Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

ഒരു ലൈംഗീക തൊഴിലാളിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഒരു ലൈംഗിക തൊഴിലാളിയുടെ ഒരു ദിവസത്തെ അനുഭവങ്ങളാണ് ഈ കുറിപ്പിന് ആധാരം. ആരാണ് എഴുതിയതെന്ന് വ്യക്തമല്ലെങ്കിലും ഒരു ലൈംഗിക തൊഴിലാളിയുടെ കുറിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബന്ധങ്ങളുടെ ശൈഥില്യവും സമൂഹത്തിന്റെ ഇരട്ടത്താപ്പും വരികളിലൂടെ വരച്ചുകാട്ടുകയാണിവിടെ.

കുറിപ്പിന്റെ പൂര്‍ണരൂപം കാണാം

കഴിഞ്ഞ രാത്രി…. വിശന്ന് വലഞ്ഞ ഒരു ചെന്നായും കൂട്ടിന് ഇല്ലാതിരുന്നതിനാല്‍ വീട്ടില്‍ തന്നെ ആയിരുന്നു. രാവിലെ എഴുന്നേറ്റ് അപ്പുവിനും മാളൂനും ഇഷ്ടപ്പെട്ട മുളകരച്ച തേങ്ങാച്ചമ്മന്തിയും ദോശയും ഉണ്ടാക്കി കൊടുത്തു. രാവിലെ തന്നെ തള്ള ചൊടിപ്പിക്കുന്ന എന്തൊക്കെയോ പറഞ്ഞു തുടങ്ങി.. ഞാനതൊന്നുംകാര്യമാക്കിയില്ല..മകന്‍ ഉപേക്ഷിച്ച ഈ അകന്ന ബന്ധുവായ തള്ള കൂടി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ രാത്രി ജോലിക്ക് പോകുംമ്പോള്‍ എന്റെ മക്കള്‍ തനിച്ചാവുമായിരുന്നു…….മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ച് കഴിഞ്ഞപ്പോഴേക്കും എനിക്കൊരു കോള്‍ വന്നു.സ്ഥലം എസ്.ഐ സാറാണ്.. രാവിലെ ഒരു പതിനൊന്ന് ആകുമ്പോഴേക്കും വീട്ടില്‍ വരണം ഭാര്യ തിരുവനന്തപുരത്ത് ഒരു സെമിനാറിനു പോയേക്കുകയാണ്,പിള്ളേര് സ്‌കൂളിലും പോയി, ഇവിടെ ആരും ഇല്ല എന്നൊക്കെ പറഞ്ഞു. പോലീസുകാരനാണെങ്കിലും നെറിയുള്ളവനാണ് . കാശ് കൃത്യമായി തരും.. ഇന്ന് ആദ്യമായാണ് അയാള്‍ തന്റെ സ്വന്തം വീട്ടിലേക്ക് എന്നെ വിളിച്ചത്.. എന്തായാലും ഞാന്‍ പോകാന്‍ തീരുമാനിച്ചു.നടന്ന് കവലയില്‍ എത്തിയപ്പോള്‍ ഒരാള്‍കൂട്ടം. നോക്കിയപ്പോള്‍ അംബികാ രാജീവന്‍ ആണ്, രാജീവന്‍ വക്കീലിന്റെ ഭാര്യ….. സ്ത്രീകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി തൂലികയും നാവും പടവാളാക്കിയ വനിത… ഫെമിനിസ്റ്റ്, ഫീമെയില്‍ ഷോവനിസ്റ്റ് എന്നൊക്കെ അവരെ ആളുകള്‍ വിശേപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ആ വാക്കുകളുടെ ശരിയായ അര്‍ത്ഥം എനിക്ക്അറിയില്ലെങ്കിലും അവരോട് ഒരു ബഹുമാനം എന്റെയുള്ളില്‍ ഉണ്ട്. അതുകൊണ്ട് മാത്രമാണ് ഞാനാ കവല പ്രസംഗം കുറച്ച് നേരം കേട്ടുനിന്നത്…. സ്ത്രീ അപലയല്ല, അവള്‍ നാലു ചുവരുകള്‍ക്ക് ഉള്ളില്‍ഒതുങ്ങേണ്ടവള്‍ അല്ല എന്നൊക്കെയുള്ള സ്ഥിരം ഡയലോഗ്‌സ് ആയിരുന്നു. ഇടയില്‍ അവര്‍ ഒന്നുകൂടി പറഞ്ഞു.” സ്ത്രീ ഇന്ന് പുരുഷനില്‍ നിന്നും പൂര്‍ണ്ണമായും സ്വാതന്ത്ര്യം നേടിയിരിക്കുന്നു.

