മുംബൈ : പതിമൂന്നുകാരി ആറര മാസം ഗര്‍ഭിണി. മകളുടെ അമിതഭാരത്തിന് ചികിത്സ തേടി സ്വകാര്യ ക്ലിനിക്കില്‍ ചെന്നപ്പോഴാണ് ആറരമാസം ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിയുന്നത്. വിവരമറിഞ്ഞ ശേഷം കടുത്ത മാനസികാഘാതത്തിലായ പെണ്‍കുട്ടി ഒന്നും സംസാരിക്കുന്നില്ല. ക്ലിനിക്കില്‍ നിന്നുള്ള നിര്‍ദേശപ്രകാരം മാതാപിതാക്കള്‍ ഗൈനക്കോളജിസ്റ്റ് ഡോ. നിഖില്‍ ദാത്തറിനെ സമീപിക്കുകയും അദ്ദേഹം പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പീഡനത്തിനും കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമത്തിനും കേസ് എടുത്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ശ്രീരംഗ് നാദ്ഗൗഡ പറഞ്ഞു. ഇതോടെ പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ മാതാപിതാക്കള്‍ മകളുടെ ഗര്‍ഭഛിദ്രത്തിന് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. മുംബൈയ്ക്ക് സമീപം ഗൊരേഗാവില്‍ താമസിക്കുന്ന കുടുംബമാണ് കോടതിയുടെ അനുമതി തേടുന്നത്. കുടുംബത്തിന് പരിചയമുള്ളയാളാണ് പീഡിപ്പിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രസവത്തിലേക്കു നീങ്ങാനുള്ള ആരോഗ്യസ്ഥിതി പെണ്‍കുട്ടിക്കില്ലെന്ന വിലയിരുത്തലില്‍ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി (എംടിപി) ആക്ട് പ്രകാരം 20 ആഴ്ച വരെയുള്ള ഭ്രൂണമേ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കാനാവൂ.
സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഗൈനക്കോളജിസ്റ്റും പറഞ്ഞു. ചണ്ഡിഗഡിലെ പത്തുവയസ്സുകാരിയുടെ ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി തള്ളി രണ്ടാഴ്ച പിന്നിടുമ്പോഴാണ് സമാനമായ കേസില്‍ പുതിയ ഹര്‍ജി സുപ്രീംകോടതി മുമ്പാകെ എത്തുന്നത്. പത്തുവയസ്സുകാരിയുടെ ജീവന്‍ അപകടത്തിലാവുമെന്ന വിലയിരുത്തലിലാണ് എട്ടുമാസമായ ഗര്‍ഭം അലസിപ്പിക്കാനുള്ള അപേക്ഷ നേരത്തേ സുപ്രീംകോടതി തള്ളിയത്.
Post Your Comments