ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ മൊബൈൽ സേവനദാതാക്കളുടെ കോൾ നിരക്കുകൾ സുതാര്യമാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഉടൻ തന്നെ ട്രായ് വെബ്സൈറ്റിൽ താരിഫ് നിരക്കുകൾ പ്രസിദ്ധീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു. ട്രായുടെ ഈ പുതിയ നീക്കം മൊബൈൽ കോൾ നിരക്കുകൾ കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ മുന്നോടിയായാണ്.
ട്രായ് രാജ്യത്തെ ടെലികോം മേഖലയില്‍ സുതാര്യ വിപ്ലവത്തിനൊരുങ്ങുകയാണ്. ഇലക്ട്രോണിക് രീതിയില്‍ താരിഫ് നിരക്കുകള്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 24,000 താരിഫ് നിരക്കുകള്‍ വിവിധ മൊബൈല്‍ സേവന ദാതാക്കള്‍ പ്രതിവര്‍ഷം പ്രഖ്യാപിക്കുന്നുണ്ടെന്നാണ് കണക്ക്. ട്രായ് വെബ്സൈറ്റില്‍ അധികം വൈകാതെ ഇവ പ്രസിദ്ധീകരിക്കും. ഇതോടെ ഉപയോക്താക്കള്‍ക്ക് കൃത്യമായി താരിഫ് നിരക്കുകള്‍ തെരഞ്ഞെടുക്കാനാവും.
ഒരു നെറ്റ്‍വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്ജ് കുറയ്ക്കാനും ട്രായ് ധാരണയായിരുന്നു. ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്ജായി നിലവില്‍ മിനിറ്റിന് 14 പൈസയാണ് ഉപയോക്താക്കളില്‍ നിന്ന് മൊബൈല്‍ കമ്പനികള്‍ ഈടാക്കുന്നത്. ഇത് 10 പൈസയില്‍ താഴെ ആക്കാനാണ് ട്രായുടെ നീക്കം. ഇതോടെ മൊബൈല്‍ കോള്‍ നിരക്കുകളില്‍ ഗണ്യമായ കുറവുണ്ടാകും.
Post Your Comments