മിര്‍സാപൂര്‍: നാട്ടിലെ പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് ഗ്രാമുഖ്യന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തിന് വേദിയായത്. പിറന്നാൾ ആഘോഷം ക്ലാസ്മുറികളെ ഡാന്‍സ്ബാറുകളാക്കി മാറ്റി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
ക്ലാസ്മുറി നിറയെ ചിതറിക്കിടക്കുന്ന മദ്യക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളുമാണ് പിറ്റേന്ന് സ്‌കൂളിലെത്തിയ കുട്ടികള്‍ കാണുന്നത്. ഇതിനെല്ലാം പുറമേ അധികൃതർ സ്‌കൂള്‍ വൃത്തിയാക്കുന്ന ജോലി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കൊണ്ട് ചെയ്യിപ്പിച്ചു.
ഡാന്‍സ് ബാറില്‍ നടന്ന ആഘോഷങ്ങളുടെ വീഡിയോയും പ്രചരിച്ചിരുന്നു. രണ്ട് യുവതികള്‍ ഭോജ്പുരി ഗാനങ്ങള്‍ ഇട്ടായിരുന്നു നൃത്തം ചെയ്തത്. ഇവര്‍ക്ക് ചുറ്റും കൂടിയ പുരുഷന്മാരാകട്ടെ പണവും വലിച്ചെറിയുന്നുണ്ട്. വീഡിയോ പ്രചരിച്ചതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
തിങ്കളാഴ്ച രക്ഷാബന്ധന്‍ പ്രമാണിച്ച് സ്‌കൂളിന് അവധിയായിരുന്നു. ഈ അവസരം മുതലാക്കിയാണ് ഗ്രാമമുഖ്യന്‍ സ്‌കൂളിനെ ഡാന്‍സ് ബാര്‍ ആക്കിയത്. ശനിയാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോള്‍ ഗ്രാമമുഖ്യന്‍ സ്‌കൂളിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നതായി പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ കാരണം വ്യക്തമാക്കിയിരുന്നില്ല.
Post Your Comments