ആഹാരത്തിന്റെ പ്രധാന ധര്‍മം ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നതാണെങ്കിലും നാം ഭക്ഷണം കഴിക്കുന്നത് മിക്കപ്പോഴും അതിന്റെ പോഷകഗുണം നോക്കിയല്ല എന്നതാണ് സത്യം. ഫാസ്റ്റ് ഫുഡ് സെന്ററുകളിലും ബ്രാന്‍ഡഡ് റെസ്റ്റോറന്റ് ചെയിനുകളിലും ചൈനീസ് റെസ്റ്റോറന്റുകളിലും കിട്ടുന്ന ഈ രുചിയുടെ രഹസ്യം അവയില്‍ പലതിലും ചേര്‍ക്കുന്ന അജിനോമോട്ടോ എന്ന ഉപ്പാണ്.
ഇതിന്റെ യഥാര്‍ഥ പേര് മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്(എം.എസ്.ജി) എന്നാണ്. പ്രകൃതിദത്തമായ നോണ്‍ എസന്‍ഷ്യല്‍ അമിനോ ആസിഡ് വിഭാഗത്തില്‍പ്പെട്ട ഗ്ലൂട്ടാമിക് ആസിഡിന്റെ ഒരു ലവണമാണിത്. വെളുത്ത ചെറിയ പരല്‍ രൂപത്തിലുള്ള ഒരു പൊടിയാണിത്. 1907-ല്‍ ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ കിക്കുണോ ഇക്കേഡ എന്ന ഗവേഷകനാണ് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ആദ്യമായി വേര്‍തിരിച്ചെടുത്തത്.
ആരംഭകാലത്ത് ചില കടല്‍സസ്യങ്ങളില്‍ നിന്നുമാത്രം വേര്‍തിരിച്ചെടുത്തിരുന്ന ഇത് ഇന്ന് പഞ്ചസാരയില്‍ നിന്നും മൊളാസസ്സില്‍ നിന്നുമൊക്കെ ഉത്പാദിപ്പിക്കുന്നുണ്ട്. ചൈനീസ് ഭക്ഷണപദാര്‍ഥങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്ത് അജിനോമോട്ടോ ഉപയോഗിച്ചിരുന്നതെങ്കിലും ഇന്ന് മിക്കവാറും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലും ഇതിന്റെ സാന്നിധ്യമുണ്ട്. സോസുകള്‍, സലാഡ് ഡെസിങ്‌സ്, ടൊമാറ്റോ പേസ്റ്റ്, റെഡിമെയ്ഡ് ഗ്രേവികള്‍, പൊട്ടറ്റോ ചിപ്‌സ്, സംസ്‌കരിച്ച ഇറച്ചികള്‍, ചൈനീസ് ഡിഷുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
രുചികൂട്ടാം എന്ന ഒരൊറ്റഗുണം മാറ്റിനിര്‍ത്തിയാല്‍ ദോഷങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട് അജിനോമോട്ടായ്ക്ക്. ഇതിന്റെ ഉപയോഗം മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൊതുവായി ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം എന്ന് പറയുന്നു. ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പുകൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവാം. ഇവ കൂടാതെ വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, ഉറക്കക്കുറവോ അമിതമായ ഉറക്കമോ, അപസ്മാരം, അവ്യക്തമായ സംസാരം എന്നിവയും ഈ വസ്തുവിന്റെ ഉപയോഗം മൂലം ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ദീര്‍ഘകാലമായുള്ള ഉപയോഗം മൂലം ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ ഉണ്ടായേക്കാം. ആസ്ത്മ, മൈഗ്രേന്‍ എന്നിവ ഉള്ളവരില്‍ അവയുടെ തീവ്രത കൂടുന്നു. ഹൃദ്രോഗികളില്‍ അഞ്ചൈന, അരിത്തമിയ (ഹൃദയമിടിപ്പിലെ താളപ്പിഴകള്‍) എന്നിവയും ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും ഉണ്ടാവാനും ഇടയുണ്ട്.
രക്തസമ്മര്‍ദം അമിതമായി ഉയരാനോ ചിലപ്പോള്‍ തീരെ താഴാനോ സാധ്യതയുണ്ട്. പൊണ്ണത്തടിയാണ് മറ്റൊരു പ്രശ്‌നം. അജിനോമോട്ടോയുടെ നേരിട്ടുള്ള പ്രവര്‍ത്തനഫലമായും രുചിമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനാലുമാണിത്.
Post Your Comments