണപ്പൊട്ടൻ അടുത്ത വീട്ടിലേക്ക് നീങ്ങും. പണ്ടുകാലങ്ങളിൽ ഓണപ്പൂക്കളത്തിനായി ഉപയോഗിച്ച പൂക്കളെല്ലാം വാരിയെടുത്ത് തിരുവോണനാൾ വൈകുന്നേരം നദികളിലോ, തോടുകളിലോ ഒഴുക്കുന്ന പതിവുണ്ടായിരുന്നു.
Post Your Comments