കൊച്ചി: തിരുവനന്തപുരം കിംസ് മെഡിക്കല്‍ കോളജിന്റെ പത്താം നിലയില്‍ നിന്നും ചാടി മരിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ സംഭവത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ബധിരരും മൂകരുമായ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജ്ജി തീര്‍പ്പാക്കി കൊണ്ട് കേരള ഹൈക്കോടതി പുതിയ ഉത്തരവിറക്കി. മാതാപിതാക്കള്‍ ആരോപിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയുവാനുള്ള ബാധ്യത അന്വേഷണ സംഘത്തിനുണ്ട് എന്നും വിധിയില്‍ പറയുന്നു. പുനരന്വേഷണം നടത്തി പരാതിക്കാര്‍ക്ക് അവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും ഈ ഹര്‍ജ്ജിക്കാരുടെ അവകാശം നില നിര്‍ത്തുന്നതായും ഹൈക്കോടതി ഉത്തരവ് ചെയ്തു.
ഈ സംഭവത്തില്‍ ഇതുവരെ ഒരു എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇല്ലാത്തതുമാണ്. ആദ്യം കേസ് അന്വേഷിച്ച എസിപി ബൈജു, കടുത്ത മാനസിക പീഢനത്തിനെ തുടര്‍ന്നാണ് കുട്ടി ഇപ്രകാരം ഒരു പ്രവര്‍ത്തി ചെയ്തത് എന്ന് കണ്ടെത്തിയിരുന്നു. എങ്കിലും പിന്നീട് അന്വേഷണം, നടത്തിയത് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്. ഡിവൈഎസ്പി സുരേന്ദ്രന്‍ ഹൈക്കോടതി മുന്‍പേ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റോജിയുടെ ആത്മഹത്യയാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇരുവശത്തെയും വാദങ്ങള്‍ കേട്ട ഹൈക്കോടതി മേല്‍ കേസില്‍ ഇന്ന് വിധി പുറപ്പെടുവിക്കുകയായിരുന്നു.റോജി റോയിക്ക് നീതി ലഭിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി സോഷ്യല്‍ മീഡിയ കരിദിനം ആചരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈല്‍ പിക്ചര്‍ കറുത്ത നിറത്തില്‍ ആക്കി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. റോജി റോയ് എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതിഷേധങ്ങള്‍ വ്യാപിച്ചത്.
2014 നവംബര്‍ ആറാം തീയതിയാണു റോജിയെ കിംസ് ആശുപത്രിയിലെ പത്താം നിലയില്‍ നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. റോജി ചാടി മരിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ ആശുപത്രി അധികൃതരുടെ വാദം വിശ്വാസ യോഗ്യമല്ലെന്നും റോജി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നത്. ഇതിന് പുറമെ ബധിരരും മൂകരുമായ രക്ഷിതാക്കളെ കോളജിലേക്ക് വിളിച്ചു വരുത്താനും അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി റോജി ജീവനൊടുക്കിയതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ ബൈജു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റാഗിങിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ പ്രിന്‍സിപ്പല്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് റോജി പറഞ്ഞിരുന്നതായി സുഹുത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്തായാലും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിധി മാതാപിതാക്കള്‍ക്ക് പിന്തുണ അറിയിക്കുന്നതാണ്.
Post Your Comments