Latest NewsNewsIndia

ഭാര്യയുമായി അവളുടെ താത്പ്പര്യത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് സുപ്രീംകോടതി

 

ന്യൂഡല്‍ഹി : വിവാഹബന്ധത്തില്‍ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ബലാത്സംഗത്തെ സംബന്ധിച്ചു പറയുന്ന 375-ാം വകുപ്പില്‍ 15 വയസിനുമുകളില്‍ പ്രായമുള്ള ഭാര്യയുമായി അവളുടെ താത്പര്യത്തിന് വിരുദ്ധമായി ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമല്ലെന്ന് വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.

നിലവിലുള്ള നിയമപ്രകാരം 15 വയസ്സിന് താഴെ പ്രായമുള്ള ഭാര്യയുമായി അവളുടെ സമ്മതപ്രകാരമോ അല്ലാതെയോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാണ്. ഇത് ബലാത്സംഗമായി പരിഗണിക്കും. എന്നാല്‍ ഭാര്യയ്ക്ക് 15 വയസ് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ 18-നു താഴെ ആണെങ്കിലും ബലാത്സംഗമായി കണക്കാക്കില്ല- കോടതി നിരീക്ഷിച്ചു.

15-നും 18-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ പുരുഷന് അനുമതി നല്‍കുന്ന നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് ഇന്‍ഡിപെന്‍ഡന്റ് തോട്ട് എന്ന സന്നദ്ധ സംഘടനയാണ് കോടതിയെ സമീപിച്ചത്. നിയമപരമായി വിവാഹം കഴിക്കാനുള്ള പ്രായം 18 ആയിരിക്കേ 15-നും 18-നും ഇടയില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് സാധുത നല്‍കുന്നതിനെയാണ് സന്നദ്ധ സംഘടന ചോദ്യം ചെയ്തത്.

ഈ വിഷയം നേരത്തേ വിശദമായി ചര്‍ച്ച ചെയ്ത പാര്‍ലമെന്റ് വൈവാഹിക ബലാത്സംഗത്തെ കുറ്റകരമായി കാണാനാവില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. അതിനാല്‍ ഇതിനെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാവില്ല-ജസ്റ്റിസുമാരായ എം.ബി.ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2012-ല്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ ജസ്റ്റിസ് വര്‍മ കമ്മിഷനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. സ്ത്രീയുടെ സമ്മതമില്ലാതെ നടക്കുന്ന വൈവാഹിക ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കണമെന്ന ഭേദഗതി ജസ്റ്റിസ് വര്‍വ കമ്മിറ്റി മുന്നോട്ടുവെച്ചു. അന്ന് ആ ഭേദഗതി പാര്‍ലമെന്റ് തള്ളിക്കളഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button