കൊച്ചി: മണിചെയിന്‍ മോഡല്‍ തട്ടിപ്പ് അന്വേഷണം വഴിത്തിരിവില്‍. മണി ചെയിൻ മോഡലിൽ 100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ഇപ്പോൾ വഴിത്തിരിവുണ്ടായിരിക്കുന്നത്. വിദേശ മലയാളിയായ സിനിമാ നിര്‍മ്മാതാണ് കേരളത്തിലെ പ്രധാനിയെന്നും ഇയാളെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പോലീസ് പുറത്തു വിട്ടിട്ടില്ല. അതേസമയം കേസിലെ പ്രതികളെല്ലാം ബംഗളൂരുവിലേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി മണിചെയിന്‍ മോഡലില്‍ തട്ടിപ്പ് നടത്തിയത് ഓഷ്യന്‍ ട്രെയിനിംഗ് സൊല്യൂഷന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ മറവിലാണ്. കേസിലെ മുഖ്യ പ്രതികളുടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. പ്രതികളെല്ലാം ഒരേ ഒളിസങ്കേതത്തിലാണോ, അതോ പല കേന്ദ്രങ്ങളിലാണോ എന്നും അന്വേഷിക്കുന്നുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചാല്‍ ഒരു സംഘം പോലീസ് ബംഗളൂരുവിലേക്ക് തിരിക്കും.
ഓഷ്യന്‍ ട്രെയിനിംഗ് സൊല്യൂഷന്‍സ് എന്ന പേരില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യൂനെറ്റിന്റെ ഇന്ത്യയിലെ സ്ഥാപനമായ വിഹാന്‍ ഡയറക്‌ട് സെല്ലിംഗ് കമ്പനിയുടെ കേരളത്തിലെ ഫ്രാഞ്ചൈസി പോലെയാണ്. കമ്പനിയില്‍ വിദ്യാസമ്പന്നരായ നിരവധി യുവാക്കളെ ചേര്‍ത്താണ് പണം തട്ടിയെടുത്തത്.
തട്ടിപ്പ് നടത്തിയത് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓഫീസ് തുറന്നായിരുന്നു. അതേസമയം, കഴിഞ്ഞദിവസം പണം നഷ്ടപ്പെട്ടവര്‍ എറണാകുളത്തുള്ള സ്ഥാപനത്തിലെത്തി ബഹളംവച്ചെങ്കിലും ഇവരെ തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മണിചെയിന്‍ തട്ടിപ്പ് പുറത്തായത്.
2013ല്‍ ക്യൂനെറ്റ് കമ്പനിക്കെതിരെ മുംബൈ പോലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ചുലക്ഷം നിക്ഷേപകരില്‍ നിന്നായി ആയിരം കോടിയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിലെ പ്രധാനി മൈക്കല്‍ ഫെരേരയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. തുടര്‍ന്ന് കമ്പനിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും വെബ് സൈറ്റ് നിരോധിക്കുകയും ചെയ്തു. ഇതോടെ ക്യൂനെറ്റ് സ്റ്റോര്‍ ഡോട്ട് നെറ്റ് എന്ന പേരില്‍ വെബ് സൈറ്റ് ആരംഭിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
Post Your Comments