ഞങ്ങളുടെ സംഘടനകള്‍ ശക്തി പ്രാപിച്ചിരിക്കുന്നു. വരും നാളുകളില്‍ ഇവിടെ പുരുഷ മേല്‍ക്കോയ്മ പരിപൂര്‍ണ്ണമായി ഇല്ലാതാവും….” കേട്ട് നില്‍ക്കാന്‍ അധികം സമയം ഇല്ലാതിരുന്നതിനാല്‍ ഞാന്‍ അവിടെ നിന്നും നടന്ന് നീങ്ങി. ഒരു സംശയം മാത്രം ഉള്ളില്‍ ബാക്കിയായി… അവര്‍ പറഞ്ഞതു പോലെ പുരുഷ മേല്‍കോയ്മ ഇല്ലാതായാല്‍ ഇനി സ്ത്രീ പുരുഷനെ താലിചാര്‍ത്തുമോ ആവോ? അങ്ങനെ എസ്.ഐ സാറിന്റെ വീട്ടില്‍ എത്തി കൊതി മൂത്ത് നില്‍ക്കുന്ന പെരുംപാമ്പിനെ പോലെ അയാളെന്നെ വിഴുങ്ങി…

വയറു നിറഞ്ഞ ആ പാമ്പ് ചുരുണ്ടുകൂടി കിടന്നപ്പോള്‍ ഞാന്‍ ഭിത്തിയില്‍ തുങ്ങിക്കിടന്ന അയാളുടെ വിവാഹ ഫോട്ടോ ശ്രദ്ധിച്ചു.സുന്ദരിയായ പെണ്‍കുട്ടി. ഞാന്‍ അയാളോട് ഒരു മറയുമില്ലാതെ ചോദിച്ചു… ഇത്രയും നല്ല ഒരു ഭാര്യ ഉണ്ടായിട്ടും സാറെന്തിനാ എന്നെ ഇടക്ക് വിളിക്കുന്നത്? അയാളുടെ മറുപടി കേട്ട് എനിക്ക് ചിരിക്കാനാണ് തോന്നിയത്.. ‘ ദിവസവും ഒരേ കറി കൂട്ടി ചോറുണ്ണൂന്നത് എനിക്ക് ഇഷ്ടമല്ല…’ ശരിയായിരിക്കും, എന്റെ കെട്ടിയോന് വേറെ നല്ല കൂട്ട് കറികള്‍ കിട്ടിയതുകൊണ്ടാവും എന്നേം പിള്ളേരേം ഇട്ടിട്ട് പോയത്…

അവസാനം കൃത്യമായ കാശും തന്ന് സാറെന്നെ പറഞ്ഞു വിട്ടു. വീട്ടില്‍ എത്തിയപ്പോള്‍ കുട്ടികള്‍ വന്നിട്ടുണ്ടായിരുന്നു. അങ്ങനെ അവരോട് കുശലം പറഞ്ഞിരിക്കുംമ്പോള്‍ ആണ് അടുത്ത കോള്‍ വന്നത്.. ഏജന്റ് രമേശനാണ്… ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ ഒരു കസ്റ്റമറെ കിട്ടി.

ബോംബെയിലെ മലയാളിയായ ഒരു കാശുകാരനാണ് പോലും… രാത്രി ഒന്‍പത് മണി കഴിഞ്ഞ് എനിക്ക് തിരിച്ചു പോരാം.. അതു വരെ മതി.. ഞാന്‍ അധികം താമസിയാതെ വീട്ടില്‍ നിന്നും ഇറങ്ങി. ഹോട്ടലിന് മുന്നില്‍ എത്തി. രമേശന്‍ അവിടെ ഉണ്ടായിരുന്നു. ആദ്യമായിട്ടാണ് ഞാന്‍ ഈ ഹോട്ടലില്‍ കയറുന്നത്. ഫൈവ് സ്റ്റാര്‍ ആണു പോലും. രമേശന്‍ എന്നെ കസ്റ്റമറുടെ അടുത്ത് എത്തിച്ച് തിരിച്ചു പോയി… ആര്‍ത്തി കുറഞ്ഞ ഒരു പാമ്പായിരുന്നു അയാള്‍. ഒരുപാട് നേരം സംസാരിച്ചതിനു ശേഷമാണ് അയാളെന്നെ വിഴുങ്ങിയത്… ഇടയ്ക്ക് അയാള്‍ എന്റെ കണ്ണൂകളിലേക്ക് നോക്കി ചോദിച്ചു നിനക്ക് ക്ലാരയെ അറിയാമോ എന്ന്… ഞാന്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ആരാണ് ക്ലാര എന്ന ? ചോദ്യത്തിന് അയാളൊന്ന് ചിരിക്കുക മാത്രമാണ് ചെയ്തത് .

