കന്നി മൂലയ്ക്ക് (തെക്കുപടിഞ്ഞാറ്) കുറ്റിയടിച്ച് തേങ്ങയുടച്ച് വെറ്റിലവച്ച് പുണ്യകര്‍മം ചെയ്തിട്ടേ പഴയ ആശാരിമാര് വീടിന് സ്ഥാനമുറപ്പിക്കൂ. മുസ്ലിംകളുടെ വീടായാലും ശരി നിര്‍മ്മാണം കഴിഞ്ഞാല്‍ കുറ്റിപ്പൂജ (കുറ്റൂസ എന്ന് പാഠഭേദം) നടത്തിയേ ഗൃഹപ്രവേശം നടത്തൂ. വീടിന്റെ പണി പൂര്‍ത്തിയായാല്‍ വാസ്തുദേവനെ ഉദ്ദേശിച്ച് തച്ചന്മാര് നടത്തുന്ന പൂജ എന്നാണ് `കുറ്റിപൂജ’ യുടെ അര്‍ഥമെന്ന് ശ്രീകണ്ഠേശ്വരംസാക്ഷ്യപ്പെടുത്തുന്നു. ഇസ്ലാമിക ദൃഷ്ട്യാ നല്ല സമയമെന്നോ ചീത്ത സമയമെന്നോ ഉള്ള സങ്കല്പമില്ല. ശകുനവും ദുശ്ശകുനവും ഇല്ല. നമുക്ക് സൗകര്യപ്പെടുന്ന ദിവസം, സൗകര്യപ്പെടുന്ന സമയത്ത്, ബിസ്മി ചൊല്ലി പുതിയ വീട്ടില്‍ താമസം തുടങ്ങുക. അങ്ങനെയാണ് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്. വീട്ടിലേക്ക് കടന്നുചെല്ലുമ്പോള്‍, എല്ലാ ദിവസവും പ്രാര്‍ഥിക്കാന്‍ നബി(സ) പഠിപ്പിച്ച ദുആ നിര്‍ബന്ധമായും ചൊല്ലിയിരിക്കണം.. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് സദ്യയുണ്ടാക്കി സന്തോഷത്തില്‍ പങ്കാളികളാക്കുന്നതില്‍ യാതൊരുവിധ തെറ്റും ഇല്ല. കെട്ടിക്കുടുക്കുകളോ സങ്കീര്‍ണതകളോ ഇല്ലാത്ത ഇസ്ലാമിന്റെ സുതാര്യ സമീപനത്തെ ഇറക്കുമതി ചെയ്ത അന്ധവിശ്വാസങ്ങളില്‍ കെട്ടി ദുര്‍ഗ്രഹവും ദുസ്സഹവും ആക്കാതിരിക്കുക. മുസ്ലിം എന്ന നിലയില്‍ നാം വീടുനിര്‍മിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം. ആവശ്യത്തിലേറെയുള്ള വീടിന്റെ മുറികള്‍ പിശാചിന്റെ കേന്ദ്രമാണ്. വീടിനുള്ളില്‍ നമസ്കാരത്തിന് പ്രത്യേകം ഇടം കരുതിവയ്ക്കുന്നത് അഭികാമ്യമാണ്. വീടിനകത്ത് വിശുദ്ധ ഖുര്‍ആന്‍ പാരായണം വേണം. കൂടാതെ, ദൈവത്തില്‍ ഭരമേല്പിക്കുന്ന പ്രാര്‍ഥനയോടെ നിത്യവും വീടുവിട്ടിറങ്ങണം. ദൈവാനുഗ്രഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ടും ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയണമെന്ന് പ്രാര്‍ഥിച്ചുകൊണ്ടും വീട്ടില്‍ പ്രവേശിക്കണം. ഇതെല്ലാം പ്രവാചകന്(സ) പഠിപ്പിച്ച മര്യാദകളാണ്. ഇതിലപ്പുറം വച്ചുപുലര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍ ഇസ്ലാമില്‍ നിന്നും അന്യമാണ്. |
Post Your Comments