തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് അനുമതിയില്ലാതെ വയര്‍ലെസ് സെറ്റ് വാങ്ങിയത് സംബന്ധിച്ച് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. തിരുവനന്തപുരം പൂജപ്പുര വട്ടവിള സ്വദേശിയും ക്ഷേത്രത്തിലെ മുന്‍ പിആര്‍ഒയുമായ ബബ്‌ലു ശങ്കര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. സുപ്രീംകോടതി നിയോഗിച്ച ക്ഷേത്രഭരണസമിതിയുടെ അനുവാദമില്ലാതെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് പത്തുവയര്‍ലെസ് സെറ്റുകള്‍ വാങ്ങിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
2016 ആഗസ്റ്റ് 31 നാണ് പത്ത് വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയത്. ഇതില്‍ നാലെണ്ണം ക്ഷേത്രത്തിനുള്ളില്‍ ഉപയോഗിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കോ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കോ ഈ വയര്‍ലെസ് സെറ്റുകള്‍ കൈവശം വയ്ക്കാനോ പ്രവര്‍ത്തിപ്പിക്കാനോ അനുമതി ലഭിച്ചിരുന്നില്ല.
അതിനാല്‍ ഇവ പിടിച്ചെടുക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് ക്ഷേത്രം ഭരണസമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ ജഡ്ജി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അന്വേഷണം മരവിച്ചിരിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
Post Your Comments