എല്ലാം കഴിഞ്ഞ്കൃത്യമായ കാശും മേടിച്ച് ഞാന്‍ റൂമിന് പുറത്തേക്ക് ഇറങ്ങി. തൊട്ടടുത്ത റൂമിലേക്ക് ഒരാളുടെ കൈ പിടിച്ച് നടന്ന് കയറിപ്പോയ സ്ത്രീയെ എവിടെയോ കണ്ടതു പോലെ… അതേ ഇത് അവള്‍ തന്നെയാണ്… എസ്.ഐ സാറിന്റെ വീട്ടിലെ ഫോട്ടോയില്‍ കണ്ട സ്ത്രീ.. അയാളുടെ തിരുവനന്തപുരത്ത് പോയ അതേ ഭാര്യ… ഒരു ഞെട്ടലോടെയാണ് ഞാന്‍ ലിഫ്റ്റില്‍ കയറിയത്… ഇവള്‍ക്കും ചിലപ്പോ എസ്.ഐ സാര്‍ പറഞ്ഞത് പോലെ ദിവസേനയുള്ള കറി മടുത്തിട്ടുണ്ടാവും… ലിഫ്റ്റില്‍ ഞാന്‍ താഴെയെത്തി.. ഹോട്ടലിന് പുറത്തേക്ക് നടന്നു. വഴിയില്‍ കണ്ട ഒരു ഹോട്ടലില്‍ കയറി മക്കള്‍ക്ക് വേണ്ടിഭക്ഷണം മേടിച്ച് ഇരുളിലൂടെ നടന്നു.അറിയാതെ എന്റെ കണ്ണില്‍ ഒരു കാഴ്ച കുരുങ്ങി..ഇരുളില്‍ ഒരു കാറിന് മറവില്‍ നിന്ന് പരസ്പരം ചുംബിക്കുന്ന രണ്ട് പേര്‍… അതിലെ സ്ത്രീ എനിക്ക് പരിചിത ആയിരുന്നു. സ്വതന്ത്രയായ അംബികാ മാഡം.പക്ഷേ കൂടെയുണ്ടായിരുന്നത് അവരുടെ ഭര്‍ത്താവ് വക്കീല്‍ സാര്‍ ആയിരുന്നില്ല..കണ്ണിലുടക്കിയ കാഴ്ച മായിച്ചു കളഞ്ഞ് ഞാന്‍ ധൃതിയില്‍ നടന്നു.

സത്യത്തില്‍ ഇതായിരുന്നോ അവര്‍ പറഞ്ഞ സ്വാതന്ത്ര്യം എന്ന ഒരു ചോദ്യം മാത്രം ബാക്കിയായി.
ഇപ്പോള്‍ ഞാന്‍ വീട്ടിലാണ്… കുട്ടികള്‍ ഉറങ്ങി. ഇന്നത്തെ ഈ ഡയറിയും ഞാനിവിടെ എഴുതിത്തീരുകയാണ്.

അതിനു മുന്‍പ് ഒരു കാര്യം… എന്നെ മാത്രമേ വരും നാളുകളിലും ജനം വേശ്യയെന്ന് വിളിക്കൂ.. കാരണം ഞാന്‍ മാത്രമാണ് വേശ്യ… അവര്‍ ഭാര്യയാണ്, അമ്മയാണ്, ഉദ്യോഗസ്ഥരാണ്, വലിയ ആളുകളുടെ ഭാര്യമാരാണ്..
ഞാനാണ് വേശ്യ…
ഞാന്‍ മാത്രമാണ് വേശ്യ…!

shortlink

Related Articles

Post Your Comments

Related Articles


Back to top button