മൂന്നാർ: മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിയില്ലാതെ ഒരു നിർമാണവും പാടില്ലെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനുശേഷവും മൂന്നാറിൽ അനധികൃത നിർമാണങ്ങൾ തകൃതിയായി മുന്നേറുകയാണ്. രണ്ടരമാസം മുമ്പുണ്ടായ ഉത്തരവ് സംബന്ധിച്ച നിർദേശം ബോർഡിൽനിന്ന് നോട്ടീസായി അടുത്തനാളിലാണ് മൂന്നാർ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ലഭിക്കുന്നത്.
ഉത്തരവിനും നോട്ടീസിനുമിടയിലെ ദിവസങ്ങളിൽ മാത്രം റിസോർട്ടുകൾക്കടക്കം മൂന്നാർ മേഖലയിലെ 32 സ്ഥാപനങ്ങൾക്കാണ് അനുമതി നൽകിയത്. കെട്ടിടം നിര്‍മിക്കാൻ പഞ്ചായത്തിന്റെയും കൂടാതെ റവന്യൂ വകുപ്പിന്റെയും അനുമതി ഉറപ്പാക്കണമെന്നും മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ സമ്മതത്തോടെയല്ലാതെ ലൈസൻസ് നൽകുന്നത് നിയമപരമാകില്ലെന്നുമാണ് മേയ് 29ന് ഹരിത ട്രൈബ്യൂണൽ ദക്ഷിണമേഖല ബെഞ്ച് വ്യക്തമാക്കിയത്.
എന്നാൽ, ഇതിനുശേഷമാണ് മൂന്നാർ പഞ്ചായത്ത് വിവിധ കച്ചവടസ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിച്ചത്. ഇവയിലൊന്നും മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതി ഉറപ്പാക്കിയിട്ടില്ല.ഏലപ്പട്ടയഭൂമിയിൽ വരുന്ന പ്രദേശങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അധികൃതരെയും സ്വാധീനിച്ചാണ് വൻ വൃക്ഷങ്ങൾ മുറിച്ചുമാറ്റിയും പാറകൾ പൊട്ടിച്ചുമുള്ള നിർമാണം നടക്കുന്നത്.
Post Your Comments